- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുസ്തകങ്ങളെ വേട്ടയാടി കശ്മീരി പോലിസ്

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ മൂന്നു ബുക്ക് സ്റ്റോറുകളില്‍ പോലിസ് റെയ്ഡ് നടത്തി. ഇസ് ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനുമായ അബുല്‍ അഅ്‌ലാ മൗദൂദിയുടെ പുസ്തകങ്ങളാണ് അവര്‍ പിടിച്ചെടുത്തത്. നിരോധിത സംഘടനയെ പ്രോല്‍സാഹിപ്പിക്കുന്ന പുസ്തകങ്ങളുടെ വില്‍പ്പനയെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് പോലിസ് പറഞ്ഞു. പക്ഷേ, ഈ പുസ്തകങ്ങള്‍ നിരോധിച്ച പുസ്തകങ്ങളാണെന്ന് തോന്നുന്നില്ല. കശ്മീരിന് പുറത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ലഭ്യമാണ്.

2025 ഫെബ്രുവരി 13ന് ലാല്‍ചൗക്കിലെ ഒരു ബുക്ക്‌സ്റ്റോറില്‍ നാലു പേര്‍ എത്തി. പുസ്തകങ്ങളുടെ ഒരു പട്ടിക നല്‍കി അവര്‍ അവ ലഭ്യമാണോ എന്ന് ചോദിച്ചു. ബുക്ക്‌സ്‌റ്റോറിലെ ജീവനക്കാര്‍ എന്തെങ്കിലും പറയുന്നതിന് മുമ്പേ അവര്‍ കടയിലുണ്ടായിരുന്നവരെ പുറത്താക്കി കടയുടെ വാതിലുകളെല്ലാം അടച്ചു. പോലിസില്‍ നിന്നാണെന്ന് പറഞ്ഞ അവരോട് ഭയന്ന കടക്കാര്‍ സഹകരിച്ചു. കടയുടെ തറയില്‍ ഒരു ഷീറ്റ് വിരിച്ച സംഘം അവര്‍ കൊണ്ടുവന്ന ലിസ്റ്റിലെ പുസ്തകങ്ങളെല്ലാം അതില്‍ ഇടാന്‍ ആവശ്യപ്പെട്ടു. അവയെല്ലാം പിടിച്ചെടുക്കാന്‍ മേലധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് അവര്‍ ന്യായം പറഞ്ഞത്.

അവര്‍ പിടിച്ചെടുത്തതെല്ലാം ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ പുസ്തകങ്ങളായിരുന്നു. അന്നു തന്നെ തന്റെ പുസ്തക കട റെയ്ഡ് ചെയ്ത് അതേ പുസ്തകങ്ങള്‍ പിടിച്ചെടുത്തതായി മറ്റൊരു കടക്കാരനും പറഞ്ഞു.
അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഖിലാഫത്ത് ഔര്‍ മുലൂക്കിയത്ത്, ഫണ്ടമെന്റല്‍സ് ഓഫ് ഇസ്‌ലാം, ദി വീല്‍, സെര്‍മണ്‍സ്, ടുവാര്‍ഡ്‌സ് അണ്ടര്‍സ്റ്റാന്‍ഡിങ് ഇസ്‌ലാം എന്നീ പുസ്തകങ്ങളാണ് അവര്‍ കൊണ്ടുപോയത്.
നിരോധിത സംഘടനയുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന സാഹിത്യങ്ങളുടെ രഹസ്യ വില്‍പ്പനയും വിതരണവും സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീനഗറില്‍ നടത്തിയ പരിശോധനയില്‍ 668 പുസ്തകങ്ങള്‍ പിടിച്ചെടുത്തെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു. ബിഎന്‍എസ്എസിന്റെ സെക്ഷന്‍ 126 പ്രകാരം നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
സമാധാനം നിലനിര്‍ത്താനുള്ള സുരക്ഷ എന്ന പേരിലെ ഈ വകുപ്പ് 'സമാധാന ലംഘനം' അല്ലെങ്കില്‍ 'പൊതു സമാധാനം തകര്‍ക്കല്‍' എന്നിവയുടെ സാധ്യതകളെ നേരിടാനുള്ളതാണ്.
