Big stories

പാര്‍ലമെന്റില്‍ ഇന്ന് റഫാലും അഗസ്റ്റ വെസ്റ്റ്‌ലാന്റും ഏറ്റുമുട്ടും

റഫാലിനെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ രണ്ടുസഭകളിലും നടപടികള്‍ തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. ചര്‍ച്ചയില്‍നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുകയാണെന്ന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കുറ്റപ്പെടുത്തലിന് മറുപടിയായാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ട്ടിയുടെ ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയത്.

പാര്‍ലമെന്റില്‍ ഇന്ന് റഫാലും അഗസ്റ്റ വെസ്റ്റ്‌ലാന്റും ഏറ്റുമുട്ടും
X

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ഭരണപ്രതിപക്ഷ കക്ഷികളുടെ ഏറ്റുമുട്ടലിന് വേദിയാവും. റഫാല്‍ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകളുന്നയിച്ചാണ് പ്രതിപക്ഷം അങ്കത്തിനൊരുങ്ങുന്നത്. റഫാലിനെ വെട്ടാന്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസാണു ബിജെപിയുടെ തുറുപ്പുചീട്ട്.


റഫാലിനെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ രണ്ടുസഭകളിലും നടപടികള്‍ തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. ചര്‍ച്ചയില്‍നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുകയാണെന്ന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കുറ്റപ്പെടുത്തലിന് മറുപടിയായാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ട്ടിയുടെ ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയത്. ബുധനാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമയം ബിജെപി തീരുമാനിച്ചാല്‍ മതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് ഡപ്യൂട്ടി ചീഫ് വിപ്പ് കെ സി വേണുഗോപാല്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണു റഫാല്‍ വിഷയം സഭ ചര്‍ച്ചയ്‌ക്കെടുക്കുക. വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമാവധി കടന്നാക്രമിക്കുകയാണു ലക്ഷ്യം.

ഇടപാടിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്നും പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നുമാണ് കോണ്‍ഗ്രസിന്റെ മുഖ്യ ആവശ്യം. ചര്‍ച്ചയ്ക്ക് തയ്യാറായി എന്നത്, ജെപിസി എന്ന ആവശ്യത്തില്‍നിന്നുള്ള പിന്നാക്കംപോക്കല്ലെന്ന് കോണ്‍ഗ്രസ് ഡെപ്യൂട്ടി ചീഫ് വിപ്പ് കെ സി വേണുഗോപാല്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ റഫാലുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കാനാവും. അതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പ്രതിരോധ ഇടപാട് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ് ഉയര്‍ത്തിക്കാട്ടി തിരിച്ചടിക്കുക എന്നതാണു ബിജെപി തന്ത്രം. കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ മൊഴിയാണ് ആയുധമാക്കുക.


ബുധനാഴ്ച ചര്‍ച്ച നടക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വിഷയമുന്നയിച്ച് സംസാരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റിനു പുറത്ത് അദ്ദേഹം സര്‍ക്കാരിനെതിരേ രൂക്ഷമായ ആക്രമണം നടത്തിവരികയാണ്. ഇന്നലെ വൈകിട്ടു ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. കഴിഞ്ഞ ജൂലൈ 20നു സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കവെ രാഹുല്‍ നിരത്തിയ ആരോപണങ്ങളാണു റഫാല്‍ വിവാദം ആളിക്കത്തിച്ചത്. ഇക്കാര്യത്തില്‍ ഇന്നു രാവിലെ അന്തിമ തീരുമാനമെടുക്കും.


അഗസ്തയെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ നേരിടുന്നത് തങ്ങള്‍ക്ക് ഗുണമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദം. അഗസ്തയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നടപടി ആരംഭിച്ചതും കേസു നടത്തി കരാര്‍ തുകയടക്കം തിരിച്ചുപിടിച്ചതും യുപിഎ കാലത്താണ്. തുടര്‍ന്നെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ അഗസ്തയ്ക്ക് 'മേയ്ക്ക് ഇന്‍ ഇന്ത്യ'യിലടക്കം ഇടം നല്‍കി അവരെ സഹായിക്കുകയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.




Next Story

RELATED STORIES

Share it