Big stories

ഒരു ലിറ്റര്‍ പെട്രോളിന് 250 രൂപ; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്താന്‍

ഒരു ലിറ്റര്‍ പെട്രോളിന് 250 രൂപ; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്താന്‍
X

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 35 രൂപയുടെ വീതം വര്‍ധനയാണ് വരുത്തിയത്. പാകിസ്താന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതോടെ, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണമെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടെ ഹൈ സ്പീഡ് ഡീസലിന്റെ വില 262.30 രൂപയായി. പെട്രോള്‍ വില 250ലേക്ക് അടുത്തു. ലിറ്ററിന് 249.80 രൂപയാണ് പുതിയ വില. ഇതിനൊപ്പം മണ്ണെണ്ണയുടെയും ലൈറ്റ് ഡീസല്‍ ഓയിലിന്റെയും വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ലിറ്ററിന് 18 രൂപയാണ് വര്‍ധിപ്പിച്ചത്. 189.83 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. ലൈറ്റ് ഡീസല്‍ ഓയിലിന് 187 രൂപയുമാണ് പുതിയ വില. ഓയില്‍ ആന്റ് ഗ്യാസ് അധികൃതരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് പാകിസ്താന്‍ ധനമന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു. പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പാകിസ്താന്‍ ബാഹ്യധനസഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയുടേയും കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റേയും പശ്ചാത്തലത്തില്‍ പാകിസ്താനെ പിന്തുണയ്ക്കാന്‍ അമേരിക്ക സമ്മതിച്ചതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഏകീകരണത്തില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നവംബറില്‍ പണത്തിന്റെ വിതരണം ഐഎംഎഫ് നിര്‍ത്തിവച്ചിരുന്നു.നാണ്യപ്പെരുപ്പം കുത്തനെ ഉയര്‍ന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇതിനെല്ലാം പുറമെ വൈദ്യുതി പ്രതിസന്ധിയും പാക് ജനതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം കാരണം രാജ്യം ഇരുട്ടിലാണ്.

2022 ല്‍ വിലക്കയറ്റം 25 ശതമാനം വരെ വര്‍ധിച്ചെന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ റിപോര്‍ട്ട്. അതിന്റെ ഫലമായി ഇന്ധനം, അരി, മറ്റു ഭക്ഷ്യധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവയ്ക്കും വില കുത്തനെ കൂടി. ചില പച്ചക്കറികള്‍ക്ക് 500 ശതമാനം വരെ വില കയറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി ആറിന് സവാള വില കിലോയ്ക്ക് 36.7 രൂപയായിരുന്നെങ്കില്‍ ഈ ജനുവരി അഞ്ചിന് അത് 220.4 രൂപയായി. ഇന്ധന വില 61 ശതമാനമാണ് വര്‍ധിച്ചത്. രാജ്യത്ത് ചിലയിടങ്ങളില്‍ ഒരു കിലോ ധാന്യപ്പൊടിക്ക് 3,000 രൂപ വരെയാണ് വില.

Next Story

RELATED STORIES

Share it