Big stories

കൊലക്കുറ്റം ചുമത്തിയ മറ്റ് പ്രതികളോടും ഇങ്ങനെയാണോ പെരുമാറുന്നത് ? ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതിയില്‍ യുപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് സുപ്രിംകോടതി

എന്തുകൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ബെഞ്ച് ചോദിച്ചു. മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് പോലിസ് സമന്‍സ് അയച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞപ്പോഴാണ് എല്ലാ കൊലപാതക കേസുകളിലും അതാണോ പതിവ് എന്ന് ബെഞ്ച് ചോദിച്ചത്.

കൊലക്കുറ്റം ചുമത്തിയ മറ്റ് പ്രതികളോടും ഇങ്ങനെയാണോ പെരുമാറുന്നത് ? ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതിയില്‍ യുപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. കൊലക്കുറ്റം ചുമത്തിയ മറ്റ് പ്രതികളോടും സര്‍ക്കാര്‍ ഇത്ര ലാഘവത്തോടെയാണോ പെരുമാറുന്നതെന്ന് സുപിംകോടതി ചോദിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയക്കെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് എന്‍ വി രമണയാണ് സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചത്. സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരുന്നു.

എന്തുകൊണ്ടാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ബെഞ്ച് ചോദിച്ചു. മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് പോലിസ് സമന്‍സ് അയച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാനത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞപ്പോഴാണ് എല്ലാ കൊലപാതക കേസുകളിലും അതാണോ പതിവ് എന്ന് ബെഞ്ച് ചോദിച്ചത്. കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് കേസുകളില്‍ പെരുമാറുന്നതുപോലെ അയാളോടും പെരുമാറുക- ചീഫ് ജസ്റ്റിസ് വാക്കാല്‍ സാല്‍വെയോട് പറഞ്ഞു. കേസില്‍ ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് നിരീക്ഷിച്ച കോടതി എട്ടുപേരെ കൊലപ്പെടുത്തിയ ക്രൂരമായ സംഭവമാണ് നടന്നതെന്നും വ്യക്തമാക്കി.

അത്തരമൊരു സാഹചര്യത്തില്‍ പോലിസ് സാധാരണഗതിയില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമായ ദൃക്‌സാക്ഷി മൊഴികളുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഗൗരവത്തോടെയാണ് കേസിനെ കാണുന്നതെന്ന് അറിയിച്ച യുപി സര്‍ക്കാരിനോട് പ്രവൃത്തിയിലും അത് കാണിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ആശിഷ് മിശ്ര നാളെ ഹാജരാവുമെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരേ നിയമം അതിന്റെ വഴിക്ക് പോവണം- ബെഞ്ച് വാക്കാല്‍ പറഞ്ഞു. കേസ് സിബിഐക്ക് കൈമാറാന്‍ സംസ്ഥാനം ആലോചിക്കുന്നുണ്ടോ എന്നും ബെഞ്ച് ചോദിച്ചു. കര്‍ഷകക്കൊലയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാക്കാന്‍ ആശിഷ് കൂടുതല്‍ സമയം ചോദിച്ചെന്നും നാളെ 11 മണി ഹാജരാവാമെന്ന് ആശിഷിന്റെ അഭിഭാഷകന്‍ അന്വേഷണ സംഘത്തിനെ അറിയിച്ചെന്നും ഹരീഷ് സാല്‍വെ പറഞ്ഞു.

ആശിഷ് മിശ്രക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഹാജരായില്ലെങ്കില്‍ നിയമപരമായ നടപടിയെടുക്കുമെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വെടിവച്ചുവെന്ന് ആരോപണമുണ്ട്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തില്‍ അത് തെളിഞ്ഞിട്ടില്ല. ഗൗരവമുള്ള കേസ് ആണെന്നിതെന്നും യുപി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, ഗൗരവമുള്ള കേസ് കൈകാര്യം ചെയ്യുന്നത് പോലെ അല്ല ഈ കേസ് യുപി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് കോടതി വിമര്‍ശിച്ചു. ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യണം. അതാണ് സര്‍ക്കാരില്‍നിന്നും പോലിസില്‍നിന്നും പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുപി സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. ഗൗരവമുള്ള വിഷയമായതിനാല്‍ പ്രത്യേക പരാമര്‍ശങ്ങള്‍ നടത്തുന്നില്ല.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ല. അന്വേഷണം വേഗത്തില്‍ നടത്തണം. ഗുരുതരമായ കൊലപാതകവും വെടിയേറ്റതുമായ ഗുരുതരമായ ആരോപണങ്ങളുണ്ടാകുമ്പോള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രതികളോട് എങ്ങനെയാണ് പെരുമാറുന്നത് ? ദയവായി വരൂ എന്നറിയിച്ച് നോട്ടീസ് അയയ്ക്കുകയാണോ?, ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. സാധാരണ സാഹചര്യങ്ങളില്‍ 302 ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താല്‍ പോലിസ് എന്തു ചെയ്യും? പോയി പ്രതിയെ അറസ്റ്റ് ചെയ്യുക!', ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. പൂജാ അവധിക്ക് ശേഷം 20 ആം തിയതി കേസ് വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൃത്യമായി സൂക്ഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it