Big stories

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: 'സുധാകരന്‍ ഇഫക്റ്റ്' ഭയന്ന് സ്വരംമാറ്റി ചെന്നിത്തലയും ഷാനിമോളും

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സുധാകരന്‍ ഇഫക്റ്റ് ഭയന്ന് സ്വരംമാറ്റി ചെന്നിത്തലയും ഷാനിമോളും
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്നു വിശേഷിപ്പിച്ചതിനെതിരേ കോണ്‍ഗ്രസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്, നിലപാട് മാറ്റാതെ സുധാകരന്‍ ആഞ്ഞടിച്ചതോടെ രമേശ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും ഉള്‍പ്പെടെയുള്ളവര്‍ സ്വരംമാറ്റി. സുപ്രധാനമായ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ തന്നെ പ്രതിസന്ധിയിലാക്കുകയും 'സുധാകരന്‍ ഇഫക്റ്റ്' ബാധിച്ചേക്കുമെന്നും ഭയന്നാണ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ കളംമാറ്റിയത്. നേരത്തേ അത്തരം പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു ചെന്നിത്തല പ്പതികരിച്ചത്. എന്നാല്‍, സുധാകരന്‍ സ്വരം കടുപ്പിച്ചതോടെ പിന്തുണയ്ക്കുന്ന വിധത്തിലേക്ക് ചെന്നിത്തലയും മാറി. ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്വത്തേയും ധൂര്‍ത്തിനെയുമാണ് സുധാകരന്‍ പരാമര്‍ശിച്ചതെന്നും അല്ലാതെ മറ്റൊന്നുമല്ലെന്നുമായിരുന്നു ചെന്നിത്തലയുടെ മലക്കംമറിച്ചില്‍. സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണ്. അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ല. വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനെ അഭിപ്രായമില്ല. ഈ വിവാദം ഇവിടെ അവസാനിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ കെപിസിസി പ്രസിഡന്റ് പദവിയിലേക്കു കണ്ണുംനട്ടിരിക്കുന്ന സുധാകരനെ തള്ളിപ്പറയുന്നത് ദോഷകരമാവുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കള്‍.

അതേസമയം, സുധാകരന്‍ മാപ്പ് പറയണമെന്ന് പരസ്യവിമര്‍ശനം നടത്തും കെപിസിസിക്ക് പരാതി നല്‍കുകയും ചെയ്ത ഷാനിമോള്‍ ഉസ്മാന്‍ സുധാകരനോട് ക്ഷമാപണം നടത്തുന്ന രീതിയിലേക്കാണു കാര്യങ്ങള്‍ പോയത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സുധാകരനെ പിന്തുണച്ച് നിരവധി പേര്‍ എത്തിയതോടെയാണ് ഷാനിമോള്‍ ക്ഷമാപണം നടത്തിയത്.

ചെത്തുകാരന്‍ എന്ന പ്രയോഗത്തില്‍ തെറ്റില്ലെന്നും ഉയരങ്ങളിലെത്തുമ്പോള്‍ തൊഴിലാളിനേതാക്കള്‍ കഴിഞ്ഞകാലം മറക്കുന്നുവെന്നാണ് താന്‍ അര്‍ഥമാക്കിയതെന്നുമായിരുന്നു കെ സുധാകരന്റെ വിശദീകരണം. സംഭവത്തില്‍ രാഹുല്‍ ഗാന്ധി സുധാകരനെ വിളിപ്പിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നില്‍ കെ സി വേണുഗോപാലാണെന്നാണ് സുധാകരനും അനുയായികളും ആരോപിക്കുന്നത്. നേരത്തെയും കണ്ണൂരിലെ സുധാകരന്‍ വിഭാഗക്കാര്‍ക്കെതിരായ ചെറിയ പരാതികള്‍ പോലും എഐസിസിക്കു മുന്നില്‍ പര്‍വതീകരിച്ചു നല്‍കിയതിനു പിന്നില്‍ കെ സി വേണുഗോപാലാണെന്ന സംശയമുയര്‍ന്നിരുന്നു. ഇത്തരത്തില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്കെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന സുധാകരനെ തള്ളി മുന്നോട്ടുപോവാനാവില്ലെന്നു പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നത് തത്വത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Remarks against CM: Chennithala and Shanimol change voices for fear of 'Sudhakaran effect'

Next Story

RELATED STORIES

Share it