Big stories

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രിംകോടതി നീക്കി

തീര്‍ച്ചയായും ഉടന്‍ കളിക്കളത്തിലെത്തുമെന്നും ഉത്തരവ് വായിച്ചാല്‍ ഇന്നുതന്നെ കളിക്കാനാവുമെന്നും ശ്രീശാന്ത് പറഞ്ഞു

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രിംകോടതി നീക്കി
X

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഒത്തുകളിച്ചതിന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി നീക്കി. ആജീവനാന്ത വിലക്ക് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ശ്രീശാന്ത് കുറ്റക്കാരനാണെങ്കില്‍ ശിക്ഷ നല്‍കാമെന്നും എത്ര കാലത്തേക്ക് നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. മൂന്നു മാസത്തിനകം ബിസിസിഐ ഇതുസംബന്ധിച്ച റിപോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ശ്രീശാന്തിനെ സുപ്രിംകോടതി വിമുക്തനാക്കിയിട്ടില്ല. ജഡ്ജിമാരായ അശോക് ഭൂഷണും കെ എം ജോസഫും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തേ, സുപ്രിംകോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്തിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശ്രീശാന്തിന്റെ സ്വഭാവം അല്‍പ്പം മോശമാണെന്നും വാതുവയ്പുകാര്‍ സമീപിച്ചപ്പോള്‍ എന്തുകൊണ്ടാണ് അക്കാര്യം ബിസിസിഐയെ അറിയിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു.

ഒത്തുകളി വിവാദത്തില്‍ പെട്ട ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനു ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് പിന്‍വലിച്ച കാര്യവും ശ്രീശാന്ത് അറിയിച്ചിരുന്നു.ഇന്ത്യക്കു പുറത്തെങ്കിലും കളിക്കാന്‍ അവസരം നല്‍കണമെന്നും കളിക്കാനായി ഓരോ വര്‍ഷവും നിരവധി വാഗ്ദാനങ്ങളാണ് ലഭിക്കുന്നതെന്നും ശ്രീശാന്ത് സൂചിപ്പിച്ചിരുന്നു. തന്നെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലിസ് മര്‍ദ്ദിച്ചാണ് കുറ്റംസമ്മതിപ്പിച്ചതെന്നു കോടതിയില്‍ പറഞ്ഞിരുന്നു. 2013ലെ ഐപിഎല്‍ മല്‍സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് പണം വാങ്ങി ഒത്തുകളിച്ചെന്നാണ് ആരോപണം. അന്ന് രാജസ്ഥാന്‍ ടീമിലുണ്ടായിരുന്ന അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരും അറസ്റ്റിലായിരുന്നു. കേസില്‍ നേരത്തേ, ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയിരുന്നില്ല. ഇതിനെതിരേ ശ്രീശാന്ത് നല്‍കിയ ഹരജിയില്‍ കേരളാ ഹൈക്കോടതി സിംഗിള്‍ബെഞ്ച് അനുകൂലമായാണ് വിധിച്ചിരുന്നത്. എന്നാല്‍ ബിസിസിഐ അപ്പീല്‍ നല്‍കിയതോടെ അംഗീകരിച്ച് ഡിവിഷന്‍ ബെഞ്ച് വിലക്ക് നിലനിര്‍ത്തി. ഡിവിഷന്‍ ബെഞ്ചിന്റെ നടപടിയെയാണ് ശ്രീശാന്ത് സുപ്രിംകോടതിയില്‍ ചോദ്യംചെയ്തത്.

തീര്‍ച്ചയായും ഉടന്‍ കളിക്കളത്തിലെത്തുമെന്നും ഉത്തരവ് വായിച്ചാല്‍ ഇന്നുതന്നെ കളിക്കാനാവുമെന്നും ശ്രീശാന്ത് പറഞ്ഞു.ആറു വര്‍ഷമായി വിലക്ക് അനുഭവിക്കുന്നു. ബിസിസിഐയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്ന് കരുതുന്നു. എന്നെ കേന്ദ്രസര്‍ക്കാരും വി എസ് അച്യുതാനന്ദനും സഹായിച്ചിരുന്നു. ഇത്തവണ ബിജെപി പ്രചാരണത്തിനൊന്നും ക്ഷണിച്ചിട്ടില്ല. താന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. ദൈവത്തെ സ്തുതിക്കുന്നുവെന്നും കൂടെ നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ശ്രീശാന്തിന്റെ മാതാവ് പറഞ്ഞു. ദൈവത്തെ സ്തുതിക്കുന്നുവെന്നും കൂടെ നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ശ്രീശാന്തിന്റെ മാതാവ് പറഞ്ഞു.




Next Story

RELATED STORIES

Share it