Big stories

'ന്യൂനപക്ഷങ്ങള്‍' എന്ന് വിളിക്കപ്പെടുന്നവരുടെ ഭയം ശമിപ്പിക്കാനുള്ള നടപടി ആര്‍എസ്എസ് തുടരും: മോഹന്‍ ഭാഗവത്

'ഹിന്ദു രാഷ്ട്രം എന്ന ആശയം എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പലരും ഈ ആശയത്തോട് യോജിക്കുന്നു, പക്ഷേ 'ഹിന്ദു' എന്ന പദത്തെ എതിര്‍ക്കുകയും മറ്റ് വാക്കുകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല.

ന്യൂനപക്ഷങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ ഭയം ശമിപ്പിക്കാനുള്ള നടപടി ആര്‍എസ്എസ് തുടരും: മോഹന്‍ ഭാഗവത്
X

നാഗ്പൂര്‍: 'ന്യൂനപക്ഷങ്ങള്‍' എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് ഒരു അപകടവും ഇല്ലെന്നും അവരുടെ ഭയം ശമിപ്പിക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ അവരെ സമീപിക്കുന്നത് തുടരുമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍എസ്എസ് സ്ഥാപകദിനമായ വിജയദശമി ദിവസത്തില്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കള്‍ സംഘടിതരായതിനാല്‍ തങ്ങള്‍ക്ക് അപകടമുണ്ടെന്ന് ന്യൂനപക്ഷങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്കിടയില്‍ പ്രചാരണമുണ്ട്. ഇത് മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടില്ല, ഭാവിയില്‍ സംഭവിക്കുകയുമില്ല. ഇത് സംഘത്തിന്റെയോ ഹിന്ദുക്കളുടെയോ സ്വഭാവമല്ല, 'ആര്‍എസ്എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന വിജയദശമി പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

'ന്യൂനപക്ഷങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്കിടയില്‍ ഇത്തരം ചില ആശങ്കകള്‍ ഉള്ളതിനാല്‍, ചില മാന്യന്മാര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. അവര്‍ ആര്‍എസ്എസ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, ഇത് തുടരും, അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണം, 'ഹിന്ദു രാഷ്ട്രം', വിദ്യാഭ്യാസം, ജാതീയത, ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ക്കായിരുന്നു ബുധനാഴ്ച്ച നടത്തിയ പ്രസംഗത്തില്‍ പ്രധാനമായും ഭാഗവത് ഊന്നല്‍ നല്‍കിയത്.

എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും തുല്യമായി ബാധകമായ ഒരു സമഗ്ര ജനസംഖ്യാ നയത്തിന്റെ ആവശ്യകത ഭാഗവത് ഊന്നിപ്പറഞ്ഞു. ജനസംഖ്യാപരമായ 'അസന്തുലിതാവസ്ഥ' എന്ന പ്രശ്‌നം പ്രതിപാദിച്ചുകൊണ്ട്, അത് 'പുതിയ രാഷ്ട്രങ്ങളുടെ സൃഷ്ടിയിലേക്ക് നയിക്കും' എന്ന് അദ്ദേഹം പറഞ്ഞു.

21ാം നൂറ്റാണ്ടില്‍ മൂന്ന് പുതിയ രാജ്യങ്ങള്‍ നിലവില്‍ വന്നു കിഴക്കന്‍ തിമോര്‍, ദക്ഷിണ സുഡാന്‍, കൊസോവോ. ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ ഫലങ്ങളായിരുന്നു ഇത്. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ കൂടാതെ, ബലപ്രയോഗത്തിലൂടെയും പ്രലോഭനത്തിലൂടെയും മതപരിവര്‍ത്തനം, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം എന്നിവയാണ് ഈ രാജ്യങ്ങളുടെ സൃഷ്ടിക്ക് കാരണമായത്.

'ഹിന്ദു' എന്ന വാക്ക് സംഘം എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി അടിവരയിട്ടു. 'ഹിന്ദു രാഷ്ട്രം എന്ന ആശയം എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പലരും ഈ ആശയത്തോട് യോജിക്കുന്നു, പക്ഷേ 'ഹിന്ദു' എന്ന പദത്തെ എതിര്‍ക്കുകയും മറ്റ് വാക്കുകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല. ആശയത്തിന്റെ വ്യക്തതയ്ക്കായി, ഞങ്ങള്‍ ഹിന്ദു എന്ന വാക്കിന് ഊന്നല്‍ നല്‍കിക്കൊണ്ടേയിരിക്കും,' അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ഉദയ്പൂരിലേയും മഹാരാഷ്ട്രയിലെ അമരാവതിയിലേയും കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്‌ലിംകളെ പേരെടുത്ത് പറയാതെ ആക്രമിക്കാനും ഭാഗവത് മറന്നില്ല. ന്യൂനപക്ഷ സമുദായത്തിലെ ഒരു വിഭാഗം കുറ്റകൃത്യങ്ങളെ അപലപിച്ചെന്നും എന്നാല്‍ മതവിഭാഗത്തില്‍പ്പെട്ട കൂടുതല്‍ ആളുകള്‍ ആ കൊലപാതകത്തെ ന്യായീകരിച്ചെന്നും ഭാഗവത് പറഞ്ഞു.

അതേസമയം ആര്‍എസ്എസ് മേധാവി നടത്തിയ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനെതിരേ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it