Big stories

'മഹാഭാരതം' സിനിമാ നിര്‍മാണം, കശ്മീരില്‍ ഫിലിം സിറ്റി: ബി ആര്‍ ഷെട്ടിയുടെ നീക്കം ഇസ്ലാമിക് ബാങ്കുകളെ കബളിപ്പിച്ച്

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി വി എ ശ്രീകുമാരന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമക്ക് വേണ്ടിയാണ് ബി ആര്‍ ഷെട്ടി 1000 കോടി രൂപ മുതല്‍ മുടക്കാന്‍ പദ്ധതിയിട്ടിരുന്നത്.

മഹാഭാരതം സിനിമാ നിര്‍മാണം, കശ്മീരില്‍ ഫിലിം സിറ്റി: ബി ആര്‍ ഷെട്ടിയുടെ നീക്കം ഇസ്ലാമിക് ബാങ്കുകളെ കബളിപ്പിച്ച്
X

ബംഗളുരു: യുഎഇയിലെ ഇസ്‌ലാമിക ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ച് മോഹന്‍ലാലിനെ നായകനാക്കി 1,000 കോടി രൂപ മുടക്കി മഹാഭാരതം സിനിമ ചിത്രീകരിക്കാനും കശ്മീരില്‍ ഫിലിം സിറ്റി നിര്‍മിക്കാനുമുള്ള ആര്‍എസ്എസ് സഹയാത്രികന്‍ പത്മശ്രീ ബിആര്‍ ഷെട്ടിയുടെ സ്വപ്നം യുഎഇ അധികൃതരുടെ നടപടിയെ തുടര്‍ന്ന് പൊളിഞ്ഞു. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി വി എ ശ്രീകുമാരന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമക്ക് വേണ്ടിയാണ് ബി ആര്‍ ഷെട്ടി 1000 കോടി രൂപ മുതല്‍ മുടക്കാന്‍ പദ്ധതിയിട്ടിരുന്നത്. ചിത്രീകരണത്തിന്റെ പ്രധാനഭാഗവും അറേബ്യന്‍ മണലാരണ്യത്തിലായിരുന്നു ഷെട്ടി ആസൂത്രണം ചെയ്തിരുന്നത്.

മോദി സര്‍ക്കാര്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ഉടനെ വന്‍ തുക മുടക്കി അവിടെ ഫിലിം സിറ്റി നിര്‍മ്മിക്കാനും ഷെട്ടി പദ്ധതി ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിനു അനുബന്ധമായി നടന്ന ചടങ്ങിലാണ് ബി ആര്‍ ഷെട്ടി ഈ പ്രഖ്യാപനം നടത്തിയത്.

ഉഡുപ്പിയില്‍ ബിജെപിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്ന ഷെട്ടി തീവ്ര ഹിന്ദുത്വരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അറേബ്യന്‍ രാജ്യങ്ങളില്‍ ഹിന്ദുത്വ ശക്തികളെ ജനകീയമാക്കാനുള്ള കപട ശ്രമം നടത്തിയിരുന്നത്.

ഇതിന് കൂട്ട് നില്‍ക്കാനായി ഗള്‍ഫ് രാജ്യങ്ങളിലെ മുസ്‌ലിം സംഘടനകള്‍ക്ക് വരെ സംഭാവനകളും നല്‍കിയിരുന്നു. എന്‍എം.സി, യുഎഇ എക്സ്ചെയിഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്ന ഷെട്ടി നിരവധി മലയാള മാധ്യമ സ്ഥാപനങ്ങളെയും കബളിപ്പിച്ചിട്ടുണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ എന്‍എംസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ നിലവിലുള്ള ഡയറക്ടര്‍മാര്‍ മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥനെയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ നിയോഗിച്ചിരിക്കുന്നത്.

ദുബയ് ഇസ്‌ലാമിക് ബാങ്കില്‍ നിന്നും 541 ദശലക്ഷം ഡോളറും അബുദബി ഇസ്‌ലാമിക് ബാങ്കില്‍ നിന്നും 325 ദശലക്ഷം ഡോളറും, അബുദബി കൊമേഴ്സ്യല്‍ ബാങ്കില്‍ നിന്നും 963 ദശലക്ഷം ഡോളറും കൂടാതെ മറ്റു ബാങ്കുകളില്‍ നിന്നും വന്‍തുക ഷെട്ടി കടമെടുത്തിട്ടുണ്ട്. തട്ടിപ്പ് മനസ്സിലായതിനെ തുടര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ബിആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പേരിലുള്ള എല്ലാ സ്ഥാപനങ്ങളും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു.

വന്‍ തട്ടിപ്പ് നടന്ന സംഭവമായതിനാല്‍ ഇന്റര്‍പോള്‍ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ സാധ്യത കൂടുതലാണ്. ഹിന്ദുത്വ തീവ്രവാദികളുടെ വിദേശത്തെ പ്രധാന സാമ്പത്തിക സോതസ്രായിരുന്ന ഷെട്ടിയെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചാല്‍ പണം എവിടെയൊക്കെ എത്തി എന്നുള്ള കാര്യങ്ങള്‍ വ്യക്തമാകും. ഇതോടെ ഹിന്ദുത്വ സംഘടനകളുടെ പല നേതാക്കളും കുടുങ്ങുമെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ പോലും മോദിയെ പുകഴ്ത്താനായിരുന്നു ഷെട്ടി കൂടുതല്‍ സമയം വിനിയോഗിച്ചിരുന്നത്.

Next Story

RELATED STORIES

Share it