Big stories

ആലി മുസ്‌ല്യാരുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 101 വയസ്സ്

ആലി മുസ്‌ല്യാരുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 101 വയസ്സ്
X

കെ പി ഒ റഹ്മത്തുല്ല

തിരൂരങ്ങാടി: ഇന്ന് ഫെബ്രുവരി 17. 101 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നേദിവസമായിരുന്നു 1921 ലെ മഹത്തായ മലബാര്‍ സ്വാതന്ത്യസമരത്തിന്റെ നായകന്‍ ആലി മുസ്‌ല്യാര്‍ രക്തസാക്ഷിയായത്. ഇന്നത്തെപോലെ അന്നും വെള്ളിയാഴ്ചയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്വത്വം അദ്ദേഹത്തിന് തൂക്കുകയറാണ് വിധിച്ചതെങ്കിലും അതിന് മുമ്പേ അല്ലാഹു അദ്ദേഹത്തെ തന്റെ അടുക്കലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. തൂക്കിക്കൊല്ലുന്നതിനുമുമ്പേ നമസ്‌കാരത്തിലെ സുജൂദില്‍ മരിച്ചുവീഴുകയായിരുന്നു. എന്നിട്ടും അരിശം തീരാത്ത ഇംഗ്ലീഷുകാര്‍ ആലി മുസ്‌ല്യാരുടെ മൃതദേഹം എടുത്തുകൊണ്ടുപോയി തൂക്കിലേറ്റി എന്നതാണ് വിരോധാഭാസം.

മഹാത്മാഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവിന് ശേഷം സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട രണ്ടാമത് ഖിലാഫത്ത് ശാഖ തിരൂരങ്ങാടിയിലാണ്. ആലി മുസ്‌ല്യാര്‍ അതിന്റെ വൈസ് പ്രസിഡണ്ടായിരുന്നു. സ്വാതന്ത്ര്യം വിളിപ്പാടകലെയെന്ന വിശ്വാസത്തില്‍ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഖിലാഫത്ത് വളണ്ടിയര്‍മാരായി. ചന്ദ്രക്കലയുള്ള വെള്ളത്തൊപ്പിയും കാക്കി ട്രൗസറുമൊക്കെയായി പട്ടാളച്ചിട്ടയില്‍ നാടിനഭിമാനമായി ഇവര്‍. ഒരു വര്‍ഷം കൊണ്ട് നൂറ്റമ്പത് ശാഖകള്‍, ഒരു ശാഖയില്‍ നൂറുകണക്കിന് വളണ്ടിയര്‍മാര്‍. ആലി മുസ്‌ല്യാരെ പോലെയുള്ള നേതാക്കള്‍ക്ക് ചുറ്റും ആജ്ഞാനുവര്‍ത്തികളായി നിലയുറപ്പിച്ച ഇവരുടെ ആവേശം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയിരുന്നു.

മലബാര്‍ സമരത്തിന്റെ നായകനും തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷനും അവിടം കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട, പത്ത് ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ഖിലാഫത്ത് സര്‍ക്കാരിന്റെ നേതാവുമായിരുന്ന ആലി മുസ്‌ല്യാര്‍. ലോക ചരിത്രത്തില്‍തന്നെ ശ്രദ്ധേയമായ ചെറുത്തുനില്‍പായി ഗണിക്കപ്പെട്ട മലബാര്‍ സമരത്തിന്റെ തുടക്കം കുറിച്ചത് ആലി മുസ്‌ല്യാരിലൂടെയായിരുന്നു.

ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങള്‍ അധിവസിച്ചിരുന്ന മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 247 അംശങ്ങളും 5000 ചതുരശ്ര കിലോമീറ്റര്‍ വിസ്താരവുമുള്ള ഒരു പ്രദേശത്തെയാകെ അമ്മാനമാടിയ കൊടുങ്കാറ്റായിരുന്നു 1921ല്‍ ആഞ്ഞുവീശിയത്. മനുഷ്യ ജീവിതത്തെയാകെ കടപുഴക്കിയ ആ കൊടുങ്കാറ്റില്‍ ജീവിതം ഹോമിച്ചത് 12,000 മനുഷ്യരാണ്. അത്ര തന്നെ പേരെ കാണാതായി. അമ്പതിനാ യിരത്തോളം പേരെ കല്‍ത്തുറുങ്കുകളിലാക്കി. പതിനയ്യായിരത്തോളം ആളുകളെ തൂക്കിലേറ്റുകയോ ആന്തമാനിലേക്ക് നാടുകടത്തുകയോ ചെയ്തു.

