Big stories

'പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ചു, ഏത് നിമിഷവും അവര്‍ എന്നെ കൊല്ലും' ഫസല്‍ വധക്കേസില്‍ സിപിഎം പങ്ക് പുറത്തുകൊണ്ടുവന്ന റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനെ വീണ്ടും വേട്ടയാടുന്നു

പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ സ്വകാര്യസ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുകയാണ് ഇദ്ദേഹം. ജീവന് ഭീഷണിയുള്ളതിനാല്‍ മറ്റൊരു സംസ്ഥാനത്താണ് താമസം. ഗവേഷക വിദ്യാര്‍ഥിയായ എന്റെ മകള്‍ക്ക് ഹോസ്റ്റല്‍ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ട് ടൈം ഗവേഷണം തിരഞ്ഞെടുത്തു. ബിരുദാനന്തര ബിരുദധാരിയായ എന്റെ മകന് സിവില്‍ സര്‍വീസ് കോച്ചിങ് കോഴ്‌സ് ഉപേക്ഷിക്കേണ്ടിവന്നു.

പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ചു, ഏത് നിമിഷവും അവര്‍ എന്നെ കൊല്ലും ഫസല്‍ വധക്കേസില്‍ സിപിഎം പങ്ക് പുറത്തുകൊണ്ടുവന്ന റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനെ വീണ്ടും വേട്ടയാടുന്നു
X

കോഴിക്കോട്: 'എപ്പോള്‍ വേണമെങ്കിലും അവര്‍ എന്നെ കൊല്ലും. എന്റെ വിധി അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, അതിന് മുമ്പ് എന്റെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആഗ്രഹം'- ഫസല്‍ വധക്കേസില്‍ സിപിഎമ്മിന്റെ പങ്ക് ആദ്യം പുറത്തുകൊണ്ടുവന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ കെ രാധാകൃഷ്ണന്റെ നിസ്സഹായത വെളിവാക്കുന്ന വാക്കുകളാണിത്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഫസല്‍ വധക്കേസില്‍ സിപിഎമ്മിന് അനുകൂലമായി അന്വേഷണം നടത്താത്തതിന്റെ പേരിലാണ് വിരമിച്ച ഐപിഎസ് ഓഫിസറായ രാധാകൃഷ്ണനെ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

വിരമിക്കല്‍ ആനുകൂല്യങ്ങളോ പെന്‍ഷന്‍ ആനുകൂല്യങ്ങളോ പോലും ഇനിയും കിട്ടിയിട്ടില്ല. കേരള ആംഡ് പോലിസ് ഫിഫ്ത് ബറ്റാലിയന്‍ കമാന്‍ഡന്റായാണ് അദ്ദേഹം വിരമിക്കുന്നത്. പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ സ്വകാര്യസ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുകയാണ് ഇദ്ദേഹം. ജീവന് ഭീഷണിയുള്ളതിനാല്‍ മറ്റൊരു സംസ്ഥാനത്താണ് താമസം. ഗവേഷക വിദ്യാര്‍ഥിയായ എന്റെ മകള്‍ക്ക് ഹോസ്റ്റല്‍ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ട് ടൈം ഗവേഷണം തിരഞ്ഞെടുത്തു. ബിരുദാനന്തര ബിരുദധാരിയായ എന്റെ മകന് സിവില്‍ സര്‍വീസ് കോച്ചിങ് കോഴ്‌സ് ഉപേക്ഷിക്കേണ്ടിവന്നു.

കേസ് നേരിടാന്‍ എനിക്ക് എന്റെ കുടുംബ സ്വത്ത് വില്‍ക്കേണ്ടിവന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ എന്റെ വീട് ബാങ്ക് ലേലം ചെയ്തു- പറഞ്ഞു. സിപിഎം വേട്ടയാടുന്നതിന്റെ പേരില്‍ സത്യസന്ധമായി കേസ് അന്വേഷിച്ച പോലിസുദ്യോഗസ്ഥന്‍ അനുഭവിക്കുന്ന ദുരിതജീവിതം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് പുറംലോകത്തെത്തിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെട്ട സംഘമാണെന്ന് വ്യക്തമാക്കുന്ന സിബിഐ തുടരന്വേഷണ റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഫസല്‍ കൊലപാതകത്തില്‍ കാരായിമാര്‍ക്ക് പങ്കുണ്ടെന്ന് ആദ്യം കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് രാധാകൃഷ്ണന്‍.

