Big stories

പോക്‌സോ നിയമഭേദഗതി ബില്ലിന് മന്ത്രിസഭാ അംഗീകാരം; പീഡകര്‍ക്ക് വധശിക്ഷ

കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പോക്‌സോ നിയമഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

പോക്‌സോ നിയമഭേദഗതി ബില്ലിന് മന്ത്രിസഭാ അംഗീകാരം; പീഡകര്‍ക്ക് വധശിക്ഷ
X

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പോക്‌സോ നിയമഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പോക്‌സോ നിയമത്തിലെ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. കുട്ടികളെ ലൈംഗികപീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പോക്‌സോ നിയമത്തിലെ വിവിധ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു.

പോക്‌സോ നിയമത്തിലെ സെക്ഷന്‍ നാല്, അഞ്ച്, ആറ്, ഒമ്പത്, 14, 15, 42 എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ക്രൂരമായ ലൈംഗികപീഡനത്തിന് കുട്ടികളെ ഇരയാക്കിയാല്‍ പരമാവധി വധശിക്ഷ നല്‍കുക എന്നതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. പ്രകൃതിദുരന്തങ്ങളും സംഘര്‍ഷ സാഹചര്യങ്ങളും ചൂഷണം ചെയ്ത് നടക്കുന്ന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക വ്യവസ്ഥകളുണ്ടാകും.

പ്രായത്തില്‍ കവിഞ്ഞ ലൈംഗികവളര്‍ച്ചയുണ്ടാവാന്‍ കുട്ടികള്‍ക്ക് ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും കുറ്റകരമാവും. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും സൂക്ഷിക്കുന്നതും കടുത്ത കുറ്റകൃത്യമാക്കാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വന്‍തുക പിഴയും ശിക്ഷയും നല്‍കാനാണ് നിര്‍ദേശം.

12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയാല്‍ വധശിക്ഷ ഉറപ്പാക്കുന്ന ക്രിമിനല്‍ നിയമ ഭേദഗതിക്കു പിന്നാലെയാണ് പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമഭേദഗതി കൂടി വരുന്നതോടെ 18 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷയായി വധശിക്ഷ വരെ നല്‍കാനാകും.

നിയമത്തിലെ നാല്, അഞ്ച്, ആറ് സെക്ഷനുകള്‍ ഭേദഗതി ചെയ്താണ് പരമാവധി ശിക്ഷ വധശിക്ഷ വരെയാക്കുന്നത്. ലൈംഗികപീഡനത്തിന്റെ നിര്‍വചനം കൂടുതല്‍ കൃത്യവും വ്യാപ്തിയുള്ളതുമാക്കും. ഇരകളാകുന്നത് 18 വയസ്സിന് താഴെയുള്ളവരെങ്കില്‍ പോക്‌സോ നിയമം നിര്‍ബന്ധമായും ബാധകം. നിയമഭേദഗതി പ്രകാരം കുട്ടികളുടെ പുനരധിവാസം, കൗണ്‍സലിങ്, ആരോഗ്യസംരക്ഷണം, സ്വകാര്യത എന്നിവയ്ക്ക് കര്‍ശന വ്യവസ്ഥകളുണ്ടാകും.

സമീപകാലത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ചൂഷണങ്ങള്‍ രാജ്യത്തു വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത്. ആഗോളതലത്തില്‍ നടന്ന പല സര്‍വേകളിലും പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.




Next Story

RELATED STORIES

Share it