Big stories

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് വിധി പറയാന്‍ മാറ്റി

മാപ്പ് പറയാന്‍ അരമണിക്കൂര്‍ സമയം നല്‍കിയെങ്കിലും തയ്യാറായില്ല

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് വിധി പറയാന്‍ മാറ്റി
X

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് വിധി പറയാന്‍ മാറ്റിവച്ചു. സപ്തംബര്‍ 10ലേക്കാണു വിധി പറയാന്‍ വേണ്ടി മാറ്റിവച്ചത്.കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ സുപ്രിംകോടതി ഇന്നും മാപ്പ് പറയാന്‍ പ്രേരിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ല. ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുന്ന സെപ്തംബര്‍ രണ്ടിനു മുമ്പ് കേസില്‍ വിധി പ്രസ്താവിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അര മണിക്കൂറിനുള്ളില്‍

മാപ്പ് പറയുകയാണെങ്കില്‍ കേസ് അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയെങ്കിലും ഉച്ചയ്ക്ക് ശേഷം പ്രശാന്ത് ഭൂഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അദ്ദേഹം മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് അറിയിക്കുകയായിരുന്നു. മാത്രമല്ല, ഉത്തമ ബോധ്യത്തോടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും അത്തരമൊരു കാര്യത്തില്‍ മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. മാപ്പ് പറയാന്‍ കോടതി നിര്‍ബന്ധിക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം കേസില്‍ വാദംകേട്ട സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് മാപ്പു പറയാന്‍ തിങ്കളാഴ്ചവരെ പ്രശാന്ത് ഭൂഷണ് സമയം നല്‍കിയിരുന്നു. എന്നാല്‍, മാപ്പ് പറയാന്‍ തയ്യാറല്ലെന്നും കോടതിയില്‍ നിന്നു ദയ യാചിക്കുന്നില്ലെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ നിലപാട്. ഇതേത്തുടര്‍ന്ന് കേസില്‍ വിധിപറയാന്‍ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. ആത്മാര്‍ഥതയില്ലാത്ത മാപ്പുപറച്ചില്‍ കാപട്യവും ആത്മവഞ്ചനയുമാണെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചത്. ആഗസ്ത് 20ന് സുപ്രിംകോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ സ്വീകരിച്ച നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് ഇന്ന് സമര്‍പ്പിച്ച രണ്ടു പേജുള്ള പ്രസ്താവനയിലും ഭൂഷണ്‍ ആവര്‍ത്തിച്ചു.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കില്‍ ഹെല്‍മറ്റില്ലാതെ ഇരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതും മറ്റൊരിക്കല്‍ സുപ്രിംകോടതിയെ വിമര്‍ശിച്ചതുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരേ സുപ്രിംകോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കാന്‍ കാരണം.

Prashanth Bhushan case: Supreme court hearing is over




Next Story

RELATED STORIES

Share it