Big stories

മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി

''ഇത്തരം ട്വീറ്റുകളെ പ്രശംസിക്കുന്നില്ല, ഈ ട്വീറ്റിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നതെങ്ങനെയാണ്'' എന്ന് സുപ്രീംകോടതി ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ച സുപ്രീംകോടതി രൂക്ഷവിമർശനമാണ് യോഗി സർക്കാരിനെതിരെ നടത്തിയത്.

മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി
X

ന്യുഡൽഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'അപകീർത്തിപ്പെടുത്തുന്ന' വീഡിയോ ഷെയർ ചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി. പ്രശാന്ത് കനോജിയയെ ഉടൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകന്‍റെ ഭാര്യ ജിഗിഷ അറോറയാണ് ഹേബിയസ് കോർപ്പസ് ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ അവധിക്കാല ബഞ്ചാണ് ഹരജി പരിഗണിച്ചത്. ''ഇത്തരം ട്വീറ്റുകളെ പ്രശംസിക്കുന്നില്ല, ഈ ട്വീറ്റിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുന്നതെങ്ങനെയാണ്'' എന്ന് സുപ്രീംകോടതി ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ച സുപ്രീംകോടതി രൂക്ഷവിമർശനമാണ് യോഗി സർക്കാരിനെതിരെ നടത്തിയത്.

എന്നാൽ ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകൾ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നും അതിനാൽ ഐപിസി 505-ാം വകുപ്പ് കൂടി ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ ഈ ട്വീറ്റുകളുടെ പേരിൽ കനോജിയയെ അറസ്റ്റ് ചെയ്തതിൽ ജസ്റ്റിസ് ഇന്ദിരാ ബാനർജി അതൃപ്തി രേഖപ്പെടുത്തി.

അതേസമയം ജാമ്യ ഹരജിയിൽ വാദം നടക്കേണ്ടത് കീഴ്‍കോടതിയിലാണെന്ന് എഎസ്‍ജി കോടതിയിൽ പറഞ്ഞു. രൂക്ഷ വിമർശനമാണ് ഇതിനെതിരെ സുപ്രീംകോടതി ഉന്നയിച്ചത്. "നിയമവിരുദ്ധമായ ഒരു കാര്യം കണ്ടാൽ കൈയും കെട്ടിയിരുന്ന് കീഴ്‍കോടതിയിലേക്ക് പോകൂ എന്ന് പറയാൻ ഞങ്ങൾക്കാകില്ല'', എന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും കഴിഞ്ഞ കുറച്ചു വർഷമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കാറുണ്ടായിരുന്നെന്നും ഒരു യുവതി പറയുന്ന വീഡിയോ ഷെയർ ചെയ്തതിനാണ് പ്രശാന്ത് കനോജിയയെ ഗൊരഖ്പൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്തതിന് പ്രാദേശിക ചാനലായ നാഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

Next Story

RELATED STORIES

Share it