Big stories

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഒരുങ്ങുന്നു; രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ ഇന്ന്

സീറ്റ് തര്‍ക്കം ഇപ്പോഴേ ഉന്നയിച്ച ഘടകകക്ഷികളെ അനുനയിപ്പിക്കാനും ശ്രമിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്:   കോണ്‍ഗ്രസ് ഒരുങ്ങുന്നു; രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ ഇന്ന്
X
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരുക്കം തുടങ്ങുന്നു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കമെന്നോണം എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന നിര്‍ണായക കണ്‍വന്‍ഷന്‍ ഇന്നു വൈകീട്ട് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശ്ശേരിയിലെത്തുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവ് പരേതനായ എം ഐ ഷാനവാസിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുക. ബൂത്തുതലം മുതലുളള ഭാരവാഹികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുക. തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് കണ്‍വന്‍ഷന്‍ വേദിയാവുമെന്നാണു സൂചന. നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറെ പ്രതീക്ഷകളുള്ള കേരളത്തില്‍ ബുത്തുതലം മുതലുള്ള പ്രവര്‍ത്തകരെ നേരില്‍ക്കണ്ട് അടിത്തറ ശക്തമാക്കുകയാണു രാഹുലിന്റെ സന്ദര്‍ശന ലക്ഷ്യം. ഇതോടൊപ്പം തന്നെ സീറ്റ് തര്‍ക്കം ഇപ്പോഴേ ഉന്നയിച്ച ഘടകകക്ഷികളെ അനുനയിപ്പിക്കാനും ശ്രമിക്കും. നാല് സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്ന മുസ്‌ലിം ലീഗും രണ്ടു സീറ്റ് ആവശ്യപ്പെടുന്ന കേരള കോണ്‍ഗ്രസ് എമ്മുമാണ് പ്രധാന ഘടകക്ഷികള്‍. ഇവരെ അനുനയിപ്പിക്കാന്‍ രാഹുല്‍ തന്നെ മുന്‍കൈയെടുത്തേക്കും. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുമെന്നാണു സൂചന. ഇക്കാര്യത്തില്‍ രാഹുലിന്റെ തീരുമാനമായിരിക്കും അന്തിമം. കൂടാതെ സിറ്റിങ് എംപിമാര്‍ തന്നെ മല്‍സരരംഗത്ത് വേണോയെന്ന ചര്‍ച്ചകള്‍ക്കും തുടക്കമിടും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ മല്‍സരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും ഇക്കാര്യം സമ്മതിക്കുമെന്നാണു സൂചന.



Next Story

RELATED STORIES

Share it