Big stories

സംഝോത എക്‌സ്പ്രസ് സ്‌ഫോടനം: സ്വാമി അസീമാനന്ദയെ വെറുതെവിട്ടു

മുഖ്യപ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷിയെ പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു

സംഝോത എക്‌സ്പ്രസ് സ്‌ഫോടനം: സ്വാമി അസീമാനന്ദയെ വെറുതെവിട്ടു
X

ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള നാല് പ്രതികളെയും കോടതി വെറുതെവിട്ടു. ഹരിയാന പഞ്ച്കുളയിലെ പ്രക്യേത എന്‍ഐഎ കോടതിയാണ് അസീമാനന്ദയോടൊപ്പം കൂട്ടുപ്രതികളും സംഘപരിവാര്‍ പ്രവര്‍ത്തകരുമായ ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെ കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷനു കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. പാകിസ്താനിലെ ലാഹോറിലേക്ക് ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട സംത്സോത എക്‌സ്പ്രസ് ട്രെയിനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 70ലേറെ പേരാണ് കൊല്ലപ്പെട്ടത്. 2007 ഫെബ്രുവരി എട്ടിനു ഹരിയാനയ്ക്കു സമീപം പാനിപ്പത്തിലെത്തിയപ്പോഴാണ് സ്‌ഫോടനം അരങ്ങേറിയത്. പാക്കിസ്താനിലേക്കു കടക്കും മുമ്പ് ഇന്ത്യയിലെ അവസാന റെയില്‍വേ സ്‌റ്റേഷനായ അഠാരിയിലേക്കു പോവുകയായിരുന്നു ട്രെയിന്‍. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പാക്കിസ്താന്‍ പൗരന്‍മാരായിരുന്നു. സംഭവത്തില്‍ മൂന്ന് കേസുകളാണ് സ്വാമി അസീമാനന്ദയ്‌ക്കെതിരേ ചുമത്തിയിരുന്നത്.

ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സഫോടനത്തിനു പ്രതികാരമായി സംഝോത എക്‌സ്പ്രസില്‍ പ്രതികള്‍ ബോംബ് വച്ചെന്നാണ് എന്‍ഐഎ കേസ്. മുഖ്യപ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷിയെ പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്ദീപ് ഡാങ്കേ, റാംജി എന്ന രാമചന്ദ്ര കലസാന്‍ഗ്ര, അമിത് എന്നീ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ജയിലില്‍ കഴിയുകയായിരുന്ന അസീമാനന്ദ, കേസില്‍ ആദ്യം അറസ്റ്റ് ചെയ്തിരുന്ന മുസ്‌ലിം യുവാവിനോടു കുറ്റസമ്മതം നടത്തുകയായിരുന്നു. ഹിന്ദുത്വര്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒന്നായിരുന്നു ഇത്. വിചാരണയുടെ അവസാന നിമിഷം മൊഴി നല്‍കാന്‍ പാക് സ്വദേശി ഹരജി നല്‍കിയിരുന്നെങ്കിലും ആവശ്യം കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.




Next Story

RELATED STORIES

Share it