Big stories

ഫലസ്തീന്‍ രാഷ്ട്രം: യുഎന്‍ പ്രമേയം ദിശാമാറ്റമോ?

ഫലസ്തീന്‍ രാഷ്ട്രം: യുഎന്‍ പ്രമേയം ദിശാമാറ്റമോ?
X

റോബര്‍ട്ട് ഇന്‍ലകേഷ്

'ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള' 'സമാധാനപരമായ പാത' ആഹ്വാനം ചെയ്യുന്ന ഒരു പ്രഖ്യാപനം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അടുത്തിടെ അംഗീകരിച്ചത് ഒരു നയവ്യതിയാനമോ ശൈലിമാറ്റമോ ആയി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതെ, അക്ഷരാര്‍ഥത്തില്‍ ഒരു 'ഗെയിം ചെയ്ഞ്ചര്‍' ആയാണത് ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ മൂന്നുപതിറ്റാണ്ടുകളായി നാം കണ്ട അതേ വോട്ടുകളുടെ ആവര്‍ത്തനം മാത്രമാണ് ഇത് പ്രതിനിധീകരിക്കുന്നത്. പ്രമേയത്തിന്റെ ഭാഷ ഫലസ്തീന്‍ അഭിലാഷങ്ങളെ ചെറുതാക്കുകയും തള്ളിക്കളയുകയും ചെയ്യുക മാത്രമല്ല, ഗസ വംശഹത്യയില്‍ പങ്കാളികളായ കക്ഷികള്‍ക്കുള്ള ഒരു പ്രത്യേക അനുമോദനം കൂടിയാണത്.

സ്വന്തം രാഷ്ട്രീയ മൂലധനത്തെ സംരക്ഷിക്കുന്നതില്‍ മാത്രം ശ്രദ്ധാലുക്കളായ രാഷ്ട്രതന്ത്രജ്ഞര്‍ മുന്നോട്ടുവച്ച ഈ അപമാനകരമായ ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളെ എതിര്‍ക്കുക മാത്രമല്ല, അവ എന്താണോ അങ്ങനെ തന്നെയാണെന്ന് തീര്‍ത്തും അപലപിക്കുകയും ചെയ്യേണ്ട കാലം എന്നേ അതിക്രമിച്ചു.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍, 10നെതിരേ 142 വോട്ടുകള്‍ക്ക് പാസാവുകയും 12 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്ത 'ന്യൂയോര്‍ക്ക് പ്രഖ്യാപനം' സംബന്ധിച്ച വോട്ടെടുപ്പ്, ഒറ്റനോട്ടത്തില്‍ തന്നെ ഫലസ്തീന്‍ രാഷ്ട്ര പദവി മുന്നോട്ടു കൊണ്ടുപോകുന്നതിനെ അനുകൂലിക്കുന്ന ശക്തമായ പ്രസ്താവനയാണെന്ന് തോന്നുമെങ്കിലും, അത് അടിസ്ഥാനപരമായി അങ്ങേയറ്റം അര്‍ഥശൂന്യമായ ഒന്നാണ്.

'വഴിതെറ്റിയതും അകാലത്തിലുള്ളതുമായ' പ്രമേയമാണെന്ന് മുദ്രകുത്തി നവ-യാഥാസ്ഥിതിക തിങ്ക് ടാങ്കുകള്‍ ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അതേസമയം, പ്രതീക്ഷിച്ചിരുന്നതു പോലെ, യുഎന്‍ ജനറല്‍ അസംബ്ലി ഹമാസിനൊപ്പം നില്‍ക്കുന്നുവെന്ന് ഇസ്രായേല്‍ വാദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഈ വിഷയം വളരെക്കാലമായി പിന്തുടര്‍ന്നുവരുന്ന നമുക്ക്, ഏകദേശം 30 വര്‍ഷത്തിനിടെ ഐക്യരാഷ്ട്രസഭ അംഗീകരിച്ച എണ്ണമറ്റ പ്രമേയങ്ങള്‍ ഇപ്പോഴും ഓര്‍മയുണ്ട്, അന്താരാഷ്ട്ര വോട്ടിന്റെ കാര്യത്തിലും അന്താരാഷ്ട്ര നിയമത്തിന്റെ പ്രത്യേക തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഫലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കുന്നതിലും ഇവയെല്ലാം വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു.

