Big stories

'പടക്കം വിറ്റാല്‍ കട കത്തിക്കും'; മുസ് ലിം കടയുടമകള്‍ക്ക് ഹിന്ദുത്വരുടെ ഭീഷണി(വീഡിയോ)

ഹിന്ദു ദേവീ-ദേവന്‍മാരുടെ ചിത്രങ്ങളുള്ള പടക്കം വില്‍ക്കരുതെന്ന് മുന്നറിയിപ്പ്

പടക്കം വിറ്റാല്‍ കട കത്തിക്കും; മുസ് ലിം കടയുടമകള്‍ക്ക് ഹിന്ദുത്വരുടെ ഭീഷണി(വീഡിയോ)
X

ദേവാസ്(മധ്യപ്രദേശ്): മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ പടക്കം വില്‍ക്കുന്ന മുസ് ലിം കടയുടമകള്‍ക്ക് ഹിന്ദുത്വരുടെ ഭീഷണി. ഹിന്ദു ദേവന്മാരുടെയോ ദേവതകളുടെയോ ചിത്രമോ പേരോ ഉള്ള പടക്കം വില്‍ക്കരുതെന്നാണ് കടയില്‍ക്കയറി സംഘം ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവി നിറത്തിലുള്ള ഷാളുകള്‍ കഴുത്തില്‍ ചുറ്റിയ ഏതാനും യുവാക്കള്‍ മുസ് ലിംകളുടെ കടകളില്‍ അതിക്രമിച്ചു കയറുകയും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് തുടരുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

'ഈ കടയില്‍ നിന്ന് ഒരു ലക്ഷ്മി ബോംബോ ഗണേഷ് ബോംബോ പോലും വിറ്റാല്‍, നിങ്ങള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും'-ഒരു വീഡിയോയില്‍ രണ്ടുപേര്‍ ഒരു മുസ് ലിം കടയുടമയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത് ഇപ്രകാരമാണ്. ഭീഷണിയെ തുടര്‍ന്ന് ഭീതിയിലായ കടയുടമ നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്യാമെന്ന് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്യുന്നു. സംഘം കടയില്‍നിന്നു പോവുമ്പോള്‍ 'ദയവായി ദേഷ്യപ്പെടരുത്' എന്നു പറഞ്ഞ് കൈകൂപ്പി യാചിക്കുന്നതും കാണുന്നുണ്ടെന്നു എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഹിന്ദുത്വ സംഘം കടയില്‍നിന്നു പോവുമ്പോള്‍ പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള ഫ്രഞ്ച് പ്രസിദ്ധീകരണത്തിലെ കാര്‍ട്ടൂണിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

'ഒരു കാര്‍ട്ടൂണ്‍ നിര്‍മിച്ചതിനു വളരെയധികം കുഴപ്പങ്ങളുണ്ടാക്കുന്നു. ഞങ്ങള്‍ ഇതില്‍ നിന്നു രക്ഷപ്പെടുന്നില്ല. എന്‍ആര്‍സി പ്രതിഷേധത്തിനിടെ മുസ് ലിം കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. ഇതാണ് സത്യം. നിങ്ങള്‍ രാജ്യത്തിന് എതിരാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരാണെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍, ഒരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ലെന്നു കടയുടമ പേടിച്ചു പറയുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ് റീ ട്വീറ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍, കഴുത്തില്‍ കാവി ഷാള്‍ ധരിച്ച അര ഡസനോളം യുവാക്കള്‍ പ്രായമായ ഒരു മുസ് ലിം കടയുടമയുമായി തര്‍ക്കിക്കുന്നുണ്ട്. കടയുടമകളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ട്വീറ്റ് ചെയ്തു. ഹിന്ദു ദേവതകളോ ദേവന്‍മാരോ ഉള്ള പടക്കങ്ങള്‍ വില്‍ക്കുകയാണെങ്കില്‍ തന്റെ കട മുഴുവന്‍ തീയിടുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കടയില്‍ ഉപരോധ സമാനമായ രീതിയില്‍ കയറിയ സംഘം കടയുടമകളുടെ വാക്കുകള്‍ പരിഗണിക്കുന്നേയില്ല.


നിരപരാധികളായ കടയുടമകളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ ദിവാസിലെ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്ന് റീട്വീറ്റില്‍ ദിഗ്വിജയ സിങ് ആവശ്യപ്പെട്ടു. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഓര്‍ഡിനന്‍സ് പാസാക്കണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വീഡിയോകള്‍ കണ്ടതായും അന്വേഷണം നടന്നുവരികയാണെന്നും ദേവാസ് ജില്ലാ കലക്ടര്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

വായു മലിനീകരണം നിയന്ത്രിക്കാനും കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ചില സംസ്ഥാനങ്ങളിലും ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലുമുള്‍പ്പെടെ പടക്കം വില്‍ക്കുന്നതിനും പൊട്ടിക്കുന്നതിനും താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നു.

Muslim Shopkeepers Threatened In Madhya Pradesh Over Crackers




Next Story

RELATED STORIES

Share it