Big stories

ഗസയില്‍ ഇസ്രായേല്‍ നരനായാട്ട്; മരണം 16 ആയി; തിരിച്ചടിക്കുമെന്ന് ഹമാസ്

ചൊവ്വാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസമായി ഇസ്രായേല്‍ നടത്തിവരുന്ന നരനായാട്ടില്‍ മരിച്ചവരുടെ എണ്ണം 16 ആയതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസയില്‍ ഇസ്രായേല്‍ നരനായാട്ട്; മരണം 16 ആയി; തിരിച്ചടിക്കുമെന്ന് ഹമാസ്
X

ഗസാ സിറ്റി: ഫലസ്തീനിലെ ഹമാസ് നിയന്ത്രണത്തിലുള്ള ഗസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍ അധിനിവേശ സൈന്യം. രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണങ്ങളിലും മിസൈല്‍ ആക്രമണങ്ങളിലും മരിച്ച ഫലസ്തീനികളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ മാത്രം ഇസ്രായേല്‍ വ്യോമാക്രമണത്തിലും മിസൈല്‍ ആക്രമണത്തിലുമായി നാല് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസമായി ഇസ്രായേല്‍ നടത്തിവരുന്ന നരനായാട്ടില്‍ മരിച്ചവരുടെ എണ്ണം 16 ആയതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍മാരെ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ ബഹാ അബു അല്‍ അത്തയും ഭാര്യയും കൊല്ലപ്പെടുകയും രണ്ട പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയെന്നോണം 220 ഓളം റോക്കറ്റാക്രമണങ്ങളാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി ഗസയില്‍ നിന്നു തൊടുത്തത്. ഗസയില്‍നിന്നുള്ള റോക്കറ്റാക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്‌ലാമിക് ജിഹാദിനെ ലക്ഷ്യമിട്ട് ആക്രമണ പരമ്പര തന്നെ നടത്തിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

ബുധനാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തങ്ങളുടെ പ്രവര്‍ത്തനകനാണെന്ന് ഇസ്‌ലാമിക് ജിഹാദ് അറിയിച്ചു. കൊല്ലപ്പെട്ടത് ഖാലിദ് ഫവ്വാജ് ആണെന്ന് തിരിച്ചറിഞ്ഞതായും സംഘടന അറിയിച്ചു. ഗസ അതിര്‍ത്തിക്കടുത്തുള്ള ഇസ്രായേല്‍ പട്ടണങ്ങളായ അഷ്‌കെലോണ്‍, നെറ്റിവോട്ട് എന്നിവിടങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ഗസയില്‍നിന്നുള്ള ആക്രമണങ്ങളില്‍ ആളപായം ഇല്ലെന്നും റോക്കറ്റുകളില്‍ 90 ശതമാനവും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായും ഇസ്രായേല്‍ അവകാശപ്പെട്ടു.

അടുത്തിടെ ഇസ്രായേലിനെതിരേ നടന്ന ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകന്‍ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ ബഹാ അബു അല്‍ അത്തയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യുഎന്‍ മിഡില്‍ ഈസ്റ്റ് പ്രതിനിധി കെയ്‌റോയിലേക്ക് യാത്രതിരിച്ചതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

അതേസമയം, ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ വ്യോമാക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് വ്യക്തമാക്കി. ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്രായേലിന്റെ തുടര്‍ച്ചയാണ് ഇസ്രായേല്‍ ആക്രമണവും അബു അല്‍ അത്തയുടെ കൊലപാതകവുമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം വ്യക്തമാക്കി. ആക്രമണം ഇസ്രായേലിന്റെ പരാജയപ്പെട്ട തന്ത്രങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. കൊലപാതകങ്ങള്‍ക്ക് ചെറുത്തുനില്‍പ്പുകളെ ഇല്ലാതാക്കാനോ അവസാനിപ്പിക്കാനോ സാധിക്കില്ലെന്നും ഖാസിം വ്യക്തമാക്കി.

Next Story

RELATED STORIES

Share it