ഇപ്പോഴത്തെ ന്യൂയോര്‍ക്ക് പ്രഖ്യാപനവും ഏറെക്കുറേ അതുപോലെയാണ്. ഹമാസിന്റെ എല്ലാ ആയുധങ്ങളും ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറാനും ഗസ മുനമ്പില്‍ ഒരു അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ചില പ്രധാന കാര്യങ്ങള്‍ ഒഴികെ, പുതിയതായി ഒന്നുംതന്നെ ഇത് ചര്‍ച്ച ചെയ്യുന്നില്ല. അതിനാല്‍ ഈ പോയിന്റുകള്‍ നമുക്ക് പരിശോധിക്കാം.

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രഖ്യാപനം പാസാക്കിയത് അഹിംസയുടെ ഭാഷയിലാണ്. പിറ്റേന്ന് ഗസയില്‍ 'സമാധാന ദിനം' എന്ന് മുദ്രകുത്തുന്നു. ഈ 'ദ്വിരാഷ്ട്ര' കുതന്ത്രത്തില്‍ ഏര്‍പ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളുടെ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന അതിന്റെ സംശുദ്ധീകരിച്ച രാഷ്ട്രീയ ഭാഷ, അതിനെ വൈരുധ്യത്തിലേക്ക് നയിക്കുന്നു.

അഹിംസയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, ഭരണകൂട ബാഹ്യമായ സംഘങ്ങളെ നിരായുധരാക്കുകയോ നിരുല്‍സാഹപ്പെടുത്തുകയോ ചെയ്യണമെന്നും വാദിക്കുമ്പോള്‍ തന്നെ, ഗസയില്‍ പ്രവര്‍ത്തിക്കുന്നതിനായി പല രാഷ്ട്രങ്ങളും ചേര്‍ന്നുള്ള സായുധ സേനയെ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും പ്രമേയം പ്രസ്താവിക്കുന്നു. ഈ സംരംഭം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ തുടര്‍ച്ചയായി നടപ്പാക്കുമെന്ന് പ്രമേയം പ്രസ്താവിക്കുന്നു. അതായത്, യുഎസ് തീരുമാനിച്ചാല്‍ അത് വീറ്റോ ചെയ്യും.

ഗസ മുനമ്പിലേക്ക് ഒരു അന്താരാഷ്ട്ര സേനയെ വിന്യസിക്കാന്‍ അനുവദിക്കുന്ന ഒരു പ്രമേയം യുഎന്‍ സുരക്ഷാ സമിതി പാസാക്കിയത് കണക്കിലെടുക്കുമ്പോള്‍, അവര്‍ അവിടെ എന്ത് തന്ത്രമാണ് പിന്തുടരുക എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. അവര്‍ ഇസ്രായേലുമായി സഹകരിക്കുമോ? ഹമാസിനെ നിരായുധീകരിക്കുന്നതില്‍ അവര്‍ പലസ്തീന്‍ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോ? ഇസ്രായേല്‍ സൈന്യം അവരെ കൊലപ്പെടുത്തിയാല്‍ അവര്‍ അഹിംസയുടെ സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുമോ?

ഈ ചോദ്യങ്ങള്‍ക്ക് സംക്ഷിപ്തമായി ഉത്തരം നല്‍കുന്നതിന്, ഇത് സംഭവിക്കുകയാണെങ്കില്‍, താരതമ്യപ്പെടുത്താവുന്ന ഒരു മാതൃകയായി തെക്കന്‍ ലെബ്‌നാനിലെ യുഎന്‍ ഇടക്കാല സേന ഉദാഹരണമായി നമുക്ക് നോക്കാം. ഈ യുഎന്‍ സേനകള്‍ ഇസ്രായേലുമായി ഏകോപിപ്പിക്കപ്പെടുന്നു. യുഎന്‍ സേനകളെ ഇപ്പോഴും ബോംബാക്രമണങ്ങള്‍ ലക്ഷ്യമിടുന്നു. പക്ഷേ, അവര്‍ സ്വയം പ്രതിരോധിക്കാന്‍ വിസമ്മതിക്കുന്നു. ഹിസ്ബുല്ലയില്‍നിന്ന് യുഎന്‍ സേനകള്‍ വലിയതോതില്‍ അകന്നു നില്‍ക്കുകയാണ്. എന്നാല്‍, ഗസയിലെ ദൗത്യം ഏറ്റെടുക്കാന്‍ പലസ്തീന്‍ അതോറിറ്റി അവര്‍ക്ക് സൗകര്യമൊരുക്കേണ്ടിവരും. അതായത് ഫലസ്തീനികള്‍ക്കെതിരേ ദൗത്യങ്ങള്‍ നടത്താന്‍ യുഎന്‍ സേന നിര്‍ബന്ധിതരാകും.

