Big stories

'ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു'; യുഎസ്സില്‍ ഗാന്ധി ജയന്തി ദിനത്തില്‍ അമേരിക്കന്‍ ജനതക്ക് മുന്നറിയിപ്പുമായി അവകാശ സംഘടനകള്‍

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു; യുഎസ്സില്‍ ഗാന്ധി ജയന്തി ദിനത്തില്‍ അമേരിക്കന്‍ ജനതക്ക് മുന്നറിയിപ്പുമായി അവകാശ സംഘടനകള്‍
X

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ 'മതപരമായ പീഡനത്തിനും വിവേചനത്തിനും മാരകമായ ആള്‍ക്കൂട്ട അക്രമത്തിനും' വിധേയമാകുന്ന സാഹചര്യത്തില്‍ മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അമേരിക്കന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കി പത്രപരസ്യവുമായി അവകാശ സംഘടനകള്‍.

അമേരിക്കന്‍ മുസ്‌ലിം ഇന്‍സ്റ്റിറ്റിയൂഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ് ലിംസ് ഓഫ് അമേരിക്ക ഹോവാര്‍ഡ് കെയ്ന്‍, ഐസിഎന്‍എ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ദലിത് സോളിഡാരിറ്റി ഫോറം ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ്, അമേരിക്കന്‍ സിഖ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളാണ് പത്രത്തില്‍ പരസ്യം നല്‍കിയത്. ന്യൂയോര്‍ക്ക് ടൈംസിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വലതുപക്ഷ ഹിന്ദു ദേശീയവാദി, ഹിന്ദുത്വ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ ഭരണം നടത്തുന്ന ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് പൗരന്മാര്‍ മതപരമായ പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും മാരകമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വിധേയമായെന്ന് കുറിപ്പില്‍ പറയുന്നു.

'മുസ് ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ഇന്ത്യയില്‍ വിവേചനം നേരിടുന്ന., ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പള്ളികള്‍, മതപാഠശാലകള്‍ എന്നിവ ഇടയ്ക്കിടെ തകര്‍ക്കപ്പെടുന്നു, കൂടാതെ മാരകമായ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നു'. അടുത്തിടെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ അവകാശം നിഷേധിക്കുകയാണെന്ന് കത്തില്‍ പറയുന്നു.

മുസ് ലിംകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച ഭൂമിയും സ്വത്തും അനധികൃതമായി പിടിച്ചെടുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹിന്ദു ഇതര മത സ്ഥാപനങ്ങളുടെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള അവകാശം അവര്‍ എടുത്തുകളഞ്ഞു. ഇത്തരം പണം കീഴാളവിഭാഗത്തിലെ ഇന്ത്യക്കാരുടെ ആരോഗ്യ-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്'.

'ദലിതരും (മുമ്പ് 'അസ്പൃശ്യര്‍'') ഇന്ത്യയിലെ ആദിവാസി (ആദിവാസി) ജനങ്ങളും നിരന്തരമായി കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും ഉള്‍പ്പെടെയുള്ള വിവേചനവും അടിച്ചമര്‍ത്തലും നേരിടുന്നുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

'ഇന്ത്യന്‍ ജുഡീഷ്യറിയും പോലിസും ബിജെപി, ആര്‍എസ്എസ് വിശ്വസ്തരാല്‍ നിറഞ്ഞിരിക്കുന്നു, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ല. ഭരണഘടന, മതസ്വാതന്ത്ര്യം, ആരാധനാലയങ്ങളുടെ പവിത്രത, സ്വത്ത്, ജീവനുകള്‍, ന്യൂനപക്ഷങ്ങളുടെ ബഹുമാനം എന്നിവക്ക് ബിജെപി അധികാരത്തിലിരിക്കുന്നിടത്തോളംകാലം ഒരു വിലയുമില്ല.

'ഇന്ത്യയുടെയും അമേരിക്കയുടെയും ഭരണഘടനകള്‍ മനുഷ്യാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും പ്രത്യാശയുടെ വിളക്കുകളാണ്. ജനാധിപത്യ വിരുദ്ധവും തീവ്രവാദവുമായ നയങ്ങള്‍ക്കെതിരെ നാമോരോരുത്തരും നിലകൊള്ളണം. ദയവായി നിങ്ങളുടെ കോണ്‍ഗ്രസിലെയും ബൈഡന്‍ അഡ്മിനിസ്‌ട്രേഷനിലെയും അംഗങ്ങളുമായി ബന്ധപ്പെടുക, മനുഷ്യാവകാശങ്ങളോടും മതസ്വാതന്ത്ര്യത്തോടുമുള്ള പ്രതിബദ്ധത നിലനിര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുക'- കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it