അഭിപ്രായ സ്വതന്ത്ര്യം തടയല്‍
ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ അഭിഭാഷകനായ ഹബീല്‍ ഇഖ്ബാല്‍ ഇത്തരം റെയ്ഡുകളുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. സംഭവങ്ങളുടെ ആഖ്യാനത്തെ നിയന്ത്രിക്കുക എന്നതാണ് പുസ്തകങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും തടയുന്നതാണ് ഈ നടപടികളെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിരോധിക്കാത്ത പുസ്തകങ്ങള്‍ ഇത്തരത്തില്‍ പിടിച്ചെടുക്കാനാവില്ലെന്ന് സുപ്രിംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന മറ്റൊരു അഭിഭാഷകനും പറഞ്ഞു.
ബിഎന്‍എസ്എസിന്റെ സെക്ഷന്‍ 126 പ്രകാരം പുസ്തകം പിടിച്ചെടുക്കാന്‍ കഴിയില്ല. ബിഎന്‍എസ്എസിലെ 98ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയാല്‍ മാത്രമേ പോലിസിന് പുസ്തകം പിടിച്ചെടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം വിശദീകരിച്ചു.
ചില പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടിയതായി പ്രഖ്യാപിക്കാനും സെര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കാനും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 98ാം വകുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നു.
പുസ്തകശാലകള്‍ റെയ്ഡ് ചെയ്യാനും അന്വേഷിക്കാനും ഭരണകൂടം ദേശസുരക്ഷ എന്ന പ്രയോഗം ഉപയോഗിക്കുകയാണെന്ന് മറ്റൊരു അഭിഭാഷകന്‍ പറഞ്ഞു. 'മുന്‍കൂട്ടി' നടപടി സ്വീകരിക്കുകയാണെങ്കില്‍ എന്തു വിഷയവും ദേശസുരക്ഷയില്‍ ഉള്‍പ്പെടുത്താനാവും. ഇത്തരം അന്വേഷണങ്ങള്‍ അധികാരികള്‍ ആഗ്രഹിക്കുന്ന അത്രയും വരെ നടത്താം. എന്താണ് അന്വേഷിക്കുന്നതെന്നോ എന്താണ് കുറ്റമെന്നോ എന്താണ് നിയമപ്രശ്‌നങ്ങളെന്നോ ആര്‍ക്കും ധാരണയുണ്ടാവില്ല. ദേശസുരക്ഷാ വിഷയങ്ങളില്‍ എന്തും കുറ്റകൃത്യമാവാം. അത് കശ്മീരി വിദ്യാര്‍ഥികളാവാം, പുസ്തകങ്ങളാവാം, സാഹിത്യങ്ങളാവാം, സോഷ്യല്‍ മീഡിയ പോസ്റ്റുകളാവാം, നിലവിലെ രാഷ്ട്രീയ നയത്തെ കുറിച്ചുള്ള എഴുത്തുകളാവാം, സര്‍ക്കാരിനെതിരായ വിമര്‍ശനമാവാം...
''സുരക്ഷാ ആശങ്ക ആരോപിച്ച് അധികാരികള്‍ വലയെറിയുകയാണ്.... അത് ഏകപക്ഷീയമാണെന്ന് പറയാം...പക്ഷേ, സുരക്ഷാ ആശങ്ക പറയുന്നതിനാല്‍ കോടതികള്‍ അധികാരികളുടെ നിലപാട് അംഗീകരിക്കുന്നു.''-ഒരു അഭിഭാഷകന്‍ പറഞ്ഞു. വ്യക്തമാക്കാത്ത ഗൂഢാലോചനയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് അധികാരികള്‍ ചിലപ്പോള്‍ മുന്നോട്ട് പോവാറ്. ശ്രീനഗറിലെ ബുക്ക്‌സ്‌റ്റോറുകളിലെ റെയ്ഡ് അത്തരമൊരു എഫ്‌ഐആര്‍ മൂലമാവാം. ഇന്ന കട പരിശോധിക്കണമെന്നോ മറ്റോ പറഞ്ഞുപോലും കാണില്ല.''-അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യക്ക് പുസ്തക നിരോധനത്തിന്റെ നീണ്ട ചരിത്രമുണ്ട്. ഡി എച്ച് ലോറന്‍സിന്റെ 1928ലെ നോവലായ ലേഡി ചാറ്റര്‍ലിയുടെ ലവര്‍ നിരോധിച്ചതാണ്. മാനനഷ്ടത്തിന്റെ പേരില്‍ നിരവധി പുസ്തകങ്ങളില്‍ പിന്‍വലിക്കപ്പെട്ടു. 2013ല്‍ പ്രസിദ്ധീകരിച്ച ജിതേന്ദര്‍ ഭാര്‍ഗവയുടെ ദി ഡിസന്റ് ഓഫ് എയര്‍ ഇന്ത്യ എന്ന കൃതി മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് 2014 ജനുവരിയില്‍ ബ്ലൂംസ്ബറി പിന്‍വലിച്ചു. എന്നാല്‍ നിലവില്‍ ഇത് ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായേക്കാവുന്ന 'അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തികരവുമായ' ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച്, ദി കോംപ്ലക്‌സിറ്റി കോള്‍ഡ് മണിപ്പൂര്‍: റൂട്ട്‌സ്, പെര്‍സെപ്ഷന്‍സ് ആന്‍ഡ് റിയാലിറ്റി എന്ന പുസ്തകം 2022 നവംബറില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നിരോധിച്ചു.
