Big stories

ഹമാസ്, ഹിസ്ബുല്ല, പിഎംയു നിരായുധീകരണവും യുഎസ്-ഇസ്രായേല്‍ ഗൂഢാലോചനയും

ഹമാസ്, ഹിസ്ബുല്ല, പിഎംയു നിരായുധീകരണവും യുഎസ്-ഇസ്രായേല്‍ ഗൂഢാലോചനയും
X

റോബര്‍ട്ട് ഇന്‍ലകേഷ്

പശ്ചിമേഷ്യയിലെ ഇറാന്റെ സഖ്യകക്ഷികളെ പരാജയപ്പെടുത്തുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടതിനാല്‍ യുഎസ് തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ആയുധശക്തി കൊണ്ട് ഇസ്രായേലിന് നേടാന്‍ കഴിയാത്ത ലക്ഷ്യം എന്തുവില കൊടുത്തും നേടുകയെന്നതാണ് യുഎസിന്റെ താല്‍പ്പര്യം. ഇറാനില്‍ ഭരണമാറ്റമുണ്ടാക്കുന്നതിന് മുമ്പ് പ്രദേശത്തെ ജനങ്ങളെ പ്രതിരോധമില്ലാത്തവരാക്കി മാറ്റുകയെന്നതാണ് ആത്യന്തിക ലക്ഷ്യം.

ഇസ്രായേല്‍ നിരന്തരം വ്യോമാക്രമണം നടത്തിയിട്ടും ലബ്‌നാന്‍ സൈന്യം രാജ്യത്തെ സംരക്ഷിക്കാന്‍ പോരാടിയില്ല. പകരം, ഹിസ്ബുല്ലയാണ് ആ ചുമതലയേറ്റെടുത്തത്. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് 2024 നവംബര്‍ 27ന് ലബ്‌നാന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മറുപടിയായി, ഹിസ്ബുല്ല കരാര്‍ പാലിക്കാന്‍ തീരുമാനിച്ചു. അവര്‍ സയണിസ്റ്റുകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ നിര്‍ത്തി. തെക്കന്‍ ലബ്‌നാനിലെ സൈനിക സംവിധാനങ്ങള്‍ നീക്കവും ചെയ്തു. എന്നിരുന്നാലും, വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം മുതല്‍ തന്നെ, ഇസ്രായേലികള്‍ വ്യോമാക്രമണം നടത്തുകയും തെക്കന്‍ ലബ്‌നാനില്‍നിന്ന് പിന്‍വാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചായിരുന്നു ഈ കൈയേറ്റം.

വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ട ശേഷം ഇസ്രായേല്‍ ഏറ്റവും കുറഞ്ഞത് നാലായിരം തവണ അത് ലംഘിച്ചു. എന്നാല്‍, ലബ്‌നാന്‍ പ്രധാനമന്ത്രി നവാഫ് സലാമോ പുതിയ പ്രസിഡന്റ് ജോസഫ് അഔനോ രാജ്യത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. പകരം, ലബ്‌നാനെ സംരക്ഷിക്കാന്‍ കഴിവുള്ള ഏക ശക്തിയായ ഹിസ്ബുല്ലയുടെ നിരായുധീകരണത്തിന് ലബ്‌നാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി.

ഹിസ്ബുല്ലയെ ഇസ്രായേല്‍ പരാജയപ്പെടുത്തിയെന്നും ഇനി ലബ്‌നാന്‍ സര്‍ക്കാരില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും യുഎസ് മുന്‍ പ്രതിനിധി മോര്‍ഗന്‍ ഒര്‍ടാഗസ് ഫെബ്രുവരിയില്‍ പ്രസ്താവിച്ചിരുന്നു. തെക്കന്‍ ലബ്‌നാനില്‍നിന്നും ഇസ്രായേല്‍ പിന്‍മാറുന്ന സമയപരിധിയില്‍ യുഎസ് ഭരണകൂടം 'വളരെ പ്രതിജ്ഞാബദ്ധമാണ്' എന്നും അയാള്‍ അന്ന് അവകാശപ്പെട്ടു.

തെക്കന്‍ ലബ്‌നാന്‍ അതിര്‍ത്തിയിലെ അഞ്ചു സ്ഥലങ്ങളില്‍നിന്നും പിന്‍വാങ്ങാന്‍ ഇസ്രായേല്‍ വിസമ്മതിച്ചിട്ടും യുഎസ്, ലബ്‌നാന്‍ സര്‍ക്കാരുകള്‍ അതില്‍ ഒന്നും ചെയ്തില്ല, പകരം ഹിസ്ബുല്ലയുടെ പൂര്‍ണ നിരായുധീകരണമാണ് ആവശ്യപ്പെട്ടത്.

