Big stories

ലക്ഷദ്വീപ്: ജോലി നഷ്ടപ്പെട്ടവര്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത്

ഇതുവരെ ജോലി നഷ്ടപ്പെട്ടത് 2000ത്തോളം പേര്‍ക്ക്

ലക്ഷദ്വീപ്: ജോലി നഷ്ടപ്പെട്ടവര്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത്
X
കവരത്തി: കേന്ദ്രഭരണ പ്രദേശമായ ലക്ഷ്ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഭരണപരിഷ്‌കരണത്തിന്റെ മറവില്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധം പുതിയ തലത്തിലേക്ക്. വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ നിരവധി പേര്‍ പ്രത്യക്ഷ സമരവുമായി രംഗത്ത്. ഇതുവരെ രണ്ടായിരത്തോളം പേര്‍ക്കാണ് കൊവിഡ് കാലത്തും ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസവും കൃഷി വകുപ്പില്‍ കൂട്ടത്തോടെ തസ്തികകള്‍ വെട്ടിക്കുറക്കുകയും പിരിച്ചുവിടുകയും ചെയ്യാന്‍ അവലോകന സമിതി യോഗം ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരേയാണ് കൂട്ടത്തോടെ പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുത്ത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയത്. വീടുകളിലും മറ്റും പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധം അറിയിച്ചത്.

വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരത്തിന്റെ മറവില്‍ അങ്കണവാടി ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ടൂറിസം, മറൈന്‍ വാച്ചേഴ്‌സ്, കൃഷി വകുപ്പ്, മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് കൂട്ട പിരിച്ചുവിടല്‍ നടത്തിയത്. ഇതുവരെയായി 1900ത്തിനു മുകളില്‍ ജീവക്കാര്‍ക്കാണ് ഉപജീവന മാര്‍ഗ്ഗം തടസ്സപ്പെട്ടത്. താല്‍ക്കാലിക ജീവനക്കാരും 10 വര്‍ഷത്തിലേറെ കരാര്‍, താല്‍ക്കാലിക, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തവരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ദിവസവും പ്രതിഷേധം ശക്തിപ്പെടുത്തുന്നുണ്ട്. പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനെതിരേയും പ്രതിഷേധമുയര്‍ത്തിയിരുന്നു.

പുതിയ അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡാ പട്ടേല്‍ ചുമതലയേറ്റ് ആറു മാസത്തിനകമാണ് രണ്ടായിരത്തോളം പേരെ പിരിച്ചുവിട്ടത്. അടുത്ത മാസത്തോടെ ഇതിന്റെ എണ്ണം രണ്ടായിരം മറികടക്കുമെന്നാണ് പ്രദേശവാസികള്‍ തന്നെ പറയുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമെന്നും മറ്റും പറഞ്ഞാണ് പിരിച്ചുവിടലെങ്കിലും അഡ്മിനിസ്‌ട്രേറ്ററുടെ ഒറ്റ യാത്രയ്ക്കു മാത്രം 23 ലക്ഷം രൂപ ചെലവിട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.

Lakshadweep: Job losers stage direct protest

Next Story

RELATED STORIES

Share it