അതായത്, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇസ്രായേലിനെതിരേ പോരാടാന്‍ ഈ ഐക്യരാഷ്ട്രസഭ സേന അവിടെയില്ല; ഗസയിലെ ഫലസ്തീന്‍ പ്രതിരോധത്തെ അവരുടെ പോരാട്ടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നതിനു വേണ്ടിയായിരിക്കും അത് അവിടെ ഉണ്ടാകുക.

ഇതൊക്കെയാണെങ്കിലും, ഇസ്രായേലികള്‍ ഒരു നിമിഷം പോലും ഇതനുവദിക്കാന്‍ സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ ഗസ നഗരത്തില്‍ ബോംബാക്രമണം വര്‍ധിപ്പിച്ചും അധിനിവേശ വെസ്റ്റ് ബാങ്കിലെ അവരുടെ അനധികൃത വാസസ്ഥലങ്ങള്‍ വികസിപ്പിച്ചും നിയമവിരുദ്ധമായി പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഈ പ്രതീകാത്മക പ്രഖ്യാപനത്തോട് പ്രതികരിക്കുകയാണ്.

ഗസ മുനമ്പിലെ ഈ വംശഹത്യക്ക് രണ്ട് വര്‍ഷമാവാന്‍ ഏതാണ്ട് രണ്ടാഴ്ച മാത്രമേയുള്ളൂ. എന്നിട്ടും പ്രഖ്യാപനം അതിനുള്ള പരിഹാരമായി ഇസ്രായിലെ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയുള്ള നടപടികളെക്കുറിച്ച് സംസാരിക്കുന്നു. തുടര്‍ന്ന് ഇസ്രായേലിനെ ഉള്‍പ്പെടുത്തേണ്ട ഒരു രാഷ്ട്രീയ പ്രക്രിയയെക്കുറിച്ച് സംസാരിക്കുന്നു; ഒരു ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യത ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും വംശഹത്യ നടത്തുകയും ചെയ്യുന്ന അതേ ഇസ്രായേല്‍ ഗവണ്‍മെന്റിനെ.

അധിനിവേശ പ്രദേശങ്ങളില്‍നിന്ന് ഇസ്രായേലി സൈന്യത്തെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിക്കുകയാണോ ഇതിന്റെ ലക്ഷ്യം? അങ്ങനെയെങ്കില്‍, അക്രമമോ കുറഞ്ഞത് ബലപ്രയോഗ ഭീഷണിയോ ഇല്ലാതെ അത് എങ്ങനെ കൃത്യമായി നടപ്പാക്കും? ഭരണകൂട ഇതരകക്ഷികള്‍ക്കും സായുധപോരാട്ടത്തിന് അവകാശമുണ്ടെന്ന് ജനീവ കണ്‍വെന്‍ഷന്‍ പ്രഖ്യാപനം പറയുന്നുണ്ട്.

