Big stories

പെരിയ ഇരട്ടക്കൊല: പീതാംബരന്‍ കുറ്റം സമ്മതിച്ചെന്ന് പോലിസ്

പ്രതിയെ ഒരാഴ്ചത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു

പെരിയ ഇരട്ടക്കൊല: പീതാംബരന്‍ കുറ്റം സമ്മതിച്ചെന്ന് പോലിസ്
X

കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നും പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും റിമാന്‍ഡ് റിപോര്‍ട്ട്.പ്രതിയായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ കുറ്റം സമ്മതിച്ചതായി വ്യക്തമാക്കുന്ന റിപോര്‍ട്ടില്‍, കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും മൂന്നാംപ്രതി ജിഐ പൈപ്പ് കൊണ്ട് ആക്രമിച്ചപ്പോള്‍ മറ്റുള്ളവര്‍ വാള്‍ കൊണ്ട് വെട്ടിയതായും പറയുന്നുണ്ട്. പീതാംബരനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി ചോദ്യം ചെയ്യാനായി ഒരാഴ്ചത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് പോലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നടപടി. ബേക്കല്‍ പോലിസ് ക്രൈം നമ്പര്‍ 81/19 ആയി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പീതാംബരനെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന ആവശ്യം പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തില്ല. പോലിസുമായി സഹകരിക്കാന്‍ സന്നദ്ധനാണെന്നും അഭിഭാഷകന്‍ അറിയിച്ചു. ഏഴു ദിവസം ആവശ്യമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണമെന്നായിരുന്നു അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും കോടതിയില്‍ ഹാജരായിരുന്നു.കല്ല്യാട്ട് പെരിയ വില്ലേജില്‍ രാഷ്ട്രീയ വിരോധം കാരണം ഐപിസി 302 വകുപ്പ് പ്രകാരം കുറ്റം ചെയ്തുവെന്നാണ് ആരോപണം. പ്രതിയുടെ മുടിയുടെയും രക്തത്തിന്റെയും സാമ്പിള്‍ എടുക്കാനും മറ്റു തെളിവുകള്‍ ശേഖരിക്കാനുമാണ് 7 ദിവസം കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണിതെന്നും കൊല്ലപ്പെട്ടവരില്‍ നിരവധി പരിക്കുകള്‍ കാണുന്നതിനാല്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ മറ്റുള്ളവരുടെ പങ്ക് പരിശോധിക്കാന്‍ കസ്റ്റഡിയില്‍ വിട്ടുകൊടുക്കേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. പ്രതിക്ക് യാതൊരു മാനസിക ശാരിരികമോ ആയ ബുദ്ധിമുട്ടില്ലെന്നും പ്രതിയെ 27നു വൈകീട്ട് 5നു മെഡിക്കല്‍ രേഖകളോടെ ഹാജരാക്കണമെന്നും ഓരോ 48 മണിക്കൂറിലും പ്രതിക്ക് വൈദ്യ പരിശോധന ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.







Next Story

RELATED STORIES

Share it