Big stories

'നിപ' ഭീതി ഒഴിയുന്നു; വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധന ഊര്‍ജിതമാക്കി

നിപ ബാധിച്ച് കൊച്ചിയില്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗി അമ്മയോട് സംസാരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യമില്ലാതായതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

നിപ ഭീതി ഒഴിയുന്നു; വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധന ഊര്‍ജിതമാക്കി
X

ന്യൂഡല്‍ഹി: നിപ ബാധയെത്തുടര്‍ന്നുളള ആശങ്കകള്‍ ഒഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപ ബാധിച്ച് കൊച്ചിയില്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗി അമ്മയോട് സംസാരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യമില്ലാതായതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.

ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 11 പേരില്‍ നാലുപേരെ വാര്‍ഡില്‍നിന്ന് മാറ്റി. നിലവില്‍ ഏഴുപേരാണ് രോഗലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്. നിപ രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ രക്തം അടക്കമുള്ളവ പരിശോധിക്കാന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള സംഘം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇവര്‍ നടത്തിയ പരിശോധനയിലാണ് രോഗിയില്‍ നിപ വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി വ്യക്തമായത്.

പരിശോധിച്ച നാലു സ്രവങ്ങളില്‍ മൂത്രത്തില്‍ മാത്രമാണ് വൈറസ് സാന്നിധ്യമുള്ളത്. വൈറസ് ബാധ തലച്ചോറിനെ നേരിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. വൈറസ് പൂര്‍ണമായും ഇല്ലാതായതായി സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പൂനെയിലേ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ആകെ 327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 52 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്. സ്വകാര്യാശുപത്രികള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിച്ച നാല് ടീമുകള്‍ 63 ആശുപത്രികള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.

ആശങ്കയുടെ സാഹചര്യം അകന്നെങ്കിലും രോഗപ്രതിരോധത്തിനും ചികില്‍സയ്ക്കും ശ്രദ്ധനല്‍കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് ആരോഗ്യവകുപ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, നിപ വൈറസിന്റെ ഉറവിടംതേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി എറണാകുളത്തും തൊടുപുഴയിലുമായി 12 ഇടങ്ങളില്‍നിന്ന് വവ്വാലുകളെ പിടികൂടും. നിപ ബാധിച്ച് ചികില്‍സയിലുള്ള യുവാവിന്റെ വീടായ വടക്കന്‍ പറവൂരില്‍ എട്ടുസ്ഥലങ്ങളാണ് വവ്വാലുകളെ പിടിക്കുന്നതിനായി കണ്ടെത്തിയത്.

പൂനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള മൂന്നംഗസംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. നിലവില്‍ വവ്വാലുകളുടെ കാഷ്ഠവും മൂത്രവുമെല്ലാം പലയിടത്തുനിന്നായി ശേഖരിച്ചിട്ടുണ്ട്. വൈറസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അത് മൂത്രത്തില്‍ പ്രകടമായിരിക്കും. വവ്വാലുകളെ പിടികൂടുന്നതിനും നിരീക്ഷണത്തിനുമെല്ലാം കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ മുന്നേറുന്നത്.

Next Story

RELATED STORIES

Share it