ഫലസ്തീനിലെ സ്‌കൂള്‍ പാഠ്യപദ്ധതികളെ തീവ്രവാദരഹിതമാക്കുന്നതിനെക്കുറിച്ചും ന്യൂയോര്‍ക്ക് പ്രഖ്യാപനം പറയുന്നു. പക്ഷേ, ഗസയിലേക്ക് മാനുഷിക സഹായം പോലും കടത്താത്ത ഇസ്രായേലിനോട് അത് ഒന്നും ആവശ്യപ്പെടുന്നില്ല. ഗസയിലെ ജനങ്ങള്‍ വംശഹത്യ, അതായത് ഒരു ഹോളോകോസ്റ്റ് അനുഭവിക്കുകയാണ്. 'ദ്വിരാഷ്ട്ര പരിഹാരം' എന്നറിയപ്പെടുന്ന നിലവിലില്ലാത്ത ഒരു പാതയെക്കുറിച്ചുള്ള ക്ഷീണിച്ച പഴയ വ്യവഹാരത്തെ തത്ത പോലെ ആവര്‍ത്തിക്കുന്ന ഈ പ്രമേയങ്ങളും പ്രഖ്യാപനങ്ങളും വെറും പ്രതീകാത്മകം മാത്രമല്ല, ഇസ്രായേലിന്റെ ക്രൂരതയ്ക്ക് ഇരകളായവരെ അപമാനിക്കുന്നതുമാണ്.

ഭാവിയില്‍ ചരിത്രപുസ്തകങ്ങള്‍ എഴുതപ്പെടുകയും ആളുകള്‍ ഈ പ്രഖ്യാപനങ്ങള്‍ നോക്കുകയും ചെയ്യുമ്പോള്‍, നാസി ഹോളോകോസ്റ്റിന്റെ സമയത്തെ നിഷ്പക്ഷ പ്രമേയങ്ങളെ പോലെ തന്നെ അവയും വായിക്കപ്പെടും. അതേസമയം, യഥാര്‍ഥ സമ്മര്‍ദ്ദം ചെലുത്താന്‍ എന്തെങ്കിലും ചെയ്തവര്‍ ശ്രദ്ധിക്കപ്പെടും. വംശഹത്യ അവസാനിപ്പിക്കാന്‍ തങ്ങളെ കൊണ്ട് ആവുന്നതെല്ലാം ചെയ്ത യെമനിലെ അന്‍സാറുല്ല അത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റും.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഏഴുമുന്നണി യുദ്ധത്തെ തടയാന്‍ ശക്തിയോടെ പ്രവര്‍ത്തിച്ച ഒരേയൊരു രാഷ്ട്രം ഇറാനാണ്. ഹിസ്ബുല്ല അടക്കമുള്ള ഭരണകൂട ഇതര സംഘടനകളും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചു. അവര്‍ ഇസ്രായേലിനെ തടയാന്‍ തങ്ങളുടെ ശക്തി ഉപയോഗിക്കുകയും വലിയ വില നല്‍കുകയും ചെയ്തു.

ഇസ്രായേലിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചവരോട് ഈ 'അന്താരാഷ്ട്ര സമൂഹം' എന്ന് വിളിക്കപ്പെടുന്നവര്‍ എന്താണ് ചെയ്തത്? അമേരിക്ക ഇറാനെ ആക്രമിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമായി മുദ്രകുത്താന്‍ പോലും വിസമ്മതിച്ചു. യുഎസ് ഇറാഖിനെ ആക്രമിച്ചപ്പോള്‍ കോഫി അന്നന്‍ ചെയ്തതുപോലെ അവസരത്തിനൊത്ത് ഉയരാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല.

ന്യൂയോര്‍ക്ക് പ്രഖ്യാപനത്തിന് പിന്നില്‍ ഫ്രാന്‍സിനൊപ്പം പ്രവര്‍ത്തിച്ച സൗദി അറേബ്യ, ഇസ്രായേലിനെ പ്രതിരോധിക്കാന്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പോലും ഉപയോഗിക്കുകയും ഇസ്രായേലികളുമായി സ്വതന്ത്ര വ്യാപാരം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലി സൈന്യം ലബ്‌നാനില്‍ 5,000 പേരെ കൊന്നപ്പോള്‍, ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസറുല്ലയുടെ കൊലപാതകത്തെ ആഘോഷിക്കുകയാണ് യുഎസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ ചെയ്തത്. ഇസ്രായേലുമായുള്ള ബന്ധങ്ങളും വ്യാപാര ഇടപാടുകളും വിച്ഛേദിച്ച മറ്റ് ചില രാജ്യങ്ങളെക്കുറിച്ചും ചരിത്രപുസ്തകങ്ങളില്‍ മാന്യമായ പരാമര്‍ശം ഉണ്ടാകാം. ഗസയിലെ വംശഹത്യയില്‍ ്പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് കൊടുത്തു.