ഏതാനും മാസങ്ങള്‍ കൊണ്ടാണ് ഈ ദുരിതപര്‍വം അരങ്ങേറിയത്. പതിറ്റാണ്ടുകളെടുത്തു ആ ആഘാതത്തില്‍നിന്നും സമരദേശങ്ങള്‍ മുക്തിയാവാന്‍. ഇപ്പോള്‍ നൂറ്റൊന്നു വര്‍ഷത്തിനിപ്പുറവും ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും പഴയ സാമ്രാജ്യത്വ സ്വരം കനക്കു ന്നുണ്ട്. 1921 ലെ പോരാട്ടം വര്‍ഗീയമത ഭ്രാന്തിന്റെ ഉല്‍പന്നമായിരുന്നു എന്നുറപ്പിക്കാനും അതുവഴി അശാന്തിയുടെ അഗ്‌നിപര്‍വതം കരുപ്പിടിപ്പിക്കാനും. ഇങ്ങനെയുള്ള താല്‍പര്യങ്ങള്‍ക്ക് അവരുപയോഗിക്കുന്ന നാമങ്ങളിലൊന്നാണ് രക്തസാക്ഷി ആലി മുസ്‌ല്യാര്‍ എന്ന പണ്ഡിത ശ്രേഷ്ടന്‍.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബഹദൂര്‍ഷാ സഫറിനുള്ള സ്ഥാനമാണ് 1921 ലെ മഹത്തായ വിപ്ലവത്തില്‍ ആലി മുസ്‌ല്യാര്‍ക്കുള്ളത്. ഒരു ജനത ഒരു നേതാവിലേക്ക് ഉറ്റുനോക്കിയപ്പോള്‍ മറുത്തൊന്നും പറയാനാകാതെ തീച്ചൂളയിലേക്കെടുത്തു ചാടിയതാണ് രണ്ടുപേരുടെയും പാരമ്പര്യം. അന്നോളം മലബാറില്‍ അരങ്ങേറിയ ബ്രിട്ടീഷ് ജന്‍മി വിരുദ്ധ പോരാട്ടങ്ങളൊക്കെ ചാവേര്‍ സ്വഭാവത്തിലുള്ളതും ആത്മഹത്യാപരവുമായിരുന്നെങ്കില്‍ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസും അതിന്റെ നേതാക്കളായ ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും നേരിട്ടെത്തി തട്ടിവിളിച്ചപ്പോള്‍ രാഷ്ട്രീയമായ ഒരു പാന്ഥാവും വഴിവിളക്കും അവര്‍ക്കു മുമ്പില്‍ തുറന്നിട്ട പ്രതീതിയാണുണ്ടാക്കിയത്. മുസ്‌ലിംകള്‍ക്ക് നായകത്വം കൊടുത്തത് മുഖ്യമായും ആലി മുസ്‌ല്യാരും സയ്യിദന്‍മാരുമായിരുന്നു.

1921 ഫെബ്രുവരിമാര്‍ച്ച് മാസങ്ങളില്‍ തൃശൂര്‍ പട്ടണത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളില്‍ ആലി മുസ്‌ല്യാരുടെ ശിഷ്യന്‍മാരായ പൂക്കോട്ടൂരിലെയും മലപ്പുറത്തെയും ഖിലാഫത്ത് വളണ്ടിയര്‍മാരുടെ ശക്തി തിരിച്ചറിഞ്ഞ ബ്രിട്ടീഷ് അധികാരികള്‍ തിരൂരങ്ങാടിയിലെ അധികാര കേന്ദ്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പട്ടാള നീക്കം ആരംഭിച്ചിരുന്നു.

