Big stories

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം: സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം; പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതിയില്‍

മുസ്‌ലിം സമുദായത്തിനെതിരേയുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലോ അല്ലെങ്കില്‍ സുപ്രിംകോടതിക്ക് ഉചിതമെന്ന് തോന്നുന്നതോ ആയ തരത്തിലുള്ള അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം: സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം; പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ സമീപകാലത്ത് നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ സ്വതന്ത്രവും വിശ്വസനീയവും നിക്ഷ്പക്ഷവുമായി അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹരജി. പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലിയുമാണ് അഭിഭാഷകരായ രശ്മി സിങ്, സുമിത ഹസാരിക മുഖേന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രിംകോടതിയില്‍ പുതിയ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്.

2021 ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറിലും ഡല്‍ഹിയിലും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയത് ഉള്‍പ്പെടെ മുസ്‌ലിം സമുദായത്തിനെതിരേയുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലോ അല്ലെങ്കില്‍ സുപ്രിംകോടതിക്ക് ഉചിതമെന്ന് തോന്നുന്നതോ ആയ തരത്തിലുള്ള അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.

2021 ഡിസംബര്‍ 17 നും 19 നും ഇടയില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ യതി നരസിംഹാനന്ദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ധര്‍മ സന്‍സദ്' പരിപാടിയിലാണ് വിദ്വേഷ പ്രസംഗം നടത്തുകയും മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്തത്. ഡല്‍ഹിയില്‍ 'ഹിന്ദു യുവവാഹിനി' ഗ്രൂപ്പ് നടത്തിയ രണ്ട് റാലികളില്‍ നടത്തിയ പ്രസംഗങ്ങളിലും ഒരു സമൂഹത്തെ മുഴുവന്‍ കൊലപ്പെടുത്താനുള്ള തുറന്ന ആഹ്വാനമാണ് നടത്തിയത്. മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യണമെന്നാവശ്യപ്പെട്ട് ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടര്‍ന്നപ്പോള്‍ സുപ്രിംകോടതി സ്വമേധയാ നടപടി സ്വീകരിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു.

ഈ ഗൗരവമേറിയ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 76 സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും മറ്റും ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടും നാളിതുവരെ ഒരു നടപടിയും സുപ്രിംകോടതി സ്വീകരിച്ചിട്ടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിക്കും കഴിയാത്തതില്‍ മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വംശഹത്യയ്ക്കുള്ള ആഹ്വാനത്തിനെതിരേ സുപ്രിംകോടതി നടപടിയെടുക്കാത്തതില്‍ താന്‍ വല്ലാതെ അസ്വസ്ഥനാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ പൗരന്‍മാരിലെ ഒരു പ്രധാന വിഭാഗത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിദ്വാറിലും ഡല്‍ഹിയിലും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതെന്ന് ഹരജിയില്‍ പറയുന്നു. ഈ വിദ്വേഷ പ്രസംഗങ്ങളില്‍ മുസ്‌ലിംകളെ വംശഹത്യ ചെയ്യാനുള്ള തുറന്ന ആഹ്വാനങ്ങളായിരുന്നു. പ്രസ്തുത പ്രസംഗങ്ങള്‍ കേവലം വിദ്വേഷ പ്രസംഗങ്ങളല്ല, മറിച്ച് ഒരു സമൂഹത്തെയാകെ കൊലപ്പെടുത്താനുള്ള തുറന്ന ആഹ്വാനത്തിന് തുല്യമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രസ്തുത പ്രസംഗങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാത്രമല്ല, ദശലക്ഷക്കണക്കിന് മുസ്‌ലിം പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നു.

പ്രതികളെ പിടികൂടാന്‍ പോലിസ് അധികൃതര്‍ ഇതുവരെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഹരജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഏകദേശം മൂന്നാഴ്ചകള്‍ കടന്നുപോയിട്ടും പ്രസ്തുത വിദ്വേഷ പ്രസംഗങ്ങള്‍ക്ക് 1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 121 എ, 153 ബി വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ ഫലപ്രദമായ നടപടികളൊന്നും പോലിസ് അധികാരികളില്‍നിന്ന് സ്വീകരിച്ചിട്ടില്ല. ഹരിദ്വാര്‍ പരിപാടിയില്‍ പങ്കെടുത്ത 10 പേര്‍ക്കെതിരെ പോലിസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍, പ്രസ്തുത എഫ്‌ഐആറുകളില്‍ ഐപിസി സെക്ഷന്‍ 153 എ, 295 എ, 298 എന്നിവ മാത്രമാണ് ചുമത്തിയത്. പരസ്യമായ വംശഹത്യ ആഹ്വാനങ്ങളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടും ഡല്‍ഹിയില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് ഒരു നടപടിയുമെടുത്തിട്ടില്ല എന്നതും പ്രസക്തമാണെന്നും ഹരജിയില്‍ പറയുന്നു. സംഘാടകരോടും വിദ്വേഷ പ്രാസംഗികരോടുമുള്ള കൂറ് വ്യക്തമാക്കുന്ന പോലിസ് ഉദ്യോഗസ്ഥന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

പോലിസിന്റെ നിഷ്‌ക്രിയത്വം മാത്രമല്ല, വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നവരുമായി പോലിസ് അധികാരികള്‍ യഥാര്‍ഥത്തില്‍ കൈകോര്‍ക്കുകയാണ്. അരാജകത്വത്തിന്റെ കാലഘട്ടത്തില്‍ ഭരണകൂടം പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ക്രിയാത്മകമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ഭീകരമായ പ്രവൃത്തികള്‍ രാജ്യത്തെ നിയമത്തെ അട്ടിമറിക്കാന്‍ അനുവദിക്കാനാവില്ല. ആവര്‍ത്തിച്ചുള്ള വേട്ടയില്‍നിന്ന് പൗരന്‍മാരെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുതാല്‍പര്യ ഹരജിയില്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it