Big stories

അറഫാ സംഗമം പൂര്‍ത്തിയായി; നിര്‍വൃതിയുടെ നിറവില്‍ ഹാജിമാര്‍ മുസ്ദലിഫയില്‍

മുസ്ദലിഫയില്‍ രാത്രി ചിലവഴിക്കുന്ന ഹാജിമാര്‍ രാവിലെ മിനായിലേക്ക് മടങ്ങും. ആദ്യ ജംറയില്‍ കല്ലേറ് നടത്തി ക്ഷൗ രം ചെയ്തു ഇഹ്‌റാമില്‍ നിന്നും മുക്തരാവും

അറഫാ സംഗമം പൂര്‍ത്തിയായി; നിര്‍വൃതിയുടെ നിറവില്‍ ഹാജിമാര്‍ മുസ്ദലിഫയില്‍
X

മുസ്ദലിഫ: വിശുദ്ധ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫയിലെ സംഗമം പൂര്‍ത്തിയാക്കി ഹാജിമാര്‍ ഇന്ന് രാത്രിയോടെ മുസ്ദലിഫയിലെത്തി. പ്രഭാത നമസ്‌കാരം കഴിഞ്ഞു അവര്‍ മിനായിലേക്ക് മടങ്ങും. വളരെ ജാഗ്രതയോടെയാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍. വ്യാഴാഴ്ച രാത്രി മിനായിലെത്തിയ ഹാജിമാര്‍ മസ്ജിദു കെയ്ഫിലെ പ്രാര്‍ഥനയ്ക്ക് ശേഷം പ്രത്യേകം സജീകരിച്ച കെട്ടിടത്തിലാണ് താമസിച്ചത്. സാധാരണ ഹാജിമാര്‍ ഉപയോഗിക്കുന്ന തമ്പുകള്‍ ഇത്തവണ ഉപയോഗിക്കുന്നില്ല. മുസ്ദലിഫയില്‍ രാത്രി ചിലവഴിക്കുന്ന ഹാജിമാര്‍ രാവിലെ മിനായിലേക്ക് മടങ്ങും. ആദ്യ ജംറയില്‍ കല്ലേറ് നടത്തി ക്ഷൗ രം ചെയ്തു ഇഹ്‌റാമില്‍ നിന്നും മുക്തരാവും

ഈ വര്‍ഷം വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായ അറഫാ പ്രഭാഷണം സൗദി ഉന്നത പണ്ഡിത സഭാ അംഗവും രാജകീയ ആസ്ഥാന ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മുനീഅ് നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം നമിറ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

പാപമോചനവും കരുണയും തേടുന്ന പ്രാര്‍ത്ഥനയില്‍ തീര്‍ത്ഥാടകര്‍ മുഴുകി, ഒപ്പം മുഴുവന്‍ മനുഷ്യരുടെയും ക്ഷേമത്തിനും ആഗോള സമാധാനത്തിനും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പ്രത്യേകിച്ചും പകര്‍ച്ചവ്യാധിയുടെ ആഘാതങ്ങളില്‍ നിന്ന് ലോകത്തെ രക്ഷിക്കണമെന്ന് അല്ലാഹുവിനോട് കേണു. തന്റെ പ്രസംഗത്തില്‍, ഭക്തരായിരിക്കണമെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തെ ഭയപ്പെടണമെന്നും ശൈഖ് അല്‍ മുനീഅ് ആവശ്യപ്പെട്ടു. നിലവിലുള്ള മഹാമാരിയെ പരാമര്‍ശിച്ച അദ്ദേഹം വിശ്വാസികള്‍ക്ക് ക്ഷമ പുലര്‍ത്താനും അവരുടെ സദ്കര്‍മ ങ്ങള്‍ വര്‍ദ്ധിപ്പിച്ച് ദൈവവുമായി കൂടുതല്‍ അടുക്കാനും ഏറ്റവും നല്ല സമയമാണന്നും ഓര്‍മിപ്പിച്ചു.

