Big stories

പാകിസ്താന്റെ ആണവായുധങ്ങള്‍ സൗദി ഉപയോഗിക്കുമോ ?

പാകിസ്താന്റെ ആണവായുധങ്ങള്‍ സൗദി ഉപയോഗിക്കുമോ ?
X

സൗദി അറേബ്യയും പാകിസ്താനും ബുധനാഴ്ച ഒപ്പുവച്ച സംയുക്ത പ്രതിരോധ സഹകരണ കരാര്‍ ഭാവിയില്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ചുള്ള ബോധ്യത്തില്‍ നിന്നുയര്‍ന്നു വന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഭാവിയില്‍ ആരെങ്കിലും സൗദി അറേബ്യയെ ആക്രമിക്കുകയാണെങ്കില്‍ പാകിസ്താന്റെ ആണവായുധങ്ങള്‍ അതിന് മറുപടി നല്‍കാനുള്ള സാധ്യതയുണ്ടെന്ന് സൗദി എഴുത്തുകാരനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ മുനിഫ് അമാഷ് അല്‍-ഹര്‍ബി പറഞ്ഞു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം 1948ന് ശേഷമുള്ള ഏറ്റവും അപകടകരമായ സാഹചര്യത്തിലേക്ക് ജിസിസി രാജ്യങ്ങളെ എത്തിച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളുടെ പ്രമുഖ സംരക്ഷകരായ യുഎസിന് ഇസ്രായേലിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായും വിലയിരുത്തപ്പെടുന്നു.

സുരക്ഷ വര്‍ധിപ്പിക്കാനും പ്രതിരോധ സഹകരണം വികസിപ്പിക്കാനും ആക്രമണങ്ങളെ സംയുക്തമായി ചെറുക്കാനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് പുതിയ കരാര്‍ വരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ നാറ്റോ രൂപീകരിച്ചതിന് സമാനമായ നീക്കമാണ് ഇതെന്ന് മുനിഫ് അമാഷ് അല്‍-ഹര്‍ബി പറയുന്നു. കരാറിന്റെ ഭാഗമായ രണ്ടില്‍ ഒരു രാജ്യം ആക്രമണത്തിന് ഇരയായാല്‍ മറ്റേ രാജ്യം അത് സ്വന്തം രാജ്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് കണക്കാക്കണമെന്ന് പുതിയ കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ബാഹ്യ ആക്രമണങ്ങളുണ്ടായാല്‍ പാകിസ്താന്റെ ആണവായുധങ്ങള്‍ അടക്കമുള്ള ആയുധങ്ങള്‍ സൗദിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കണം. സൗദിയുടെ ആയുധങ്ങള്‍ പാകിസ്താന് വേണ്ടിയും ഉപയോഗിക്കേണ്ടി വരും. എന്നാല്‍, സൗദിയുടെയും പാകിസ്താന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ മാത്രം ഈ കരാര്‍ ഒതുങ്ങുന്നില്ല. മറ്റേതെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ സൗദി അതില്‍ ഇടപെടുകയാണെങ്കില്‍ പാകിസ്താനും അതില്‍ ഉള്‍പ്പെടും.

എന്നാല്‍, ഈ കരാറിലൂടെ യുഎസുമായുള്ള തന്ത്രപരമായ ബന്ധം മാറ്റാന്‍ സൗദി ശ്രമിക്കുന്നില്ലെന്ന് മുനിഫ് അമാഷ് അല്‍-ഹര്‍ബി പറയുന്നു. യുഎസിനൊപ്പം ഫ്രാന്‍സുമായും ചൈനയുമായും സൗദി ബന്ധം വര്‍ധിപ്പിക്കുന്നുണ്ട്. 1988ല്‍ തന്നെ ചൈനയുമായി സൗദി സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പിട്ടു. യുഎസിന്റെ ആശങ്കകള്‍ അവഗണിച്ചായിരുന്നു ആ കരാര്‍. അതായത്, പ്രാദേശിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൗദി സ്വന്തം നയങ്ങളും നടപ്പാക്കുന്നുണ്ട്. സൗദിയുടെ സൈനിക സിദ്ധാന്തം പ്രതിരോധത്തില്‍ ഊന്നിയതാണെന്നും ഭാവിയില്‍ മറ്റു പലരാജ്യങ്ങളുമായും കരാര്‍ ഒപ്പിടുമെന്നും സൗദി നേതൃത്വം പറയുന്നുണ്ട്.

മുനിഫ് അമാഷ് അല്‍-ഹര്‍ബിയുടെ അഭിപ്രായത്തോട് പാകിസ്താനിലെ പ്രതിരോധ വിദഗ്ദനായ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അലിയും യോജിക്കുന്നുണ്ട്. ഖത്തറിലെ ഇസ്രായേലി ആക്രമണത്തെ തുടര്‍ന്ന് നിരവധി ജിസിസി രാജ്യങ്ങള്‍ പാകിസ്താനുമായി ചര്‍ച്ച നടത്തുമെന്നാണ് മുഹമ്മദ് അലിയുടെ കണക്കുകൂട്ടല്‍.

1998ല്‍ പാകിസ്താന്‍ ആണവായുധ പരീക്ഷണം നടത്തിയപ്പോള്‍ ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.


എന്നാല്‍, അന്ന് സൗദി അറേബ്യയാണ് പാകിസ്താനെ സഹായിച്ചത്. 3,400 കോടി ഡോളറാണ് സൗദി രാജാവ് അനുവദിച്ചത്. അതാണ് രണ്ടാം ആണവായുധ പരീക്ഷണം നടത്താന്‍ പാകിസ്താനെ സഹായിച്ചതെന്ന് അക്കാലത്തെ സൗദിയിലെ പാകിസ്താന്‍ അംബാസഡറായ ഖാലിദ് മഹ്മൂദ് പറയുന്നു. അതോടെ പാകിസ്താന്റെ ആണവായുധ കുട സൗദിക്ക് മുകളിലും എത്തി. അത് ബുധനാഴ്ചയിലെ കരാറോടെ രേഖാമൂലം ഉറപ്പിക്കപ്പെട്ടു. പുതിയ കരാറിന്റെ ഭാഗമായി പാകിസ്താന്റെ സൈനിക കഴിവ് വികസിപ്പിക്കാന്‍ സൗദി പലതരത്തിലുള്ള സഹായങ്ങളും നല്‍കും.

Next Story

RELATED STORIES

Share it