Big stories

സ്‌ക്രാപ്പിങ് നയം: ഒരു കോടി വാഹനങ്ങള്‍ ഒഴിവാക്കപ്പെടും; നടപ്പാക്കുന്നത് വാഹനനിര്‍മാതാക്കളുടെ ദീര്‍ഘകാലമായ ആവശ്യം

സ്‌ക്രാപ്പിങ് നയം: ഒരു കോടി വാഹനങ്ങള്‍ ഒഴിവാക്കപ്പെടും; നടപ്പാക്കുന്നത് വാഹനനിര്‍മാതാക്കളുടെ ദീര്‍ഘകാലമായ ആവശ്യം
X

ന്യൂഡല്‍ഹി: ധനമന്ത്രി 2021-22 ബജറ്റില്‍ പ്രഖ്യാപിച്ച സ്‌ക്രാപ്പിങ് നയം ബാധിക്കാന്‍ പോകുന്നത് 1 കോടി വാഹനങ്ങളെയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഘട്ടം ഘട്ടമായി പഴയ വാഹനങ്ങളെ നിരത്തില്‍ നിന്ന് ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 15 വര്‍ഷത്തിനു മുകളിലുള്ള കൊമേര്‍ഷ്യല്‍ വാഹനങ്ങളെയും 20 വര്‍ഷത്തിനു മുകളിലുള്ള വ്യക്തിഗത വാഹനങ്ങളെയുമാണ് ഒഴിവാക്കുക. വിശദമായ സ്‌ക്രാപ്പിങ് നയം ഇതുവരെയും തയ്യാറായിട്ടില്ല. പതിനഞ്ച് ദിവസത്തിനകം സ്‌ക്രാപ്പിങ് നയത്തിന്റെ അവസാന രൂപം തയ്യാറാവുമെന്ന് നിധിന്‍ ഗഡ്ക്കരി പറഞ്ഞു.

പുതിയ നയം വഴി പരിസ്ഥിതി മലിനീകരണവും ഇന്ധനച്ചെലവും കുറയ്ക്കാമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതുവഴി എണ്ണയുടെ ഇറക്കുമതിച്ചെലവ് കുറച്ചുകൊണ്ടുവരാമെന്നും കരുതുന്നു.

കേന്ദ്ര ഹൈവേ, റോഡ് ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ക്കരിയുടെ കണക്കനുസരിച്ച് ഒരു കോടി വാഹനങ്ങള്‍ ഇതോടെ നിരത്ത് വിടേണ്ടിവരും. പുതിയ നയം 10,000 കോടിയ്ക്കും 50,000 കോടിക്കും ഇടയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''രാജ്യത്ത് 20 വര്‍ഷത്തിനു മുകളിലുളള 51 ലക്ഷം ലൈറ്റ് വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളും 15 വര്‍ഷത്തിനു മുകളിലുള്ള 34 ലക്ഷം ഇടത്തരം വാഹനങ്ങളുമുണ്ട്. 15 വര്‍ഷത്തിനുമുകളിലുള്ള 17 ലക്ഷം ഹെവി വാഹനങ്ങളും മതിയായ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റില്ലാതെ ഓടുന്നുണ്ട്''- ഗഡ്കരി പറഞ്ഞു.

വാഹനങ്ങളെ നിരത്തില്‍ നിന്ന് പുറത്താക്കാന്‍ നിശ്ചിത കാലാവധിക്കു മുകളിലുള്ള വാഹനങ്ങള്‍ക്കു മുകളില്‍ ഹരിത നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടി ശക്തമാക്കാനും സിഎന്‍ജിയിലേക്ക് മാറാനും ഇലക്ട്രിക് വാഹനമാക്കാനുമൊക്കെയാണ് നിര്‍ദേശം.

ഹരിത നികുതി റോഡ് ടാക്‌സിന്റെ 10-25 ശതമാനം വരെ കൊണ്ടുവരാനാണ് ശ്രമം. ഇത് സംസ്ഥാനങ്ങളുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.

പുതിയ സ്‌ക്രാപ്പിങ് നയം മൂലം വാഹനങ്ങളുടെ വില കുറച്ചുകൊണ്ടുവന്ന് രാജ്യത്തെ വില കുറഞ്ഞ വാഹനങ്ങളുടെ ഒരു കേന്ദ്രമായി മാറ്റാനാവുമെന്നും മന്ത്രി പറഞ്ഞു. വാഹനനിര്‍മാതാക്കള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ പഴയ വാഹനങ്ങളില്‍ നിന്ന് നല്‍കാന്‍ കഴിയുമെന്നും ഗഡ്കരി പറഞ്ഞു.

പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക് പുതിയ വാഹനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നതാണ് മറ്റൊരു പദ്ധതി. രാജ്യത്തുനിന്ന് പഴയ വാഹനങ്ങള്‍ ഒഴിവാക്കണമെന്ന വാഹനനിര്‍മാതാക്കളുടെ ദീര്‍ഘകാലമായ ആവശ്യമാണ് നിര്‍മലാ സീതാരാമന്‍ ഈ ബജറ്റിലൂടെ നടപ്പാക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് വാഹനവിപണി ഇടിഞ്ഞ സമയത്തും സര്‍ക്കാര്‍ സമാനമായ പദ്ധതിയുമായി രംഗത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it