Big stories

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക്‌ 3076 കോടി കൊടുത്തവരുടെ പേര് വെളിപ്പെടുത്താതെ കേന്ദ്രം

ഓഡിറ്റ് രേഖ പിഎം കെയര്‍ ഫണ്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഒന്ന് മുതല്‍ ആറ് വരെയുള്ള കുറിപ്പുകള്‍ പരസ്യമാക്കിയിട്ടില്ല.

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക്‌ 3076 കോടി കൊടുത്തവരുടെ പേര് വെളിപ്പെടുത്താതെ കേന്ദ്രം
X

ന്യൂഡല്‍ഹി: പിഎം കെയേഴ്‌സ് ഫണ്ടിലേക്ക്‌ 3076 കോടി കൊടുത്തവരുടെ പേര് വെളിപ്പെടുത്താതെ കേന്ദ്രം. കൊവിഡ് പ്രതിരോധത്തിനായി തുടങ്ങിയ പിഎം കെയര്‍ ഫണ്ടിലേക്ക് അഞ്ച് ദിവസത്തിനുള്ളില്‍ 3,076 കോടി രൂപ എത്തിയെന്ന് സര്‍ക്കാരിന്റെ ഓഡിറ്റ് രേഖ പറയുമ്പോഴും ഇത്രയും വലിയ തുക നൽകിയവരുടെ വിവരങ്ങൾ സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് മുൻ ധനമന്ത്രി ചിദംബരം ആരോപിച്ചു.

ഫണ്ട് തുടങ്ങിയ മാര്‍ച്ച് 27 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളിലാണ്‌ ഇത്രയും തുക എത്തിയതെന്നും രേഖ പറയുന്നു. 3076 കോടി രൂപയില്‍ 3075.85 കോടി രൂപ തദ്ദേശീയരില്‍ നിന്ന് ലഭിച്ച സംഭാവനയാണെന്നും 39.67 ലക്ഷം രൂപ വിദേശ സംഭാവനയിലൂടെ ലഭിച്ചെന്നും പറയുന്നു. പ്രാരംഭ തുകയായി 2.25 ലക്ഷം ഫണ്ടിലുണ്ടായിരുന്നു. ഫണ്ടിന് ഏകദേശം 35 ലക്ഷത്തോളം പലിശയായി ലഭിച്ചുവെന്നും ഓഡിറ്റ് റിപോര്‍ട്ടില്‍ പറയുന്നു.

ഓഡിറ്റ് രേഖ പിഎം കെയര്‍ ഫണ്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഒന്ന് മുതല്‍ ആറ് വരെയുള്ള കുറിപ്പുകള്‍ പരസ്യമാക്കിയിട്ടില്ല. ഫണ്ടിലേക്ക് സംഭാവന ചെയ്ത ആഭ്യന്തര-വിദേശ ദാതാക്കളുടെ വിവരമാണ് ഈ കുറിപ്പിലുള്ളത്. ഇത് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഈ ഉദാരമായ ദാതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താത്തതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ട്വിറ്ററിലൂടെ ചോദിച്ചു.

പരിധിയില്‍ കൂടുതല്‍ തുക സംഭാവന ചെയ്യുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ എല്ലാ എന്‍ജിഒകളും ട്രസ്റ്റുകളും ബാധ്യസ്ഥരാണ്. എന്തുകൊണ്ടാണ് പിഎം കെയര്‍ ഫണ്ടിനെ ഈ നിബന്ധനയില്‍ നിന്നൊഴിവാക്കിയതെന്ന് ചിദംബരം ചോദിച്ചു. ദാതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ട്രസ്റ്റികള്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യം ചെയ്തു.‌ നേരത്തെ പിഎം കെയര്‍ സംബന്ധിച്ച് വിവരാവകാശം വഴി രേഖകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചിരുന്നു.

Next Story

RELATED STORIES

Share it