Big stories

ജമാല്‍ ഖഷഗ്ജി വധം: അഞ്ചു പ്രതികളുടെ വധശിക്ഷ സൗദി കോടതി റദ്ദാക്കി; എട്ടു പ്രതികള്‍ക്കു തടവുശിക്ഷ

2018 ഒക്ടോബര്‍ രണ്ടിനാണ് ജമാല്‍ ഖഷഗ്ജിയെ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായത്. വിവാഹ സംബന്ധമായ രേഖകള്‍ ശരിയാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം ഇദ്ദേഹത്തെ കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കി കൊണ്ടുപോവുകയുയുമായിരുന്നു.

ജമാല്‍ ഖഷഗ്ജി വധം: അഞ്ചു പ്രതികളുടെ വധശിക്ഷ സൗദി കോടതി റദ്ദാക്കി; എട്ടു പ്രതികള്‍ക്കു തടവുശിക്ഷ
X

റിയാദ്: സൗദി ഭരണകൂട വിമര്‍ശകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളുടെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി റദ്ദാക്കി. എന്നാല്‍, എട്ടു പ്രതികള്‍ക്കു തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അഞ്ചു പേര്‍ക്ക് 20 വര്‍ഷം വീതവും രണ്ടുപേര്‍ക്ക് ഏഴു വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവുമാണ് തടവ് വിധിച്ചത്. നേരത്തേ, കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചുപേര്‍ക്ക് വധശിക്ഷയും മൂന്നു പേര്‍ക്ക് 24 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിരുന്നത്. അതേസമയം, ശിക്ഷിക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കൊലപാതകികള്‍ക്ക് മാപ്പ് നല്‍കിയതായി ഖഷഗ്ജിയുടെ മകന്‍ സലാ ഖഷഗ്ജി അറിയിച്ചതിനെ തുടര്‍ന്നാണ് വധശിക്ഷ ഉള്‍പ്പെടെയുള്ളവയില്‍ മാറ്റം വരുത്തി അന്തിമ വിധി പുറപ്പെടുവിച്ചത്.

2018 ഒക്ടോബര്‍ രണ്ടിനാണ് ജമാല്‍ ഖഷഗ്ജിയെ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായത്. വിവാഹ സംബന്ധമായ രേഖകള്‍ ശരിയാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം ഇദ്ദേഹത്തെ കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കി കൊണ്ടുപോവുകയുയുമായിരുന്നു. ആദ്യം സൗദി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദവും തുര്‍ക്കിയുടെ കടുത്ത നിലപാടും കാരണം കൊലപാതകം സമ്മതിക്കുകയായിരുന്നു. ഖഷഗ്ജി കൊല്ലപ്പെട്ടതായി സിഐഎയും റിപോര്‍ട്ട് നല്‍കിയിരുന്നു. സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിലേക്കു വരെ ആരോപണങ്ങളുയര്‍ന്ന കേസില്‍ തുര്‍ക്കി കഴിഞ്ഞ മാര്‍ച്ചില്‍ 20 സൗദി പൗരന്‍മാര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നു. ഇതില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹായികളായിരുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. സൗദി അറേബ്യയുടെ മുന്‍ ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസീരി ഖഷഗ്ജിയുടെ കൊലപ്പെടുത്താന്‍ ഒരു സംഘത്തെ തയ്യാറാക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്‌തെന്നാണ് തുര്‍ക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. ഖഷഗ്ജിക്ക് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്നും ശരീരം കഷണങ്ങളായി മുറിച്ച് കോണ്‍സുലേറ്റ് കെട്ടിടത്തിനു പുറത്തെത്തിച്ചതായും ഒടുവില്‍ സൗദി ഔദ്യോഗികമായി സമ്മതിച്ചിരുന്നു. തുര്‍ക്കി സ്വദേശിയായ ഏജന്റിനു മൃതദേഹം കൈമാറിയെന്നാണ് സൗദി പറഞ്ഞതെങ്കിലും എവിടെയാണ് സംസ്‌കരിച്ചത് എന്നതു സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കിയിരുന്നില്ല.

മുന്‍വിവാഹം അസാധുവാക്കാനും തുര്‍ക്കി സ്വദേശിനിയായ കാമുകി ഹാറ്റിസ് സെന്‍ജിസുമായുള്ള വിവാഹത്തിനുള്ള രേഖകള്‍ ശരിയാക്കാനുമാണ് ഖഷഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത്. എന്നാല്‍, ഹാറ്റിസിന് കോണ്‍സുലേറ്റിനുള്ളിലേക്ക് പ്രവേശനം വിലക്കുകയും ഫോണ്‍ കൊണ്ടുപോവുന്നത് വിലക്കുകയും ചെയ്തു. 11 മണിക്കൂറോളം കാത്തിരുന്നിട്ടും ഖഷഗ്ജിയെ കാണാത്തതിനെ തുടര്‍ന്നു ഹാറ്റിസ് പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്.

സൗദിയിലെ 'അല്‍ വത്വന്‍' ദിനപത്രത്തിന്റെ മുന്‍ എഡിറ്ററായിരുന്ന ജമാല്‍ ഖഷഗ്ജി ആദ്യഘട്ടത്തില്‍ ഭരണകൂടത്തിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് രാജകുടുംബവുമായി തെറ്റിപ്പിരിയുകയും സൗദി ഭരണത്തെ എതിര്‍ത്ത് രംഗത്തെത്തുകയും ചെയ്തതോടെ അമേരിക്കയിലേക്കു താമസം മാറി. വാഷിങ്ടന്‍ പോസ്റ്റില്‍ ഗള്‍ഫ് മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിവാര ലേഖനങ്ങള്‍ എഴുതിയിരുന്നു. യെമന്‍ യുദ്ധം, രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ്, വിമര്‍ശകര്‍ക്കെതിരായ നടപടി, വനിതാ പ്രവര്‍ത്തകരെ ജയിലിലടയ്ക്കല്‍, ഖത്തര്‍ ഉപരോധം തുടങ്ങിയവയില്‍ സൗദി സര്‍ക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതാണ് കൊലപാതകത്തിനു കാരണമെന്നാണ് ആരോപണം.

Saudi Arabia overturns death sentences in Jamal Khashoggi killing




Next Story

RELATED STORIES

Share it