Big stories

മീഡിയാ വണ്‍ വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസ്; മുഴുവന്‍ രേഖകളും ഹാജരാക്കണം

മീഡിയാ വണ്‍ വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസ്; മുഴുവന്‍ രേഖകളും ഹാജരാക്കണം
X

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുടെ പേരില്‍ ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് മീഡിയ വണ്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടിസ് അയച്ചത്. മീഡിയ വണ്‍ വിലക്കിന് കാരണമായ എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിടുകയും കേസ് മാര്‍ച്ച് 15 ന് വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.


കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം ശരിവച്ച കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്താണ് മീഡിയവണ്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തില്‍ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേള്‍ക്കും. ചൊവ്വാഴ്ച തന്നെ ഇടക്കാല ഉത്തരവ് നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടക്കാല ഉത്തരവിറക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹരജിക്ക് പുറമെ കേരള പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും ഇന്ന് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. മീഡിയവണ്‍ ചാനല്‍ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെ തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹരജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനല്‍ ഉടമകളെയും ജീവനക്കാരെയും കേള്‍ക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജികളില്‍ പറയുന്നു.

ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്നാണ് അപ്പീല്‍ ഹരജിയുമായി മാനേജ്‌മെന്റ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിനുവേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയുമാണ് കോടതിയില്‍ ഹാജരായത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിനുശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി എട്ടിനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജികള്‍ തള്ളിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങള്‍ സിംഗിള്‍ ബെഞ്ചിനു കൈമാറിയിരുന്നത്.

Next Story

RELATED STORIES

Share it