ഹിസ്ബുല്ല-അമല്‍ വോട്ടില്ലാതെ അധികാരത്തില്‍ വരില്ലായിരുന്ന പ്രസിഡന്റ് ജോസഫ് ഔന്‍, ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ബലം പ്രയോഗിക്കില്ലെന്നും മറിച്ച് ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും തുടക്കത്തില്‍ പറഞ്ഞു. ലബ്‌നാന്‍ സൈന്യത്തില്‍ ഹിസ്ബുല്ലയെ ഉള്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഹിസ്ബുല്ലയെ ലബ്‌നാന്‍ സൈന്യത്തില്‍ സംയോജിപ്പിക്കുക എന്ന ആശയത്തെ യുഎസ് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ ഇതിലും നല്ല മറ്റൊരു സമയമില്ലെന്നാണ് ജൂത ലോബിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം പറയുന്നത്. നിരായുധീകരണ സമയത്ത് അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുമെന്ന് യുഎസ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും ഈ ലേഖനം പറയുന്നു.

ജോസഫ് ഔന്‍

ജോസഫ് ഔന്‍

ഇറാഖ് ഭരണകൂടവും സമാനമായ അക്രമാസക്ത ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുന്നതിനാണ് ശ്രമിച്ചത്. പോപുലര്‍ മൊബലൈസേഷന്‍ യൂണിറ്റുകളെ അഥവാ പിഎംയുകളെ ഇറാഖി സൈന്യത്തില്‍ ചേര്‍ക്കണമെന്ന ഇറാഖി സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നാണ് യുഎസ് പറയുന്നത്.


രാജ്യത്തെ വിവിധ പ്രതിരോധ സംഘങ്ങളെ തകര്‍ക്കാന്‍ മാര്‍ച്ചില്‍ തന്നെ യുഎസ്, ഇറാഖി ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഗസയ്ക്കും ലബ്‌നാനും പിന്തുണ നല്‍കുന്ന ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് (ഐആര്‍ഐ) എന്ന പേരിലുള്ള ഒരു കൂട്ടായ്മയെ ഒഴിവാക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് അല്‍ സുഡാനിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് റിപോര്‍ട്ടുണ്ട്.

 മുഹമ്മദ് അല്‍ സുഡാനി

മുഹമ്മദ് അല്‍ സുഡാനി


പിഎംയുകളെ ഇറാഖി സൈന്യത്തില്‍ ചേര്‍ക്കാനുള്ള ബില്ല് ഉപേക്ഷിക്കാനാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ മാസം ഇറാഖി പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത്. ഇറാഖിലെ ജനപ്രതിനിധി കൗണ്‍സില്‍ ബില്ല് പാസാക്കിയാല്‍ ഉപരോധവും മറ്റു നടപടികളും സ്വീകരിക്കുമെന്നാണ് യുഎസ് ഭീഷണിപ്പെടുത്തിയത്.

ഐഎസ് സംഘടനയെ നേരിടാനാണ് 2014ല്‍ പിഎംയു രൂപീകരിച്ചത്. നിലവില്‍ ഏകദേശം 2,38,000 പേര്‍ അതിന്റെ ഭാഗമാണ്. പിഎംയുകളിലെ ചില വിഭാഗങ്ങള്‍ക്ക് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സുമായും ബന്ധമുണ്ടെന്നതാണ് ഇതിന് ഒരു കാരണം.

തങ്ങളുടെ ആവശ്യങ്ങള്‍ പാലിക്കാന്‍ അമേരിക്ക ഇപ്പോള്‍ ഇറാഖില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ബെയ്‌റൂത്തിലെ രാഷ്ട്രീയ നേതൃത്വത്തെ കൊണ്ട് ഹിസ്ബുല്ലക്കെതിരേ നിലപാട് പറയിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുകയുണ്ടായി. അതേസമയം, ഗസയിലെ ഹമാസിനെ നിരായുധീകരിക്കണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നു.ഫലസ്തീനി ജനതയുടെ സുരക്ഷയ്ക്ക് ഒരു ഉറപ്പും നല്‍കാതെയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.

യുഎസിന്റെ മറ്റൊരു തെറ്റായ കണക്കുകൂട്ടല്‍

ബലപ്രയോഗത്തിലൂടെ ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാനാണ് യുഎസ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇറാഖിലെ പിഎംയുവിന്റെ കഴിവുകളെക്കുറിച്ച് വാഷിങ്ടണ്‍ ഉൽക്കണ്ഠാകുലരാണെന്ന് വ്യക്തമാണ്. ഇറാനുമായി ഇനിയൊരു ഏറ്റുമുട്ടലുണ്ടായാല്‍ പിഎംയുകളും രംഗത്തുണ്ടാവാം. ഫലസ്തീനികളെ പട്ടിണിക്കിട്ട് കീഴ്‌പ്പെടുത്താന്‍ കഴിയുമെന്ന് യുഎസ് വിശ്വസിക്കുന്നു. അതേസമയം, നിരായുധീകരണ പ്രക്രിയ ലബ്‌നാനില്‍ ആഭ്യന്തര യുദ്ധത്തിന് തുടക്കം കുറിക്കുകയും ചെയ്യും.

