Big stories

സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു; ഉള്ള സീറ്റും കൈവിട്ട് സംപൂജ്യരായി ബിജെപി

2016ല്‍ വിജയിച്ച നേമത്തിന് പുറമെ ഒട്ടേറെ സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബിജെപി കണക്കുക്കൂട്ടല്‍. എന്നാല്‍, വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ കേരള ജനത ഒരിടത്തും കാലു കുത്താന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല ഉള്ള സീറ്റ് തിരിച്ചെടുക്കുകയും ചെയ്തു.

സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു;  ഉള്ള സീറ്റും കൈവിട്ട് സംപൂജ്യരായി ബിജെപി
X

കോഴിക്കോട്: കേന്ദ്ര ഭരണത്തിന്റെ തണലില്‍ അധികാരവും പണവും താരപ്രചാരകരുമായി കേരളത്തില്‍ മറ്റേത് മുന്നണികളേക്കാളും പ്രചാരഗോദയില്‍ മുന്നിട്ട് നിന്നത് ബിജെപിയായിരുന്നു.

കേന്ദ്ര നേതാക്കളുടെയും വര്‍ഗീയ വിദ്വേഷ പ്രചാരകരുടേയും പടയോട്ടമായിരുന്നു തലങ്ങും വിലങ്ങും. മോദിയും അമിത് ഷായും യോഗിയും ഉള്‍പ്പെടെ ബിജെപിയുടെ മുന്‍നിര താരങ്ങള്‍ തന്നെ പ്രചാരണത്തിനെത്തി.

ഇതു പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസമാവാം 35 സീറ്റില്‍ വിജയിച്ച് കേരളത്തില്‍ അധികാരംപിടിച്ചെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെക്കൊണ്ട് പറയിച്ചത്. താരപ്രചാരകരുടേയും പണക്കൊഴുപ്പിന്റേയും മുകളില്‍കയറിനിന്നുകൊണ്ടായിരുന്നു കഴിഞ്ഞ തവണ കേരളത്തില്‍ ആദ്യമായി തുറന്ന അക്കൗണ്ട് രണ്ടക്കത്തിലേക്കെത്തിക്കാമെന്ന ഈ ആത്മവിശ്വാസം. സ്വര്‍ണക്കടത്ത് വിഷയവും ശബരിമല സ്ത്രീപ്രവേശന വിഷയവും ഉയര്‍ത്തിക്കാട്ടിയും ആവശ്യത്തിലേറെ വര്‍ഗീയത വിളമ്പിയും വമ്പന്‍ പ്രചാരണം അഴിച്ചുവിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പോലും വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

2016ല്‍ വിജയിച്ച നേമത്തിന് പുറമെ ഒട്ടേറെ സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബിജെപി കണക്കുക്കൂട്ടല്‍. എന്നാല്‍, വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ കേരള ജനത ഒരിടത്തും കാലു കുത്താന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല ഉള്ള സീറ്റ് തിരിച്ചെടുക്കുകയും ചെയ്തു.

അവസാന നിമിഷം കേന്ദ്ര നേതൃത്വം ഇടപെട്ട് സീറ്റു നേടിയ ശോഭ സുരേന്ദ്രന്‍ തോറ്റതും പാര്‍ട്ടിക്ക് കരണത്തടിപോലെയായി.

ഏറെ പ്രതീക്ഷയോടെയാണ് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചത്. എന്നാല്‍ അതിന്റെ ഫലമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പിലായില്ല. അഞ്ച് സീറ്റില്‍ വിജയവും ഇരുപതോളം സീറ്റില്‍ നിര്‍ണായക ശക്തിയും എന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ ആത്മവിശ്വാസം. അതുകൊണ്ടുതന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതും. തദ്ദേശ തിരഞ്ഞെടുപ്പില്‍ 85 ശതമാനത്തോളം വാര്‍ഡുകളില്‍ മത്സരിക്കാനായത് സുരേന്ദ്രന്റെ നേട്ടമായി വിലയിരുത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പാര്‍ട്ടി നീങ്ങിയത്. മത്സരിക്കുന്ന എല്ലായിടത്തും മറ്റു മുന്നണികളെപ്പോലെ പ്രവര്‍ത്തിക്കാന്‍ ആളുണ്ടെന്ന പ്രതീതി ഇതുവഴി ഉണ്ടാക്കി. എന്നാല്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ പലയിടത്തും ഇത്തവണ മൂന്നാമതായത് എന്തുകൊണ്ടെന്ന് ബിജെപി ഏറെ ചിന്തിക്കേണ്ടി വരും.

നേമത്ത് കുമ്മനം രാജശേഖരന്‍ തുടക്കംമുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാനറൗണ്ടുകളില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. പാലക്കാട്ട് ഇ ശ്രീധരനും ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ലാപ്പില്‍ ശാഫി പറമ്പില്‍ എന്ന യുവ എംഎല്‍എ ഈ പ്രതീക്ഷ തല്ലിക്കെടുത്തി.

നേമവും പാലക്കാടും ഒഴികെ മഞ്ചേശ്വരത്തും തൃശ്ശൂരുമാണ് ബിജെപിക്ക് അല്പമെങ്കിലും ആശ്വാസകരമായ മത്സരമുണ്ടായത്.

തൃശ്ശൂരില്‍ സുരേഷ് ഗോപി ഏതാനും മണിക്കൂറുകള്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് പിന്നില്‍പ്പോയി. ഇത്തവണ ആകെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് എന്‍ഡിഎയ്ക്കും ബിജെപിക്കും മുന്നിട്ടുനില്‍ക്കാനായത്. എന്നാല്‍ അവസാനഘട്ടത്തില്‍ ബിജെപിയുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. കേന്ദ്രത്തില്‍ തുടര്‍ച്ചയായി അധികാരം ലഭിച്ചിട്ടും സര്‍വസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബിജെപി സംസ്ഥാന നേതൃത്വത്തിന് നാണക്കേട് ആയി മാറിയിരിക്കുകയാണ്.

ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയ സ്ഥാനാര്‍ഥിയെ റോക്കറ്റില്‍ മേലോട്ട് അയച്ചെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

Next Story

RELATED STORIES

Share it