Big stories

വഡോദരയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; വിമാനത്താവളം അടച്ചു, സ്‌കൂളുകള്‍ക്ക് അവധി

അഹമ്മദാബാദ് പട്ടണത്തിലെയും സെന്‍ട്രല്‍ ഗുജറാത്തിലെയും മിക്ക ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് ഗതാഗതസംവിധാനങ്ങളെല്ലാം താറുമാറായി. കനത്ത മഴയില്‍ വഡോദര വിമാനത്താവളം അടച്ചതായി അധികൃതര്‍ അറിയിച്ചു. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി.

വഡോദരയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; വിമാനത്താവളം അടച്ചു, സ്‌കൂളുകള്‍ക്ക് അവധി
X

ഗാന്ധിനഗര്‍: 12 മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത റെക്കോര്‍ഡ് മഴയില്‍ ഗുജറാത്തിലെ വഡോദര വെള്ളത്തിലായി. അഹമ്മദാബാദ് പട്ടണത്തിലെയും സെന്‍ട്രല്‍ ഗുജറാത്തിലെയും മിക്ക ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് ഗതാഗതസംവിധാനങ്ങളെല്ലാം താറുമാറായി. കനത്ത മഴയില്‍ വഡോദര വിമാനത്താവളം അടച്ചതായി അധികൃതര്‍ അറിയിച്ചു. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ അഹമ്മദാബാദ് വഴി തിരിച്ചുവിട്ടു. പാളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വഡോദര വഴിയുള്ള 22 ട്രെയിനുകളും റദ്ദാക്കി. വഡോദര റെയില്‍വേ സ്‌റ്റേഷന്‍ അടച്ചിരിക്കുകയാണ്.


കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് വഡോദരയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അടുത്ത രണ്ടുദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുവരെ റെക്കോഡ് മഴയാണ് വഡോദരയില്‍ ലഭിച്ചത്. 12 മണിക്കൂറിനിടെ വഡോദരയില്‍ 442 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. വഡോദരയ്ക്ക് പുറമെ അഹമ്മദാബാദ്, കര്‍ജാന്‍, ദബോഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ പെയ്തിരുന്നു.


വഡോദരയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ദേശീയ ദുരന്തപ്രതിരോധസേന നിരവധി പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച വൈകീട്ട് ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it