ഏപ്രിലില്‍ ഒറ്റപ്പാലത്തുവച്ച് നടന്ന കേരള പ്രദേശ് കോണ്‍ഗ്രസ്- ഖിലാഫത്ത് സമ്മേളനം തൊട്ടാരംഭിച്ച ആക്രമണ പരമ്പര മെയ് മാസമായപ്പോഴേക്ക് പോലീസ് രാജിലേക്ക് വഴിമാറി. ആദ്യമായാണ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവര്‍ണരും മുസ്‌ലിംകളും സവര്‍ ണരിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഒരു കുടക്കീഴില്‍ അണിനിരക്കുന്നത്. ഖിലാഫത്ത് ബാനറില്‍ ഒറ്റക്കെട്ടായി മുസ്‌ലിം ജനസാമാന്യം കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്ന കാഴ്ച ബ്രിട്ടീഷ് ആധിപത്യത്തിന്റെ അന്ത്യത്തിലേക്ക് വഴിതുറക്കുമെന്ന് മനസ്സിലാക്കിയതിന്റെ ഫലമാണ്, അതു തകര്‍ക്കാന്‍ വേണ്ടിയാണ്, മാപ്പിളമാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കു കയെന്ന നയം നടപ്പിലാക്കിയത്.

കള്ളക്കേസുകളുടെ എണ്ണം വര്‍ധിച്ചു. അനാവശ്യമായ അറസ്റ്റുകളും മര്‍ദ്ദനങ്ങളും വ്യാപകമായി. മാപ്പിള ഔട്ട്‌റേജസ് എന്ന 1859 ല്‍ നടപ്പാക്കിയ കരിനിയമം വഴി മാപ്പിളയെ കണ്ടാല്‍ തല്‍ക്ഷണം കൊല്ലാമെന്ന വ്യവസ്ഥ വ്യാപകമായി നടപ്പിലാക്കി. എങ്ങും അളമുട്ടിയ അവസ്ഥ സംജാതമായി. ഇതോടെ തിരിച്ചടികളും ആരംഭിച്ചു. ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്നും സായുധ കലാപത്തിലേക്കുള്ള ചുവടുമാറ്റം ആരംഭിച്ചത് അങ്ങനെയാണ്.

1920 ഒക്ടോബര്‍ 17 ന് ഖിലാഫത്ത് ദിനമായി ആചരിച്ചു. ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍നം തന്നെയും ഖിലാഫത്തിന് വേണ്ടിയായിരുന്നു. അന്നുവരെ മലബാര്‍ കണ്ടിട്ടില്ലാ ത്തത്ര ജനം ഗാന്ധിജിയെയും ഷൗക്കത്തലിയെയും കേള്‍ക്കാന്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് ഒരുമിച്ചുകൂടി. അന്‍പതിനായിരം പേരുണ്ടായിരുന്നെന്നാണ് ഖിലാഫത്ത് കമ്മിറ്റി റിപോര്‍ട്ട് ചെയ്തത്. ഈ സംഭവം നടന്നത് 1920 ആഗസ്ത് 18 നായിരുന്നു. ഇതില്‍ പങ്കെടുത്തയാളാണ് ആലി മുസ്‌ല്യാര്‍.

മഞ്ചേരിക്കടുത്ത നെല്ലിക്കുത്ത് എരിക്കുന്നന്‍പാലത്ത് മൂലയില്‍ കുഞ്ഞുമൊയ്തീന്റെ മകനായി 1854 ലാണ് അദ്ദേഹത്തിന്റെ ജനനം. മതപണ്ഡിതരുടെ കുടുംബമെന്നതു പോലെ സാമ്രാജ്യത്വ വിരുദ്ധതക്ക് പേരുകേട്ടവരായിരുന്നു പൂര്‍വികര്‍. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് വിജ്ഞാന ശാസ്ത്രം, കര്‍മശാസ്ത്രം, അധ്യാത്മശാസ്ത്രം, തത്വജ്ഞാനം, അര്‍ത്ഥശാസ്ത്രം എന്നിങ്ങനെ വൈപുല്യമാര്‍ന്ന ജ്ഞാനേന്തുവായിരുന്നു മുസ്ലിയാര്‍.

