Big stories

മുഹമ്മദ് ആമിര്‍ പശ്ചാത്താപ വഴിയില്‍ പണിതത് 100 പള്ളികള്‍; യാത്രയായത് സംഘിയില്‍ നിന്നും മനുഷ്യനായി ഉയര്‍ന്ന അപൂര്‍വ്വ വ്യക്തിത്വം

ബാബരി മസ്ജിദ് തകര്‍ക്കുയും പിന്നീട് കൈയ്യേറിയ അതേ ഭൂമി സുപ്രിം കോടതി ഹിന്ദുത്വര്‍ക്ക് വിട്ടുകൊടുക്കുയും ചെയ്ത രാജ്യത്താണ് പള്ളി തകര്‍ക്കാന്‍ മുന്നില്‍ നിന്നിരുന്ന ഒരാള്‍ നൂറോളം പള്ളികള്‍ നിര്‍മിച്ച് പ്രായശ്ചിത്തം ചെയ്തത്.

മുഹമ്മദ് ആമിര്‍ പശ്ചാത്താപ വഴിയില്‍ പണിതത് 100 പള്ളികള്‍; യാത്രയായത് സംഘിയില്‍ നിന്നും മനുഷ്യനായി ഉയര്‍ന്ന അപൂര്‍വ്വ വ്യക്തിത്വം
X
ഹൈദരാബാദ്: 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് താഴികക്കുടങ്ങള്‍ തല്ലിത്തകര്‍ക്കാന്‍ മുന്നില്‍ നിന്നിരുന്ന ഒരു യുവാവ് പിന്നീട് രാജ്യത്ത് ഏറ്റവുമധികം പള്ളികള്‍ നിര്‍മ്മിച്ച ആളായി മാറിയതിന്റെ അത്യത്ഭുതകരമായ ജീവിതമാണ് കഴിഞ്ഞ ദിവസം അന്തരിച്ച മുഹമ്മദ് ആമിറിന്റേത്. ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകനും സംഘ്പരിവാര്‍ നേതാവുമായിരുന്ന ബല്‍ബീര്‍ സിംഗ് പിന്നീട് മാനസാന്തരപ്പെട്ട് ഇസ്‌ലാം സ്വീകരിച്ച ശേഷമാണ് പള്ളി നിര്‍മാണത്തിനു വേണ്ടി ജീവിതം മാറ്റിവെച്ചത്.


ബാബരി മസ്ജിദ് പൊളിച്ച സംഘത്തില്‍ പങ്കാളിയായ ശേഷം ബല്‍ബീര്‍ സിംഗിന് ഒരു നായകന്റെ പരിവേഷമാണ് ഹിന്ദുത്വര്‍ നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ക്കാനെത്തിയ ആയിരങ്ങള്‍ക്കു മുന്നില്‍ താഴികക്കുടങ്ങള്‍ തച്ചുതകര്‍ത്ത ബല്‍ബീര്‍ പക്ഷേ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ചെയ്തികളെ കുറ്റപ്പെടുത്തി. അതിനു ശേഷം അസുഖ ബാധിതതനായ ബല്‍ബീര്‍ മുസഫര്‍നഗറിലെ മൗലാന കലീം സിദ്ദിഖിയെ ചെന്ന് കണ്ട് ചെയ്തുപോയ തെറ്റിനുള്ള പ്രയശ്ചിത്തം അന്വേഷിക്കുകയും മാനസാന്തരത്തിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മൗലാന കലീം സിദ്ദിഖി ഖുറാന്‍ വാക്യങ്ങളിലൂടെ ഇസ്‌ലാമിക മൂല്യങ്ങള്‍ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.


1993 ജൂണ്‍ 1 ന് മൗലാന കലീം സിദ്ദിഖിയുടെ മുമ്പാകെ ബല്‍ബീര്‍ സിങ് സത്യസാക്ഷ്യ വചനം ചൊല്ലി മുസ്‌ലിമായി. മുഹമ്മദ് ആമിര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തകര്‍ത്ത ഒരു പള്ളിക്കു പകരം 100 പള്ളികള്‍ നിര്‍മ്മിക്കാനും സംരക്ഷിക്കാനും അദ്ദേഹം പ്രതിജ്ഞയെടുത്തു. പിന്നീടുള്ള ആമിറിന്റെ ജീവിതം അതിനായി മാത്രമായിരുന്നു. 1994ല്‍ ഹരിയാനയില്‍ ആദ്യത്തെ പള്ളി നിര്‍മ്മിച്ചു. മസ്ജിദ് ഇ മദീന എന്നായിരുന്നു അതിന്റെ പേര്.


പിന്നീടുള്ള കാലം കൊണ്ട് 91 പള്ളികള്‍ മുഹമ്മദ് ആമിര്‍ നിര്‍മ്മിച്ചു. ഒരു പക്ഷേ ലോകത്ത് തന്നെ ഏറ്റവുമധികം മസ്ജിദുകള്‍ നിര്‍മിച്ച വ്യക്തിയാകും അദ്ദേഹം. ബാബരി മസ്ജിദ് തകര്‍ക്കുയും പിന്നീട് കൈയ്യേറിയ അതേ ഭൂമി സുപ്രിം കോടതി ഹിന്ദുത്വര്‍ക്ക് വിട്ടുകൊടുക്കുയും ചെയ്ത രാജ്യത്താണ് പള്ളി തകര്‍ക്കാന്‍ മുന്നില്‍ നിന്നിരുന്ന ഒരാള്‍ നൂറോളം പള്ളികള്‍ നിര്‍മിച്ച് പ്രായശ്ചിത്തം ചെയ്തത്. ഏറ്റവുമവസാനം, ഹൈദരാബാദില്‍ പള്ളി നിര്‍മാണത്തിനായി വാടകവീടെടുത്ത് താമസിക്കുകയായിരുന്നു മുഹമ്മദ് ആമിര്‍. ആ വീട്ടിലാണ് അദ്ദേഹത്തെ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.




Next Story

RELATED STORIES

Share it