Big stories

പ്രതിഷേധം കനത്തു; മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിന് കത്തയച്ചു

സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ നല്‍കണമെന്ന് ആവശ്യം

പ്രതിഷേധം കനത്തു; മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിന് കത്തയച്ചു
X
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റി. സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിന് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപോര്‍ട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികില്‍സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യുപി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

നേരത്തേ രണ്ടുതവണ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. മറ്റു സംസ്ഥാനത്തെ വിഷയമായതിനാല്‍ ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്നായിരുന്നു നിലപാട്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ നിവേദനം നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റിയിരുന്നില്ല. ഇതിനിടെ, മാവോവാദി ബന്ധം ആരോപിച്ച് സ്റ്റാന്‍ സാമിയെ അറസ്റ്റ് ചെയ്തപ്പോഴും കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോഴും മുഖ്യമന്ത്രി ഇടപെട്ടത് ഇരട്ടത്താപ്പായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തേ വഞ്ചനാകേസില്‍ വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ദുബയില്‍ പിടിയിലായപ്പോഴും മുഖ്യമന്ത്രി കത്തയച്ചിരുന്നു. സിദ്ദീഖ് കാപ്പന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിസ്സംഗത വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സിദ്ദീഖ് കാപ്പന് ആശുപത്രിയില്‍ കൊടുംപീഡനമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ സമൂഹത്തിലെ വിവിധ മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ഒരുപോലെ സിദ്ദീഖ് കാപ്പനു വേണ്ടി രംഗത്തെത്തുകയും സാമൂഹിക മാധ്യമമായ ട്വിറ്ററിലും ഫേസ്ബുക്കിലും ട്രെന്‍ഡിങായി കാംപയിന്‍ മാറുകയും ചെയ്തത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്യാന്‍ കാരണമാക്കിയിരുന്നു.

Sidheeque Kappan; Chief Minister Pinarayi Vijayan sent a letter to Yogi Adityanath

Next Story

RELATED STORIES

Share it