Big stories

പൈലറ്റുമാരുടെ സമരം: ലുഫ്ത്താന്‍സയുടെ 800 വിമാനങ്ങള്‍ റദ്ദാക്കി; ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

പൈലറ്റുമാരുടെ സമരം: ലുഫ്ത്താന്‍സയുടെ 800 വിമാനങ്ങള്‍ റദ്ദാക്കി; ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
X

ന്യൂഡല്‍ഹി: ഫ്രഞ്ച് വിമാനക്കമ്പനി ലുഫ്ത്താന്‍സയുടെ വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. 700ഓളം യാത്രക്കാരും അവരുടെ ബന്ധുക്കളുമാണ് വിമാനത്തവാളത്തില്‍ യാത്രതുടങ്ങാനാവാതെ കുടുങ്ങിക്കിടക്കുന്നത്.

പൈലറ്റുമാരുടെ സമരത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സയുടെ 800ഓളം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ സൂചനാസമരമാണ് പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ പന്ത്രണ്ടു മണിയോടെയാണ് യാത്രക്കാര്‍ തടിച്ചുകൂടുന്നതായ വിവരം എയര്‍പോര്‍ട്ട് പോലിസിന് ലഭിക്കുന്നത്. ഒന്നാം നമ്പര്‍ ഗേറ്റില്‍ എത്തിയപ്പോഴേക്കും അവിടെ വളരെയധികം പേര്‍ തടിച്ചുകൂടിയിരുന്നു. ഒന്നുകില്‍ പണം തിരിച്ചുതരണമെന്നും അല്ലെങ്കില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.

ലുഫ്താന്‍സ എയര്‍ലൈന്‍ ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലേക്കും രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. അവ രണ്ടും റദ്ദാക്കി.

''അന്വേഷണത്തില്‍, ലുഫ്താന്‍സ എയര്‍ലൈനിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയതായി കണ്ടെത്തി. 300 യാത്രക്കാരുള്ള എല്‍എച്ച് 761 (ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്) 2.50ന് പുറപ്പെടാനുള്ളതാണ്. മറ്റൊരു ലുഫ്താന്‍സ വിമാനം എല്‍എച്ച് 763 ഡല്‍ഹിയില്‍ നിന്ന് മ്യൂണിച്ചിലേക്കുള്ളതാണ്. 400 യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഈ വിമാനം 1.15ഓടെ റദ്ദാക്കി.

'ലുഫ്താന്‍സ എയര്‍ലൈനിലെ പൈലറ്റുമാരുടെ ഏകദിന സമരത്തിന്റെ ഭാഗമായി ആഗോളതലത്തില്‍ വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്''- എയര്‍പോര്‍ട്ട് പോലിസ് പറഞ്ഞു.

ലുഫ്ത്താന്‍സയിലെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞതോടെ വിമാനത്താവളത്തില്‍ സുരക്ഷാപ്രശ്‌നം രൂക്ഷമായി. യാത്രക്കാര്‍ ടെര്‍മിനിലില്‍ കൂടിനിന്നത് ആശങ്കയുളവാക്കി.

യാത്രക്കാരുടെ കുടുംബാംഗങ്ങളാണ് കൂടിയവരില്‍ ഭൂരിഭാഗവുമെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. മുന്‍കൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയത് വലിയ പ്രിതിഷേധത്തിനും കാരണമായി. വിമാനത്താവള അധികൃതരും പോലിസും ചേര്‍ന്നാണ് യാത്രക്കാരെ ശാന്തരാക്കിയത്. വിമാനക്കമ്പനിയുമായി ആലോചിച്ച് ബദല്‍മാര്‍ഗം തയ്യാറാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഡിസിപി തനു ശര്‍മ പറഞ്ഞു.

വിമാനത്താവളത്തില്‍ രൂക്ഷമായി പ്രതികരിക്കുന്ന യാത്രക്കാരുടെ വീഡിയോ ഇതിനിടയില്‍ വൈറലായി.

ലുഫ്താന്‍സ വിമാനങ്ങള്‍ റദ്ദാക്കിയതോടെ 1,33,000 യാത്രക്കാരാണ് ലോകമാസകലം കുടുങ്ങിക്കിടക്കുന്നത്.

പൈലറ്റുമാരുടെ യൂനിയനാണ് സമരം പ്രഖ്യാപിച്ചത്. സ്ഥിതിഗതി നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

5.05 ശതമാനം ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് 5,000 പൈലറ്റുമാര്‍ സമരം തുടങ്ങിയത്. 2023ലെ പണപ്പെരുപ്പം കണക്കിലെടുത്ത് ശമ്പളം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

കൊവിഡ് കാലത്ത് ലുഫ്ത്താന്‍സ നിരവധി ശമ്പളക്കരാറുകള്‍ റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it