യാഥാര്‍ഥ്യബോധത്തോടെ പറഞ്ഞാല്‍, ഈ യുഎന്‍ പ്രമേയങ്ങള്‍ ഒന്നും നേടുന്നില്ല. എന്തുകൊണ്ട്? കാരണം, ഫലസ്തീനികള്‍ക്കെതിരേ കൂടുതല്‍ ആക്രമണം നടത്താനുള്ള കാരണമായി മാത്രമേ ഇസ്രായേല്‍ അവയെ കണക്കാക്കുന്നുള്ളൂ. കൂടാതെ 'ദ്വിരാഷ്ട്ര പരിഹാരം' എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും അവര്‍ ഇഷ്ടപ്പെടുന്നില്ല.

ഈ അന്താരാഷ്ട്ര സമൂഹം നീതിയുക്തമായ ഒരു സമാധാനത്തെക്കുറിച്ച് ശരിക്കും ആശങ്കാകുലരായിരുന്നുവെങ്കില്‍ ഫോര്‍മുല ലളിതമായിരുന്നു. ഇസ്രായേലിനുമേല്‍ പൂര്‍ണമായ അന്താരാഷ്ട്ര സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം. ഇസ്രായേല്‍ വഴിക്ക് വന്നില്ലെങ്കില്‍ സൈനികമായി ഇടപെടണം. പക്ഷേ, അതൊന്നും നടക്കില്ല. കാരണം ധാര്‍മികമായി പാപ്പരായ രാഷ്ട്രീയ നേതാക്കളാണ് ഈ പ്രമേയങ്ങള്‍ എഴുതിയിരിക്കുന്നത്.

ഇത് ഈ സംഭാഷണത്തിന്റെ അടുത്ത സ്വാഭാവിക ഭാഗത്തേക്ക് നമ്മെ എത്തിക്കുന്നു, അത് ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീനെ പാശ്ചാത്യ രാജ്യങ്ങള്‍ അംഗീകരിക്കുന്നു എന്നതാണ്. വീണ്ടും, പ്രകടനപരതയാണ് കാണുന്നത്. ഇസ്രായേല്‍ നിലവില്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കലിനായി പ്രവര്‍ത്തിക്കുകയും ഫലസ്തീനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം യുകെ പോലുള്ളവര്‍ ഇസ്രായേലികള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുന്നു. കഴിഞ്ഞ ആഴ്ച വംശഹത്യ കുറ്റവാളിയായ ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ യുകെ ലണ്ടനിലേക്ക് സ്വാഗതവും ചെയ്തു.

ഇതുപോലുള്ള നടപടികള്‍, അറബ് ലീഗും ഇസ്ലാമിക് സമ്മേളനങ്ങളും അംഗീകരിച്ച അര്‍ഥശൂന്യമായ എല്ലാ പ്രമേയങ്ങള്‍ക്കും സമാനമാണ്; ഈ പ്രഖ്യാപനങ്ങളിലും പ്രമേയങ്ങളിലും ഒപ്പുവയ്ക്കുന്ന മിക്ക രാജ്യങ്ങളും ഫലസ്തീന്‍ കുട്ടികളുടെ രക്തത്തില്‍ പങ്കുള്ളവരാണ്. ഇങ്ങനെ കഠിനമായി പറയുന്നത് ക്രൂരതയാണെന്ന് ചിലര്‍ക്ക് തോന്നാം. പക്ഷേ, ഇത് ഒട്ടും കുറവല്ല, യഥാര്‍ത്ഥത്തില്‍ പലരാജ്യങ്ങളും ഇതിലും പരുഷമായ വാക്കുകള്‍ക്ക് അര്‍ഹരാണ്, അവര്‍ ഗസയിലെ വംശഹത്യക്ക് ഉത്തരവാദികള്‍ കൂടിയാണ്...

കടപ്പാട്: പലസ്തീന്‍ ക്രോണിക്ക്ള്‍

Next Story

RELATED STORIES

Share it