Big stories

പാലത്തായി പോക്‌സോ കേസ്: ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

പാലത്തായി പോക്‌സോ കേസ്: ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു
X
പി സി അബ്ദുല്ല


കണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇരയായ പത്തു വയസുകാരിയില്‍ നിന്ന് ഇന്ന് മൊഴിയെടുത്തു. പ്രതി പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ടുകുനിയില്‍ കെ പത്മരാജന്‍(പപ്പന്‍-45) ജുഡീഷ്യല്‍ കസ്റ്റഡിയിലായിട്ട് നാളെ 90 ദിവസം തികയാനിരിക്കെയാണ് നടപടി. നാളെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തതെന്നാണ് സൂചന. ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിലെ വനിതാ എസ്‌ഐയാണ് ബാലികയുടെ മൊഴി രേഖപ്പെടുത്തിയത്. മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ച പത്മരാജന്‍ പൊയിലൂരിലെ ഒരു വീട്ടിലെത്തിച്ച് മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന്നകുറിച്ചും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് വിശദമായി മൊഴി നല്‍കിയതായാണു വിവരം.

ഏപ്രില്‍ 22ന് അന്വേഷണം ഏറ്റെടുത്ത ശേഷം പാലത്തായി കേസില്‍ ആദ്യമായാണ് ക്രൈംബ്രാഞ്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത്. നേരത്തേ പാനൂര്‍ പോലിസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിനു മുന്നിലും പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാല്‍, പൊയിലൂരിലെ ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് ഇതുവരെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഇതുകാരണം പൊയിലൂര്‍ പീഡനക്കേസ് പോലിസ് രജിസ്റ്റര്‍ ചെയ്തുമില്ല.

ബിജെപി നേതാവിന്റെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി തകര്‍ന്ന ഘട്ടത്തിലാണ് പാനൂര്‍ പോലിസും മജിസ്‌ട്രേറ്റും ആദ്യമൊഴിയെടുത്തത്. കുട്ടിയുടെ മാനസികനില മെച്ചപ്പെട്ട ശേഷം മാതൃ സഹോദരി വിശദമായി ചോദിച്ച ശേഷമാണ് പൊയിലൂര്‍ പീഡനത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. പൊയിലൂര്‍ പീഡന വിവരമറിഞ്ഞ ശേഷം ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് വീണ്ടും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് രണ്ടാഴ്ചക്കുള്ളിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ഡിവൈഎസ് പി അബ്ദുര്‍റഹീമിന്റെ നേതൃത്വത്തില്‍ പൊയിലൂര്‍ പീഡനത്തെ കുറിച്ച് പ്രത്യേകമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. കേസില്‍ പ്രതിക്ക് അനുകൂലമായ ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കും സിപിഎമ്മിന്റെയും മന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെയുള്ളവരുടെ ഒളിച്ചുകളിയും ബോധ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പൊതുസമൂഹത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ഏതാനും സംഘടനകളിലും വ്യക്തികളിലുമൊതുങ്ങിയ പാലത്തായി കേസ് പ്രക്ഷോഭം സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരിലൂടെ കത്തിപ്പടരുകയായിരുന്നു. വിവിധ തുറകളിലെ പ്രമുഖ വനിതാ നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ നിരാഹാര സമരവും ചലനമുണ്ടാക്കി. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയാണ് വനിതാപ്രതിഷേധ പരിപാടികള്‍ ഏകോപിപ്പിച്ചത്. കേസില്‍ കുറ്റപത്രം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കിയതിനു പിന്നാലെയാണ് ശ്രീജാ നെയ്യാറ്റിന്‍കര പ്രമുഖ വനിതാ നേതാക്കളെ സമര രംഗത്തെത്തിച്ചത്. മാത്രമല്ല, കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

പാലത്തായി പോക്‌സോ കേസില്‍ മാര്‍ച്ച് 15നാണ് ബിജെപി നേതാവ് പത്മരാജന്‍ അറസ്റ്റിലായത്. ഇയാളുടെ ജാമ്യാപേക്ഷകള്‍ ഇതിനകം തലശ്ശേരി കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. പാനൂര്‍ പോലിസ് കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ഏപ്രില്‍ 22ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും കേസന്വേഷണത്തില്‍ യാതൊരു ചലനവുമുണ്ടായില്ല. ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല, പെണ്‍കുട്ടിയെ മറ്റൊരാള്‍ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയില്‍ പറയുന്ന ആളെ പ്രതി ചേര്‍ത്തില്ല, പെണ്‍കുട്ടിയുടെയും ബന്ധുക്കളുടേയും മൊഴിയനുസരിച്ചുള്ള തെളിവുകള്‍ സമാഹരിച്ചില്ല, മുഖ്യപ്രതിയെ സഹായിച്ചവരെ കേസിലുള്‍പ്പെടുത്തിയില്ല, പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലം പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ചില്ല, മാനസിക നില പരിശോധനയുടെ പേരില്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിച്ച് പാനൂര്‍ പോലിസ് മാനസികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ക്രൈംബ്രാഞ്ചിനെതിരേയുള്ളത്. ജനുവരി 15നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ പത്മരാജന്‍ പീഡിപ്പിച്ചെന്നാണു കേസ്.

Palathayi Pocso case: Crime branch recorded the girl's statement



Next Story

RELATED STORIES

Share it