Big stories

ആള്‍ക്കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിക്കു കത്ത്; ദലിത് വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കി

രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലയിലും അസഹിഷ്ണുതയിലും ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ 49 ചലച്ചിത്ര പ്രമുഖര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി വിവാദമായതിനു പിന്നാലെയാണ് നടപടി

ആള്‍ക്കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിക്കു കത്ത്; ദലിത് വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കി
X

ന്യൂഡല്‍ഹി: കശ്മീര്‍, തല്ലിക്കൊല വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ആറു വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കി. മഹാരാഷ്ട്രയിലെ വര്‍ധയിലുള്ള മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ(എംജിഎഎച്ച്‌വി)യിലെ ചന്ദന്‍ സരോജ്, നീരജ് കുമാര്‍, രാജേഷ് സാരഥി, രജനീഷ് അംബേദ്കര്‍, പങ്കജ് ദേല്‍, വൈഷ്ണവ് എന്നിവരെയാണ് പുറത്താക്കിയത്. ദലിത് പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലയിലും അസഹിഷ്ണുതയിലും ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ 49 ചലച്ചിത്ര പ്രമുഖര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി വിവാദമായതിനു പിന്നാലെയാണ് നടപടി. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലാലയില്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി പ്രതിഷേധിച്ചതിനു പിന്നാലെയാണ് കോളജില്‍ നിന്നു പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു.



ആള്‍ക്കൂട്ട കൊലപാതകം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍, കശ്മീര്‍ വിഷയം, ബലാല്‍സംഗക്കേസുകളില്‍ പ്രതികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കല്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ കാംപസിലെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത്. മഹാത്മാഗാന്ധിയുടെ പേരില്‍ സ്ഥാപിച്ച സര്‍വകലാശാലയെ കാവില്‍ക്കരിക്കാനുള്ള ശ്രമത്തെ എതിര്‍ത്തവരെ തകര്‍ക്കാനാണു ശ്രമിക്കുന്നതെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കാംപസില്‍ ശാഖകളും പരിപാടിയും നടത്താന്‍ സര്‍വകലാശാല അധികൃതര്‍ അനുമതി നല്‍കിയിരുന്നുവെന്നുംഒരു വിദ്യാര്‍ഥി നേതാവ് പറഞ്ഞതായി നാഷനല്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ബിഎസ്പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ മഹാപരിനിര്‍വാണ്‍ ദിവസ് ആഘോഷിക്കാന്‍ അനുമതി തേടിയപ്പോള്‍ ലഭിച്ചില്ല.


പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധിക്കാനുള്ള വിദ്യാര്‍ഥികളുടെ തീരുമാനം അറിഞ്ഞപ്പോള്‍ തന്നെ സര്‍വകലാശാല അധികൃതര്‍ എതിര്‍പ്പുമായെത്തിയിരുന്നു. തുടര്‍ന്ന് കോളജില്‍ കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ഥികള്‍ ഗാന്ധി ഹാളില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തിരുന്നു. ഇതുകാരണം വിദ്യാര്‍ഥികള്‍ ഗാന്ധി ഹാളിന്റെ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി മുദ്രാവാക്യം വിളിച്ച് പിരിയുകയായിരുന്നു. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ നല്‍കിയ പുറത്താക്കല്‍ നോട്ടീസില്‍ പരിപാടിയെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനു വിദ്യാര്‍ഥികളെ പുറത്താക്കിയത് രാജ്യം എവിടെയാണ് എത്തിനില്‍ക്കുന്നത് എന്നതിന്റെ തെളിവാണെന്നു ഐസ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.







Next Story

RELATED STORIES

Share it