Big stories

'പാറോ' : ഇന്ത്യയില്‍ ഇപ്പോഴുമുണ്ട് അടിമ വനിതകള്‍

അസം, ജാര്‍ഖണ്ഡ് തുടങ്ങിയ വടക്ക്പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ നല്ല ജോലിയുടെയും വിവാഹ ജീവിതത്തിന്റെയും പേരില്‍ കെണിയില്‍ കുടുക്കിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്

പാറോ : ഇന്ത്യയില്‍ ഇപ്പോഴുമുണ്ട് അടിമ വനിതകള്‍
X

മേവാത്ത്: കന്നുകാലികളെക്കാള്‍ കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തപ്പെടുന്ന സ്ത്രീകളും പെണ്‍കുട്ടികളും മോദി ഭരണകാലത്തും ഉത്തരേന്ത്യയില്‍ അടിമ ജീവിതം തുടരുന്നു. മോഷ്ടിച്ചത് എന്നര്‍ഥം വരുന്ന 'പാറോ' എന്ന പേരില്‍ വിളിക്കപ്പെടുന്ന ഇവരെ വെറും പതിനായിരം രൂപക്ക്, അല്ലെങ്കില്‍ വീട്ടുകാരുടെ ദാരിദ്രം അനുസരിച്ച് അതിനു കുറഞ്ഞ തുകക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. എല്ലാ തരത്തിലുമുള്ള ഉപയോഗപ്പെടുത്തലുകള്‍ക്കും വിധേയപ്പെട്ട് തീര്‍ത്തും അടിമകളെപ്പോലെയാണ് ഇവരുടെ ജീവിതം.


അസം, ജാര്‍ഖണ്ഡ് തുടങ്ങിയ വടക്ക്പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ നല്ല ജോലിയുടെയും വിവാഹ ജീവിതത്തിന്റെയും പേരില്‍ കെണിയില്‍ കുടുക്കിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്. ആദ്യ ശമ്പളമെന്നോ, പെണ്‍കുട്ടികളെ കൈമാറുന്നതിനുള്ള പ്രതിഫലമെന്നോ പേരില്‍ പണം നല്‍കി ഏജന്റ് ഏറ്റെടുക്കുന്നതോട ഇവരുടെ അടിമ ജീവിതം ആരംഭിക്കുന്നു. സ്ത്രീ ജനസംഖ്യ കുറവുള്ള ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഏതെങ്കിലുമൊരാള്‍ക്ക് ഏജന്റ് മറിച്ചുവില്‍ക്കുന്ന പാറോകളുടെ പിന്നീടുള്ള ജീവിതം അടിമകളെക്കാള്‍ ദയനീയമാണ്.


കാര്യങ്ങള്‍ അന്വേഷിക്കാനോ, ചോദിച്ചുവരാനോ ആരുമില്ലാതെ, ഭാഷ പോലും മനസ്സിലാകാതെ തീര്‍ത്തും അന്യമായ ചുറ്റുപാടില്‍ മറ്റൊരാളോടൊപ്പം കഴിയേണ്ടിവരുന്ന ഈ സ്ത്രീകളും പെണ്‍കുട്ടികളും പലവിധത്തിലുമുള്ള ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് എംപവര്‍ പീപ്പള്‍ എന്ന സ്ത്രീ ആവകാശ പ്രവര്‍ത്തക സംഘം പറയുന്നു. 18 വയസ്സിനു താഴെയുള്ള ഇരുപതിനായിരത്തോളം പെണ്‍കുട്ടികള്‍ കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ വില്‍ക്കപ്പെട്ടു എന്നാണ് സംഘടന പറയുന്നത്. 2016 ലെ ദേശീയ െ്രെകം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 33,855 സ്ത്രീകളെ വടക്ക്പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും തട്ടിക്കൊണ്ടുപോകുകയോ വില്‍പ്പന നടത്തുകയോ ചെയ്തു. ഇതില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരായിരുന്നു.


എംപവര്‍ പീപ്പിള്‍ നടത്തിയ ഒരു വീടുതോറുമുള്ള സര്‍വേയില്‍ 2014ല്‍ ഉത്തരേന്ത്യയിലെ 85 ഗ്രാമങ്ങളില്‍ വില്‍പ്പന നടത്തപ്പെട്ട 1,352 സ്ത്രീകളെ കണ്ടെത്തിയിരുന്നു. ഇവരെല്ലാം ഗാര്‍ഹികവും ലൈംഗികവുമായ അടിമത്തത്തിന്റെ ഇരുണ്ട ജീവിതത്തെ അഭിമുഖീകരിക്കുന്നവരാണെന്ന് എംപവര്‍ പീപ്പിളിന്റെ സ്ഥാപകനായ ഷഫിക് ആര്‍ ഖാന്‍ പറയുന്നു. ഉടമയുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് കീഴൊതുങ്ങി ജീവിക്കുന്നതിനൊപ്പം പ്രതിഫലമില്ലാതെ കൂലിവേല ചെയ്യാനും ഇവര്‍ നിര്‍ബന്ധിതരാകുന്നുണ്ട്. കൂലിവേല ചെയ്ത വീട്ടുകാരെ പോറ്റേണ്ട ചുമതലയും ഇവര്‍ക്കാണ്. കൃഷിഭൂമിയുണ്ടെങ്കില്‍ അവടെയുള്ള ജോലികളും ഇവരാണ് ചെയ്യേണ്ടത്. ഇതിനിടക്ക് കൂടിയ വില ലഭിച്ചാല്‍ കൈമാറ്റം ചെയ്യപ്പെടുന്നതും സാധാരണമാണ്. വീട്ടുകാര്‍ക്ക് പണം നല്‍കി വാങ്ങിയതിനാല്‍ എന്താവശ്യപ്പെട്ടാലും അനുസരിക്കേണ്ടത് ബാധ്യതയാണ് എന്ന തരത്തിലാണ് പറോകളുടെ ജീവിതം.


പ്രായമാകുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന പാറോകള്‍ ഭിക്ഷാടനത്തിലേക്കാണ് പിന്നീട് തിരിയുന്നത്. ജീവിത കാലം മുഴുവന്‍ അടിമയായി ജീവിച്ച് അവസാനം തെരുവുകളില്‍ അജ്ഞാത ജഢമായി ഒടുങ്ങേണ്ടിവരുന്നതാണ് പാറോകളുടെ ജീവിതം. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, യുപി സംസ്ഥാനങ്ങളിലായി പത്തു ലക്ഷത്തോളം അടിമ സ്ത്രീകളുണ്ടെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. അടിമവല്‍കരിക്കപ്പെട്ട ഇത്തരം സ്ത്രീ ജീവിതങ്ങളുടെ ഒരു പ്രശ്‌നങ്ങളിലും പോലിസും മറ്റു നിയമസംവിധാനങ്ങളും. ഗാര്‍ഹിക പീഡനം, സ്ത്രീ സുരക്ഷ, ബാല പീഡന നിയമങ്ങളൊന്നും ഇവര്‍ക്ക് ബാധകമാക്കുന്നില്ല. ഷഫീഖ് ഖാന്റെ എംപവര്‍ പീപ്പിള്‍ പോലെയുള്ള അപൂര്‍വ്വം സന്നദ്ധ സംഘടനകള്‍ മാത്രമാണ് ആധുനിക ഇന്ത്യയിലെ അടിമ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്.




Next Story

RELATED STORIES

Share it