Big stories

സോണിയാഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരായി;എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം,നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു

സോണിയാഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരായി;എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം,നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
X

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരായി.ഉച്ചക്ക് 12 മണിയോടെ ഇഡി ഓഫിസിലെത്തിയ സോണിയാഗാന്ധിയെ ചോദ്യം ചെയ്ത് വരികയാണ്.കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്.

എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇഡി ഓഫിസിലേക്ക് എത്തിയത്. സോണിയ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി.സോണിയയുടെ വാഹനത്തെ കാല്‍നടയായി അനുഗമിച്ച എംപിമാരെ എഐസിസി ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. ഓഫിസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.പോലിസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കളേയും പ്രവര്‍ത്തകരേയും പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു.

വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരും നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സമാധാനത്തോടെയാണ് പ്രതിഷേധിക്കുന്നതെന്നും തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡ പറഞ്ഞു.ഇഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു.

അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം.എന്നാല്‍, നേരത്തെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം ചോദ്യം ചെയ്യില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യല്‍. ഓന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയേക്കും.






Next Story

RELATED STORIES

Share it