പൊന്നാനിയില്‍ പത്തു വര്‍ഷവും മക്കയില്‍ ഏഴു വര്‍ഷവും ഉപരിപഠനം നടത്തിയ ശേഷം കവരത്തി ദ്വീപിലേക്കാണ് പോയത്. തീര്‍ത്ഥാടനത്തിന് മക്കയില്‍ വന്ന അന്നാട്ടുകാര്‍ അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. അവിടെ എട്ടു വര്‍ഷം നിന്നു. 1891 ല്‍ നടന്ന മണ്ണാര്‍ക്കാട് കര്‍ഷക സമരത്തില്‍ മൂത്ത സഹോദരന്‍ മമ്മദുകുട്ടി രക്തസാക്ഷിയായി. അതോടെ കുടുംബ ഭാരം ഏറ്റെടുത്തുകൊണ്ട് നാട്ടിലേക്ക് വന്നു. 1896 ല്‍ മഞ്ചേരിയിലും കലാപം നടന്നു. ഇതിലും ആലി മുസ്ലിയാരുടെയും വാരിയന്‍കുന്നന്റെയും കുടുംബ ത്തില്‍നിന്നും പലരും രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. എങ്കിലും ആലി മുസ്ലിയാര്‍ ആത്മീയ വഴിയിലായിരുന്നു.

തൊടികപ്പലം, പൊടിയാട്ട് എന്നിവിടങ്ങളില്‍ നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള ദര്‍സുകള്‍ അദ്ദേഹം നയിച്ചു. ആത്മീയ ഗുരുവിന്റെ നിറദീപം മലബാറിലെങ്ങും പ്രഭചൊരിയുന്ന വേളയിലാണ് മലബാറിലെ സമര്‍ഖന്തായ തിരൂരങ്ങാടിയിലേക്ക് തട്ടകം മാറുന്നതും പ്രശസ്തിയുടെ കൊടുമുടിയിലെത്തുന്നതും.

ആലി മുസ്‌ല്യാരുടെ പ്രധാന ശിഷ്യന്‍മാരിലൊരാളായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ആലി മുസ്ലിയാരെയും സുഹൃത്തുക്കളെയും ബ്രിട്ടീഷ് പട്ടാളം വളഞ്ഞതറിഞ്ഞാണ് വാരിയന്‍കുന്നനും സഹ പ്രവര്‍ത്തകരും യുദ്ധത്തിനൊരുങ്ങിയത്. സൂര്യനസ്ഥമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആറുമാസം മലബാറിലെ ഇരുന്നൂറോളം താലൂക്കുകളില്‍ ഭരണം ഇല്ലാതാക്കി മലയാള രാജ്യം സ്ഥാപിച്ച് സ്വന്തമായി പാസ്‌പ്പോര്‍ട്ടും നികുതി വ്യവസ്ഥകളും ഏര്‍പ്പെടുത്തിയ 1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം ആഘോഷിച്ചപ്പോള്‍ പല പുതിയ കണ്ടെത്തലുകളുമുണ്ടായിട്ടുണ്ട്.

നൂറിലേറെ പുതിയ കനപ്പെട്ട ചരിത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആലി മുസ്‌ല്യാരുടെ പത്തോളം പുതിയ ജീവചരിത്രഗ്രന്ഥങ്ങളും അവയില്‍പ്പെടുന്നു. രക്തസാക്ഷിത്വത്തിന്റെ നൂറ്റൊന്നാം വാര്‍ഷികത്തില്‍ ആ വലിയ മനുഷ്യന്‍ മഹോന്നതനായി മാറിയിരിക്കുന്നു... രക്തസാക്ഷികള്‍ മരിക്കുകയില്ലെന്ന് ഖുര്‍ആന്‍ പറഞ്ഞത് എത്ര സത്യം...

Next Story

RELATED STORIES

Share it