Big stories

ഉന്നാവോ യുവതിയുടെ വീട് പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘം സന്ദര്‍ശിച്ചു

പോപുലര്‍ ഫ്രണ്ട് സംസ്ഥാന കോ-ഓഡിനേറ്റര്‍ വസീം അഹ് മദ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന സമീഉദ്ദീന്‍ നദ്‌വി എന്നിവരാണ് സന്ദര്‍ശിച്ചത്

ഉന്നാവോ യുവതിയുടെ വീട് പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘം സന്ദര്‍ശിച്ചു
X

ലക്‌നോ(യുപി): ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ യുവതിയെ പ്രതികളടങ്ങുന്ന സംഘം തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ യുവതിയുടെ വീട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സംസ്ഥാന കോ-ഓഡിനേറ്റര്‍ വസീം അഹ് മദ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന സമീഉദ്ദീന്‍ നദ്‌വി എന്നിവരാണ് സന്ദര്‍ശിച്ചത്.

താഴ്ന്ന ജാതിയില്‍പെട്ട കൊല്ലപ്പണിക്കാരുടെ വിഭാഗത്തില്‍പെട്ട ഇരയുടെ കുടുംബം സാമ്പത്തികമായും പിന്നാക്ക വിഭാഗമാണ്. ഉന്നത ജാതിക്കാരായ പ്രതികളില്‍ നിന്നു നേരത്തേ ഭീഷണിയുണ്ടായിരുന്നതായി കുടുംബം പ്രതിനിധി സംഘത്തോട് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ മൂന്നുമാസം മുമ്പ് ജാമ്യം നേടി പുറത്തുവന്ന ശേഷം ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. കേസിന്റെ ആവശ്യാര്‍ഥം റായ് ബറേലി കോടതിയിലേക്ക് ട്രെയിനില്‍ പോവാന്‍ രാവിലെ പുറപ്പെട്ടതായിരുന്നു. ഇതിനിടെയാണ്, ബലാല്‍സംഗ കേസ് പ്രതിയായ ശിവം ത്രിപാഠിയും നാലുപേരും ചേര്‍ന്ന് ആക്രമണം നടത്തിയതെന്ന് കുടുംബം പറഞ്ഞതായി വസീം അഹ് മദ് തേജസ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ നിരവധി പേര്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തുന്നുണ്ട്. എന്നാല്‍, കുടുംബത്തിന് കാര്യമായ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. യുവതിയുടെ സംസ്‌കാരം നടന്നശേഷം വീണ്ടും സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇരയുടെ കുടുംബത്തിന് പോപുലര്‍ ഫ്രണ്ടിന്റെ എല്ലാവിധ പിന്തുണയും പ്രതിനിധി സംഘം വാഗ്ദാനം ചെയ്തു. ആവശ്യമാണെങ്കില്‍ നിയമ സഹായം നല്‍കാനും തയ്യാറാണെന്ന് വസീം അഹ് മദ് പറഞ്ഞു.

2018 മാര്‍ച്ചില്‍ കൂട്ടബലാല്‍സംഗത്തിനിരയായ 23കാരിയെ ഡിസംബര്‍ അഞ്ചിന് വ്യാഴാഴ്ച രാവിലെയാണ് പ്രതികളുള്‍പ്പെട്ട അഞ്ചംഗസംഘം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബലാല്‍സംഗക്കേസില്‍ മൊഴിനല്‍കാന്‍ കോടതിയില്‍ ഹാജരാവാനുള്ള യാത്രക്കിടെയാണു കേസിലെ പ്രതിയുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസംബര്‍ ഏഴിനു രാത്രി 11.4ഓടെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ യുപി പോലിസിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.






Next Story

RELATED STORIES

Share it