ദുരിതം തുടങ്ങിയത് കോടിയേരിയുടെ ആവശ്യം നിരസിച്ചപ്പോള്‍

2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ആക്രമണം. അന്ന് കണ്ണൂര്‍ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ ഡിവൈഎസ്പിയായിരുന്നു രാധാകൃഷ്ണന്‍. കണ്ണൂര്‍ ഡിഐജിയായിരുന്ന അനന്ദകൃഷ്ണന്‍, ഫസല്‍ വധം അന്വേഷിക്കാനായി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. കെ രാധാകൃഷ്ണനെ പ്രത്യേക അന്വേഷണസംഘത്തലവനാക്കാന്‍ കാരണമായത് പല കേസുകളിലും അദ്ദേഹം കാട്ടിയ മികവായിരുന്നു.

ശ്രമകരമായ ഏഴ് കേസുകള്‍ അദ്ദേഹം തെളിയിച്ചിരുന്നു. ഫസല്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം സിപിഎം അക്രമത്തിനെതിരേ ഒരു പ്രതിഷേധയോഗം സംഘടിപ്പിക്കുകയും പാര്‍ട്ടി ഏരിയാ സെക്രട്ടറി കാരായി രാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ഈ നാലുപേരെയും രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിന് മുമ്പും ശേഷവുമുള്ള ഇവരുടെ സകല നീക്കങ്ങളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. എന്നാല്‍, ഇവര്‍ക്ക് കൊലപാതകവുമായി ഏതെങ്കിലും തരത്തില്‍ ബന്ധവുമുള്ളതായി കണ്ടെത്താനായില്ല. ഇതെത്തുടര്‍ന്ന് ഇവരെ വിട്ടയക്കുകയും ചെയ്തു.

ഫസല്‍ വധത്തിന് രണ്ടുദിവസത്തിന് ശേഷം ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് ഏഴുദിവസത്തിനകം കുറ്റപത്രം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ട് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ താന്‍ മോചിപ്പിച്ചത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചു. അതിനിടെ, പ്രദേശത്തെ 300 പേരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ രാധാകൃഷ്ണന്‍ ശേഖരിച്ചു. സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്റെ അടുത്ത അനുയായി കലേഷ് എന്നയാള്‍, ഫസല്‍ കൊല്ലപ്പെട്ട സമയത്ത്, പുലര്‍ച്ചെ 3.45ന് കാരായി രാജനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. ഇതിന് മിനിറ്റുകള്‍ക്കകം സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലെ ഫോണില്‍നിന്നും തലശ്ശേരിയിലെ മൂന്ന് ആശുപത്രികളിലേക്കും ഫോണ്‍ വിളികള്‍ പോയതായി കണ്ടെത്തി. ഇതിന് രണ്ടുദിവസത്തിന് ശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ചു.

എന്താണ് ഉദ്ദേശമെന്ന് ചോദിച്ചുവെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് മുമ്പ് തന്റെ അനുവാദം വാങ്ങണമെന്നും കോടിയേരി നിര്‍ദേശിച്ചു. തന്റെ ടീം അംഗങ്ങളോട് ശത്രുതയുമായി. ഇതോടെ അന്വേഷണം നിലച്ചു. പത്ത് ദിവസത്തിന് ശേഷം എന്നെ അന്വേഷണത്തില്‍നിന്ന് മാറ്റി പ്രത്യേക സംഘം പിരിച്ചുവിട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി- കെ രാധാകൃഷ്ണന്‍ പറയുന്നു. ഫസല്‍ വധക്കേസ് അന്വേഷണത്തിനിടെ തന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലിസ് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ നല്‍കിയ മൂന്ന് സാക്ഷികളുടെ ദുരുഹമരണവും സംശയകരമാണ്.