ഈ ലോകത്തിലെ ജീവിതം പ്രതിസന്ധികളില്‍ നിന്ന് മുക്തമല്ലെന്നും അല്ലാഹു നല്‍കിയ അനേകം നന്മകളും അനുഗ്രഹങ്ങളും ഓര്‍മിക്കാന്‍ പ്രതികൂല സാഹചര്യങ്ങള്‍ വിശ്വാസികളെ നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ അനന്തമായ കഴിവുകളും ദാനങ്ങളും തിരിച്ചറിയുന്നതിനും, താഴ്മയോടും, അനുതാപത്തോടും, പ്രത്യാശയോടും കൂടി അവനിലേക്ക് മടങ്ങിവരുന്നതിനായി മഹാമാരി കാലഘട്ടം വിനിയോഗിക്കാന്‍ അദ്ദേഹം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.''ഈ ലോകത്തിലെ പ്രതിസന്ധികള്‍ ആളുകള്‍ക്ക് ഒരു പരീക്ഷണമായി ആവര്‍ത്തിക്കുന്നു, പ്രതികൂല സാഹചര്യങ്ങള്‍ മനുഷ്യരെ പരലോകത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണന്നും പറുദീസയുടെ വാസസ്ഥലത്തിനായി ഒരുങ്ങാന്‍ അവരെ പ്രേരിപ്പിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ്, മലായ്, ഉറുദു, പേര്‍ഷ്യന്‍, ഫ്രഞ്ച്, ചൈനീസ്, ടര്‍ക്കിഷ്, റഷ്യന്‍, ഹമൗസ, ബംഗാളി എന്നിങ്ങനെ 10 ഭാഷകളിലേക്ക് പ്രഭാഷണം തദ്‌സമയം വിവര്‍ത്തനം ചെയ്തു. അതേസമയം അറഫയിലും മുസ്ദലിഫയിലും തീര്‍ഥാടകര്‍ക്ക് വൈദ്യസഹായത്തിന് ആരോഗ്യ മന്ത്രാലയം എല്ലാ സൗകര്യവും ഒരുക്കി. എല്ലാ തീര്‍ഥാടകരും സുരക്ഷിതരാണെന്നും ഇതുവരെ തീര്‍ഥാടകരില്‍ കൊവിഡ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. കൊറോണ വൈറസ് കേസുകള്‍ ഒറ്റപ്പെടുത്തുന്നതിനും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നതിനും മന്ത്രാലയം അറഫയില്‍ സംയോജിത ക്യാംപ് തയ്യാറാക്കിയിരുന്നു. .

കഅബക്ക് പുതിയ കിസ്വ

അതേസമയം, മക്കയില്‍ വിശുദ്ധ കഅ്ബയുടെ കിസ്‌വ ഇന്ന് മാറ്റി. 150 ഓളം സാങ്കേതിക വിദഗ്ദ്ധര്‍ ചേര്‍ന്നാണ് ഇന്ന് കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിക്ക് പുതിയ കിസ് വ ഏതാനും ദിവസം മുമ്പ് കൈമാറിയിരുന്നു. കിസ്വ ശുദ്ധമായ 670 കിലോ പട്ടിലാണ് നിര്‍മിച്ചത്. ഉയരം 14 മീറ്ററാണ്.മുകളില്‍ മൂന്നിലൊന്ന് ഭാഗം താഴെയായി നാലു ഭാഗവും ചുറ്റി 95 സെന്റി മീറ്റര്‍ വീതിയും 47 മീറ്റര്‍ നീളവുമുള്ള പട്ടയുണ്ട്. ചുറ്റും ഖുര്‍ആനിക സൂക്തങ്ങള്‍ ആലേഖനം ചെയ്തു നെയ്തെടുത്ത 16 ചതുര തുണി കഷണങ്ങളുണ്ട്. ഓരോ ഭാഗവും നാല് വലിയ കഷണങ്ങളോട് കൂടിയാണ്. അഞ്ചാമതൊരു കഷണം കഅ്ബയുടെ വാതില്‍ വിരിയാണ്.

700 കിലോ പട്ടും 120 കിലോ വെള്ളി, സ്വര്‍ണ നൂലുകളും ഉപയോഗിച്ചാണ് കിസ് വ തയാറാക്കുന്ന ത്. ഒരു കിസ് വ നിര്‍മിക്കുന്നതിന് എട്ടു മുതല്‍ ഒമ്പതു മാസം വരെ എടുക്കും. കിസ് വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്.




Next Story

RELATED STORIES

Share it