Big stories

റഫേല്‍: പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രം

ദി ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

റഫേല്‍: പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: റഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. റഫേലിന്റെ സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഈ രേഖകളുടെ അടിസ്ഥാനത്തിലാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ദി ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

റഫേലില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യകത തള്ളിയ 2018 ഡിസംബറിലെ കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവരാണ് റഫേല്‍ കേസില്‍ പുതിയ രേഖകള്‍ പുറത്തു വന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോതിയെ സമീപിച്ചത്. എന്നാല്‍ പുതിയ രേഖകള്‍ പരിഗണിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആദ്യം വ്യക്തമാക്കിയത്. പഴയ രേഖകളുടെ അടിസ്ഥാനത്തില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു.

പുന:പരിശോധന ഹരജി തള്ളണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫേലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. പ്രതിരോധ മന്ത്രാലത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് മാധ്യമ റിപ്പോര്‍ട്ടുകളെന്നാണ് കേന്ദ്രത്തിന്റെ വാദം. മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹരജികള്‍ സമര്‍പ്പിച്ചതെന്നതിനാല്‍ അവ തള്ളിക്കളയണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഇത്തരം രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഫേല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

അതേസമയം, സീലുവെച്ച കവറില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച വസ്തുതാവിരുദ്ധമായ ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു കോടതിയുടെ മുന്‍ വിധിന്യായമെന്ന് ഹരജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. കോടതിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ധരിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it