ബിജെപി നേതാവ് വല്‍സരാജക്കുറുപ്പിനെ ബ്ലേഡ് മാഫിയ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മിന്റെ മുന്‍ ആക്ഷന്‍ സംഘത്തിലെ അംഗമായിരുന്ന പഞ്ചാര ഷിനിലിനെ 2007 ല്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷാജിയും ദുരൂഹമായി കൊല്ലപ്പെടുകയായിരുന്നുവെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.

സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം, നട്ടെല്ല് തകര്‍ന്നു

2006 ഡിസംബര്‍ 15നാണ് സിപിഎം പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ ക്രൂരമായി ആക്രമിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. അതിനിടെ, അസാന്‍മാര്‍ഗിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടെന്നാരോപിച്ച് രാധാകൃഷ്ണനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതിനിടെ മൂന്നുതവണ തനിക്ക് നേരേ ആക്രമണമുണ്ടായതായി കെ രാധാകൃഷ്ണന്‍ പറയുന്നു. കണ്‍ഫേംഡ് ഐപിഎസ് ലഭിച്ചതിന് ശേഷം 2016 ല്‍ വീണ്ടും രാധാകൃഷ്ണനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

നാലര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തിരികെ സര്‍വീസില്‍ കയറിയത്. തുടര്‍ന്ന് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിക്കപ്പെട്ടു. എന്നാല്‍, വിരമിക്കുന്നതിന് ഒരുദിവസം മുമ്പ്, 2021 ഏപ്രില്‍ 29 ന് അച്ചടക്ക നടപടിയെടുക്കുന്നതായി കാണിച്ച് തനിക്ക് മെമ്മോ നല്‍കി. ഇതിന്റെ പേരില്‍ വിരമിക്കല്‍ ആനുകൂല്യവും നിഷേധിച്ചു. വൈകീട്ട് 4.30ന് ഒരു പ്രത്യേക സന്ദേശവാഹകനാണ് മെമ്മോയുമായി വന്നത്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഇത് ചെയ്തത്. പ്രഫഷനല്‍ പെന്‍ഷനുവേണ്ടിയുള്ള എന്റെ അപേക്ഷ പോലും നിരസിക്കപ്പെട്ടു- രാധാകൃഷ്ണന്‍ പറയുന്നു.

സിബിഐ കണ്ടെത്തിയത് രാധാകൃഷ്ണന്‍ ആദ്യമേ പറഞ്ഞു

ഫസല്‍ വധക്കേസിന് പിന്നില്‍ കാരായിമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണെന്നാണ് സിബിഐയുടെ തുടരന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തല്‍. ഫസല്‍ കൊലക്കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍തന്നെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണന്‍ സിപിമ്മിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടിയതാണ്. കാരായിമാര്‍ക്ക് കൊലപാതകത്തിലുള്ള പങ്ക് പുറത്തുകൊണ്ടുവരാനുള്ള ശ്രമം നടക്കവെയാണ് അദ്ദേഹത്തെ അന്വേഷണത്തില്‍നിന്ന് മാറ്റുന്നത്. പിന്നീടങ്ങോട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയും എങ്ങുമെത്താതെ പോവുകയുമായിരുന്നു.

ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. 2012ല്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കേ്‌സ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം ആരംഭിച്ചു. സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെ ഇ സുബീഷ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു.

ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിന്റെ മൊഴി. സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹരജിയിലാണ് സിബിഐയോട് തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍, സുബീഷിന്റെ ഈ മൊഴി പോലിസ് കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണെന്ന് സിബിഐ തുടരന്വേഷണ റിപോര്‍ട്ടില്‍ കണ്ടെത്തിയതോടെ സിപിഎം വീണ്ടും വെട്ടിലായിരിക്കുകയാണ്.


Next Story

RELATED STORIES

Share it