പ്രതിരോധ സംഘടനകള്‍ ദേശീയസുരക്ഷയ്ക്ക് അനിവാര്യമാണെന്ന് ഫലസ്തീന്‍, ഇറാഖ്, ലബ്‌നാന്‍ എന്നീ രാജ്യങ്ങളിലെ അറബ് ജനതയ്ക്ക് അറിയാം. ലബ്‌നാന്റെ കാര്യം നോക്കുകയാണെങ്കില്‍ 1985ലാണ് ഹിസ്ബുല്ല രൂപീകരിച്ചത്. 1982ലെ ഇസ്രായേലി അധിനിവേശമായിരുന്നു അതിന് കാരണം. ഏകദേശം 20,000 പേരെ ഇസ്രായേലികള്‍ കൊലപ്പെടുത്തി. ഒടുവില്‍ ലബ്‌നാനുമായി കരാറിലെത്തി. കരാറിന്റെ ഭാഗമായി പ്രതിരോധ ഗ്രൂപ്പുകള്‍ നിരായുധീകരിക്കുകയും പിഎല്‍ഒ നേതൃത്വം ലബ്‌നാന്‍ വിട്ടു തുണീഷ്യയിലേക്ക് പോവുകയും ചെയ്തു.


ഇതിന് പിന്നാലെ, ആയിരക്കണക്കിന് ഫലസ്തീനികളെയും ശിയാ മുസ്‌ലിംകളെയും ഇസ്രായേലി സൈന്യം കൊലപ്പെടുത്തി. കൂടാതെ തെക്കന്‍ ലബ്‌നാന്‍ പിടിച്ചെടുത്തു. 2000ല്‍ തെക്കന്‍ ലബ്‌നാനില്‍നിന്നും ഇസ്രായേല്‍ പിന്‍വാങ്ങുന്നതിനുള്ള ഒരേയൊരു കാരണം ഹിസ്ബുല്ലയായിരുന്നു. പിന്നീട് 2006ല്‍ ഇസ്രായേലി സൈന്യം വീണ്ടുമെത്തി. പക്ഷേ, അധിനിവേശ ശ്രമം വിജയിച്ചില്ല.

സമുദ്രാതിര്‍ത്തി ഉപയോഗിക്കാന്‍ ലബ്‌നാന്‍ സര്‍ക്കാരിനെ അനുവദിച്ചില്ലെങ്കില്‍ യുദ്ധം നടത്തുമെന്ന് 2022 ഒക്ടോബറില്‍ ഹിസ്ബുല്ല പ്രഖ്യാപിച്ചു. ഇതോടെ യുഎസ് ഇടപെട്ട് സമുദ്രാതിര്‍ത്തി പ്രശ്‌നം തീര്‍ത്തു. ഇതോടെ സമുദ്രത്തിലെ പ്രകൃതി വാതകം ഉപയോഗിക്കാന്‍ ലബ്‌നാന്‍ സര്‍ക്കാരിന് സാധിച്ചു.

യുഎസിന്റെ താല്‍പ്പര്യങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലബ്‌നാന്‍ സൈന്യത്തിന് തന്ത്രപരമായ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ വിലക്കുണ്ട്. അതായത്, അയല്‍രാജ്യമായ സിറിയയില്‍നിന്നുള്ള കലാപകാരികളെ നേരിടാന്‍ പോലും അവര്‍ക്ക് സാധിക്കില്ല. പക്ഷേ, ഹിസ്ബുല്ലയ്ക്ക് വലിയ പോരാട്ട ശേഷിയുണ്ട്. ലബ്‌നാന്‍ സര്‍ക്കാരിന് നാശമുണ്ടാവണമെന്ന നിലപാട് അവര്‍ ഒരിക്കലും സ്വീകരിച്ചിട്ടുമില്ല.

ഹിസ്ബുല്ല നിരായുധീകരിക്കപ്പെട്ടാല്‍, അത് ആഭ്യന്തരയുദ്ധമുണ്ടായാലും സാധ്യമല്ല, യുഎസ്-ഇസ്രായേല്‍ സംയുക്ത അധിനിവേശമുണ്ടായാല്‍ പോലും സാധ്യമല്ല, ലബ്‌നാന്‍ തൊട്ടടുത്ത സിറിയയിലെ പോലെ സ്ഥിരതയോ സുരക്ഷയോ ഇല്ലാത്ത സംവിധാനമാവും. സിറിയയിലെ അല്‍ സുവൈദ പ്രദേശത്ത് നടന്നത് പോലുള്ള അക്രമങ്ങളും അലവി വിഭാഗങ്ങളുടെ കൂട്ടക്കൊലകളും പോലുളള സംഭവങ്ങള്‍ ലബ്‌നാനിലും സംഭവിക്കും.

