Big stories

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം; എഫ്‌ഐആര്‍ പുറത്തുവിടാതെ കേരള പോലിസ്, അന്വേഷണത്തില്‍ സംശയംപ്രകടിപ്പിച്ച് ബഷീറിന്റെ കുടുംബം

സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ പുറത്തുവിടാന്‍ കൂട്ടാക്കാത്ത പോലിസ് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തതും ശ്രീറാമിനെതിരേയുള്ള കേസ് ദുര്‍ബലമാക്കാനാണെന്നാണ് ആക്ഷേപം.

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം; എഫ്‌ഐആര്‍ പുറത്തുവിടാതെ കേരള പോലിസ്, അന്വേഷണത്തില്‍ സംശയംപ്രകടിപ്പിച്ച് ബഷീറിന്റെ കുടുംബം
X

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമമെന്ന് ആക്ഷേപം. സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ പുറത്തുവിടാന്‍ കൂട്ടാക്കാത്ത പോലിസ് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തതും ശ്രീറാമിനെതിരേയുള്ള കേസ് ദുര്‍ബലമാക്കാനാണെന്നാണ് ആക്ഷേപം.

കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ്‌ഐആര്‍ കേരള പോലിസിന്റെ ഔദ്യാഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് വ്യക്തമാക്കുമ്പോഴും ഒരു ദിവസം പിന്നിട്ടിട്ടും എഫ്‌ഐആര്‍ പുറത്തുവിടാത്തത് കേസിന്റെ വിവരങ്ങള്‍ മറച്ചുവെയ്ക്കാനാണെന്നാണ് ആക്ഷേപം ഉയരുന്നത്.

അതേ സമയം, കേസില്‍ ദൃക്‌സാക്ഷിമൊഴികള്‍ മാറ്റി നിര്‍ത്തിയാല്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് മജിസ്‌ട്രേറ്റിന്റെ അടുത്ത് രഹസ്യം മൊഴി നല്‍കിയത് വഫ ഫിറോസാണ്. അതിനാല്‍ തന്നെ ഇവരെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്താതെ രണ്ട് വകുപ്പുകള്‍ ചുമത്തി പ്രതിയായി ചേര്‍ത്തു. കേസ് കോടതിയിലെത്തുമ്പോള്‍ ഈ മൊഴി പ്രസക്തമല്ലാതാകുകയും വഫ ഫിറോസിന്റെ മൊഴി കൂട്ടുപ്രതിയുടെ മൊഴിയായി മാത്രമേ കണക്കാക്കാന്‍ കഴിയൂ.

ഇത് കേസ് ദുര്‍ബലപ്പെടുമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഗുരുതരമായ പരിക്കുകളില്ലെങ്കില്‍ പോലും സ്വകാര്യ ആശുപത്രിയില്‍ തുടരുന്നത് ജയില്‍വാസം ഒഴിവാക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പോലിസ് അന്വേഷണത്തില്‍ കെ എം ബഷീറിന്റെ കുടുംബവും സംശയം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു.

ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമ സഹായിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നും നടക്കുന്നെന്നും ഇയാളുടെ രക്തപരിശോധന വൈകിയത് ദുരൂഹമാണെന്നും സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.ഒരു ഉന്നത ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് കേസില്‍ ശ്രീറാമിന്റെ ഭാഗത്തുനിന്ന് സ്വാധീനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക കുടുംബത്തിനുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെടാത്തിരിക്കാനും സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it