Big stories

നീറ്റിനെതിരേ ബില്‍ പാസാക്കി തമിഴ്‌നാട്; പ്രവേശനം പ്ലസ്ടു മാര്‍ക്കിനെ അടിസ്ഥാനമാക്കി

രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുവരുന്നത്.

നീറ്റിനെതിരേ ബില്‍ പാസാക്കി തമിഴ്‌നാട്;  പ്രവേശനം പ്ലസ്ടു മാര്‍ക്കിനെ അടിസ്ഥാനമാക്കി
X

ചെന്നൈ: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരേ ബില്‍ പാസാക്കി തമിഴ്‌നാട് നിയമസഭ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇതുസംബന്ധിച്ച ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്.

വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടത് മത്സര പരീക്ഷകളല്ലെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു. ബില്ലിനെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും പിന്തുണച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുവരുന്നത്. അതേസമയം, ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

പുതിയ നിയമം അനുസരിച്ച് മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. നീറ്റ് പ്രവേശന പരീക്ഷ ഗ്രാമീണ, ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം അപ്രാപ്യമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷയില്‍ ജയിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ തമിഴ്‌നാട്ടില്‍ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇന്നലെയും സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ സേലം മേട്ടൂര്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചിരുന്നു.

നീറ്റ് പരീക്ഷയെ പേടിച്ച് ഇന്നലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന വാഗ്ദാനം ഡിഎംകെ നടപ്പാക്കിയില്ലെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചിരുന്നു.

അധികാരത്തിലെത്തിയാല്‍ നീറ്റ് ഒഴിവാക്കും എന്നത് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ എഐഎഡിഎംകെ സര്‍ക്കാര്‍, നീറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it