സിറിയയിലെന്ന പോലെ, ഇസ്രായേല്‍ തെക്കന്‍ ലബ്‌നാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്താനും എണ്ണമറ്റ ഗ്രാമങ്ങള്‍ വംശീയമായി കീഴടക്കാനും നീങ്ങും. അതേസമയം, ഇഷ്ടാനുസരണം ആക്രമണം നടത്താനുള്ള അധികാരവും നിലനിര്‍ത്തും. ഹിസ്ബുല്ല നിരായുധീകരിക്കപ്പെട്ടാല്‍ ഒരു രാജ്യമെന്ന നിലയില്‍ ലബ്‌നാന് നിലനില്‍ക്കാനാവില്ല.

പിഎല്‍ഒയുടെ ലബ്‌നാന്‍ അനുഭവം, വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയുടെ അനുഭവം എന്നിവയെ കുറിച്ച് ഗസയിലെ ഹമാസിന് നല്ല ബോധ്യമുണ്ട്. ആയുധം താഴെ വച്ച ഫലസ്തീന്‍ അതോറിറ്റി, പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഭീകരതയായി ചിത്രീകരിച്ചു, കൂടാതെ സയണിസ്റ്റുകളുടെ ഭൂമി കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു.

എന്നിട്ടും ഫലസ്തീന്‍ അതോറിറ്റിയുടെയോ പുതിയ സിറിയന്‍ അധികാരികളുടെയോ കീഴടങ്ങല്‍ ഒരിക്കലും പര്യാപ്തമല്ല, ഇസ്രായേലികളും യുഎസും ഇപ്പോഴും അവരെ ഞെരുക്കാനും അവരുടെ ജനങ്ങളെ ബോംബിടാനും അവരുടെ ഭൂമി കൈവശപ്പെടുത്താനും അനന്തമായ അസ്ഥിരത സൃഷ്ടിക്കാനും പ്രവര്‍ത്തിക്കുന്നു.

ഗസയിലെ വംശഹത്യയുടെ പശ്ചാത്തലത്തില്‍, പശ്ചിമേഷ്യയിലെ സമാധാനത്തിനുള്ള പ്രാഥമിക തടസ്സമായ ഇസ്രായേലിനെ ഇല്ലാതാക്കണമെന്ന ധാരണ അറബികള്‍ക്കിടയില്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ, ഇറാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ അച്ചുതണ്ടിനെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍, പ്രത്യേകിച്ചും ബലം പ്രയോഗിച്ചുള്ള നീക്കങ്ങള്‍ ഉദ്ദേശിച്ച ഫലത്തിന് വിപരീതമായിരിക്കും കൈവരിക്കുക. ഈ ഗ്രൂപ്പുകളെ പരാജയപ്പെടുത്തുന്നതിന് പകരം അവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും കൂടുതല്‍ അക്രമണാത്മക നയങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുകയുമായിരിക്കും അറബികള്‍ ചെയ്യുക.

ഈ ഗ്രൂപ്പുകളെല്ലാം വലിയ തോതിലുള്ള ജനപിന്തുണ അനുഭവിക്കുന്നവരാണ്. ഹമാസിനെയും ഹിസ്ബുല്ലയെയും ഫല്‌സതീനികളുടെ മൂല്യങ്ങളില്‍നിന്നും ദേശീയദൗത്യത്തില്‍നിന്നും വേര്‍പിരിക്കാന്‍ കഴിയില്ല.നിരായുധീകരണം കൈവരിക്കാന്‍ കഴിയുന്ന ഒരു തന്ത്രവും വികസിപ്പെടുക്കാന്‍ ശത്രുക്കള്‍ക്ക് സാധിച്ചിട്ടില്ല, അതിനാല്‍ തന്നെ എല്ലാ തലങ്ങളിലും ഈ ശ്രമങ്ങള്‍ പരാജയപ്പെടും. ഇതൊക്കെയാണെങ്കിലും തങ്ങളുടെ ലക്ഷ്യം പിന്തുടരുന്നതിന്റെ ഭാഗമായി മാരകമായ ആഭ്യന്തര യുദ്ധത്തിന് യുഎസ് ശ്രമിക്കുന്നു. യഥാര്‍ഥ തന്ത്രം ആഭ്യന്തരസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക എന്നതാണെന്ന് തോന്നുന്നു, അതല്ലെങ്കില്‍ അവര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലെന്ന് വ്യക്തം.

Next Story

RELATED STORIES

Share it