പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസില്‍ ഹിന്ദുത്വരെ വെറുതെ വിട്ടു

പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസില്‍ ഹിന്ദുത്വരെ വെറുതെ വിട്ടു

ആല്‍വാര്‍(രാജസ്ഥാന്‍): പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്ന പെഹ്‌ലുഖാന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടു. കേസിലെ പ്രതികളായ ആറു പേരെയാണ് ആല്‍വാര്‍ കോടതി സംശയത്തിന്റെ ആനുകൂല്ല്യം നല്‍കി വെറുതേ വിട്ടത്. കേസില്‍ 40 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് 55കാരനായ പെഹ്‌ലുഖാനും രണ്ടു മക്കളുമടങ്ങുന്ന സംഘത്തെ ഹിന്ദുത്വര്‍ ആക്രമിച്ചത്. പശുക്കളെ വാങ്ങിയതിന്റെ രേഖകളുണ്ടായിട്ടും മോഷണകുറ്റം ആരോപിച്ച് ഹിന്ദുത്വ സംഘം പെഹ്‌ലുഖാനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമര്‍ദനിത്തിനിരയായ മക്കള്‍ മരണത്തെ അതിജീവിച്ചെങ്കിലും പെഹ്‌ലുഖാന്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം കേസെടുത്ത പോലിസ് ഐപിസി സെക്ഷന്‍ 137,323,341,302,308,379,427 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. പ്രതികള്‍ക്കു ജീവപര്യന്തമെങ്കിലും ശിക്ഷ ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും വിധിയില്‍ നിരാശയുണ്ടെന്നും പെഹ്‌ലുഖാന്റെ അഭിഭാഷകന്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോടു പ്രതികരിച്ചു.

ഹിന്ദുത്വരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലുഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവര്‍ക്കെതിരേ അന്നത്തെ ബിജെപി സര്‍ക്കാര്‍ കേസെടുത്തിരുന്നു. കൊലക്കേസില്‍ പെഹ്‌ലുഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പോലിസ് പെഹ്‌ലുഖാന്റെ സഹായികള്‍ക്കെതിരേ കേസെടുക്കുകയായിരുന്നു.

പിന്നീട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നേതൃത്ത്വത്തിലുള്ള സര്‍ക്കാരും പെഹ് ലുഖാനും മക്കള്‍ക്കുമെതിരേ പുതിയ കേസെടുത്തത് ഏറെ വിവാദമായിരുന്നു. ഹിന്ദുത്വര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പോലിസ് പെഹ്‌ലുഖാനും മക്കള്‍ക്കുമെതിരേ രണ്ട് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് പശു മോഷണത്തിന് കേസെടുത്തത്.

RELATED STORIES

Share it
Top