Big stories

നോട്ട് നിരോധനം ശരിവച്ച് സുപ്രിംകോടതി; വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് ബി വി നാഗരത്‌ന

നോട്ട് നിരോധനം ശരിവച്ച് സുപ്രിംകോടതി; വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് ബി വി നാഗരത്‌ന
X

ന്യൂഡല്‍ഹി: നോട്ടുനിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച്. അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ നപടിയെ അനുകൂലിച്ചു. അതേസമയം, ജസ്റ്റിസ് നാഗരത്‌ന വിയോജിപ്പ് രേഖപ്പെടുത്തി. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആര്‍ ഗവായ് വായിച്ചു. ജസ്റ്റിസ് ബിവി നാഗരത്‌ന വിയോജിച്ചുകൊണ്ടുള്ള തന്റെ ഭിന്ന വിധിയും വായിച്ചു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് വിധിച്ചത്. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ വലിയ സംയമനം പാലിക്കേണ്ടതുണ്ട്. നോട്ട് നിരോധനം ലക്ഷ്യപ്രാപ്തി നേടിയോ എന്നത് പ്രാധാന്യമുള്ളതാണ്.

എല്ലാം ശരിയാക്കാന്‍ 52 ദിവസം നിശ്ചയിച്ചത് യുക്തിരഹിതമെന്ന് പറയാന്‍ കഴിയില്ല. തീരുമാനിച്ചത് കേന്ദ്രമായതിനാല്‍ നടപടി തെറ്റെന്ന് പറയാന്‍ കഴിയില്ലെന്നും നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. നിരോധനത്തില്‍ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അര്‍ഥം നല്‍കാനാവില്ല. രേഖകള്‍ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകള്‍ നടത്തിയെന്നാണ്. ആവശ്യമെങ്കില്‍ റെഗുലേറ്ററി ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം സര്‍ക്കാരിന് തീരുമാനമെടുക്കാം.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു എന്നതുകൊണ്ടുമാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ വിധി. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും നാഗരത്‌നയുടെ വിധിയില്‍ പറയുന്നു. നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെട്ടെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്‌നം ചൂണ്ടിക്കാട്ടി. സെക്ഷന്‍ 26 (2) പ്രകാരം ഒരു പ്രത്യേക കറന്‍സി നോട്ട് നിരോധിക്കാം. ഒരു മൂല്യത്തിന്റെ മുഴുവനായി കറന്‍സി നിരോധിക്കാനാവില്ല. അതുകൊണ്ടാണ് തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തില്‍ കോടതിയെത്തിയത്.

ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികള്‍ മുന്നോട്ടുപോകേണ്ടിയിരുന്നത്. ആര്‍ബിഐയുടെ ബോര്‍ഡില്‍ ഏകാഭിപ്രായമായിരുന്നോ? തീരുമാനത്തിനെതിരേ എതിര്‍പ്പ് ഉയര്‍ന്നിരുന്നോ? പാര്‍ലമെന്റ് മുഖേനയുള്ള നിയമനിര്‍മാണം വേണ്ടിയിരുന്നു. പാര്‍ലമെന്റിനെ ഒഴിച്ചുനിര്‍ത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാര്‍ശ ലഭിച്ചെന്നാണ് മനസ്സിലാക്കുന്നത്. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബി വി നാഗരത്‌നത്തിന്റെ ന്യൂനപക്ഷ വിധിയില്‍ രേഖപ്പെടുത്തി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച് 58 ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്.

ജസ്റ്റിസ് എസ് എ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗാര്‍ഥന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും ബി വി നാഗരത്‌നയും വെവ്വേറെ വിധികളാണ് പുറപ്പെടുവിച്ചത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ റിസര്‍വ് ബാങ്കിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി ചിദംബരം ആണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

നോട്ട് നിരോധനം രാജ്യത്തെ നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്നും സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞെന്നും ചിദംബരം വധിച്ചു. നോട്ട് അസാധുവാക്കാനുള്ള സര്‍ക്കാരിന്റെ ഏത് അധികാരവും സെന്‍ട്രല്‍ ബോര്‍ഡിന്റെ ശുപാര്‍ശയില്‍ മാത്രമാണെന്നും എന്നാല്‍ നിലവിലെ കേസില്‍ നടപടിക്രമങ്ങള്‍ അട്ടിമറിക്കപ്പെട്ടെന്നും ചിദംബരം വാദിച്ചു. സാമ്പത്തിക നയത്തിനുമേല്‍ കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍, അതിനര്‍ഥം കോടതി കയ്യും കെട്ടി നോക്കിയിരിക്കുമെന്നല്ലെന്ന് സുപ്രിംകോടതിയും വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it