Big stories

ഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ ട്രോളി ബാഗുകള്‍ പരിശോധിക്കും

ഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം:  അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ ട്രോളി ബാഗുകള്‍ പരിശോധിക്കും
X
കോഴിക്കോട്: തിരൂര്‍ ഏഴൂര്‍ സ്വദേശിയും ചിക്ക് ബേക്ക് ഹോട്ടല്‍ ഉടമയുമായ സിദ്ദീഖ് മേച്ചേരി(58)യെ കൊലപ്പെടുത്തി കഷ്ണങ്ങങ്ങളാക്കി ചുരത്തില്‍ തള്ളിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ ട്രോളി ബാഗുകള്‍ പോലിസ് പരിശോധിക്കും. സംഭവത്തില്‍ മൂന്നുപേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സിദ്ദീഖിന്റെ ഒളവണ്ണയിലെ ഹോട്ടലിലെ ജോലിക്കാരനായിരുന്ന പാലക്കാട് വല്ലപ്പുഴ സ്വദേശി ഷിബിലി(22), ഇയാളുടെ പെണ്‍സുഹൃത്ത് ചളവറ സ്വദേശിനി കൊറ്റുതൊടി ഫര്‍ഹാന(18), പാലക്കാട് സ്വദേശി ചിക്കു എന്ന ആഷിക്ക് എന്നിവരെയാണ് പിടികൂടിയത്. രണ്ടുപേരെ ചെന്നൈയില്‍വച്ചും ആഷിഖിനെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളില്‍ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ മൃതദേഹമാണെന്ന സംശയത്തില്‍ പരിശോധന നടത്തും. ഒമ്പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങും. സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

സിദ്ദിഖിനെ കാണ്‍മാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. എടിഎം ഇടപാടും സിദ്ദീഖിന്റെ മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ചെന്നൈയില്‍ നിന്ന് തമിഴ്‌നാട് പോലിസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികള്‍ പോലിസിനോട് വെളിപ്പെടുത്തിയത്. ഇവിടെനിന്ന് പോലിസ് രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തിയിട്ടുള്ളത്.

ദിവസങ്ങളായി ഫോണില്‍ ലഭിക്കാതെയായതോടെയാണ് പോലിസില്‍ പരാതി നല്‍കിയതെന്ന് സിദ്ദീഖിന്റെ സഹോദരന്‍ പറഞ്ഞു. ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തില്‍ ജോലി ചെയ്തത്. മറ്റുജീവനക്കാര്‍ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈമാസം 18ന് പിരിച്ചുവിട്ടിരുന്നു. അന്നുതന്നെയാണ് സിദ്ദീഖിനെ കാണാതായത്. അന്നേദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ദീഖും പ്രതികളും രണ്ടുറൂമുകള്‍ എടുത്തിരുന്നു. ഇവിടെ വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പോലിസിന്റെ നിഗമനം. ഇതിനുപിന്നാലെ സിദ്ദീഖിന്റെ അക്കൗണ്ടില്‍നിന്ന് എടിഎം ഉപയോഗിച്ചും ഗൂഗിള്‍ പേ വഴിയും രണ്ട് ലക്ഷത്തോളം രൂപ പ്രതികള്‍ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഷക്കീലയാണ് മരണപ്പെട്ട സിദ്ദീഖിന്റെ ഭാര്യ. മക്കള്‍: ഷുഹൈല്‍, ഷിയാസ്, ഷാഹിദ്, ഷംല.

Next Story

RELATED STORIES

Share it