ഭരണഘടനയുടെ 19(2) അനുഛേദം 'ന്യായമായ നിയന്ത്രണങ്ങള്‍' എന്ന നിബന്ധനയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു. ഇന്ത്യയുടെ പരമാധികാരം, സമഗ്രത, ഭരണകൂടത്തിന്റെ സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതു ക്രമം, മാന്യത, ധാര്‍മ്മികത, കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കല്‍ എന്നിവയാണ് ഈ നിയന്ത്രണങ്ങള്‍.
ഇത്തരം റെയ്ഡുകള്‍, നിരോധനം തുടങ്ങിയവക്ക് പുസ്തകം വായനക്കാരില്‍ എത്തുന്നത് തടയാന്‍ കഴിയില്ലെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള രാഷ്ട്രീയ നിരീക്ഷകന്‍ നൂര്‍ അഹമ്മദ് ബാബ പറഞ്ഞു. 2019ന് ശേഷം ജമ്മുകശ്മീരില്‍ നടപ്പാക്കുന്ന നയങ്ങളുടെ ഭാഗമായി, സുരക്ഷാ കാരണങ്ങളാല്‍ ചില സ്വാതന്ത്ര്യങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണെന്ന് നൂര്‍ അഹമ്മദ് ബാബ പറയുന്നു.
''ഡിജിറ്റല്‍ യുഗത്തില്‍, ഈ നിരോധനങ്ങള്‍ പ്രതീകാത്മകമാണ്. മിക്ക പുസ്തകങ്ങളും ഓണ്‍ലൈനില്‍ എളുപ്പത്തില്‍ ലഭ്യമാണ്.... യഥാര്‍ത്ഥ ആഘാതം പ്രധാനമായും മാനസികവും സാമ്പത്തികവുമാണ്, പ്രാദേശിക പുസ്തക വില്‍പ്പനക്കാര്‍ക്ക് നഷ്ടമുണ്ടാവുന്നു.''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിന്റെ ബൗദ്ധികവും ചരിത്രപരവുമായ ആഖ്യാനത്തെ നിയന്ത്രിക്കാനുള്ള മനഃപൂര്‍വമായ തന്ത്രത്തെ പ്രതിഫലിപ്പിക്കുന്നതാണ് റെയ്ഡുകളെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള കോളമിസ്റ്റും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ വക്താവുമായ താഹിര്‍ സയീദ് പറഞ്ഞു.
''ഇത്തരം പ്രവൃത്തികള്‍ ഭരണകൂടത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്നതോ ബദല്‍ പ്രത്യയശാസ്ത്ര വീക്ഷണങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോ ആയ ആഖ്യാനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു.
പുസ്തക കടക്കാരുടെ നിശബ്ദത ഭയം വ്യാപകമാണെന്ന് വെളിപ്പെടുത്തുന്നു. ഇത് ആവിഷ്‌കാരത്തില്‍ ഭയാനകമായ പ്രത്യാഘാതമുണ്ടാക്കുന്നു.''-താഹിര്‍ സയീദ് പറയുന്നു.
കശ്മീര്‍ പോലിസ് കണ്ടുകെട്ടിയ ഖിലാഫത്ത് ഔര്‍ മുലൂക്കിയത്ത് പോലുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്.
ആദ്യ റെയ്ഡ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അതേ ദിവസം, ഉച്ചകഴിഞ്ഞ് 3 മണിയോടെ, സമീപത്തുള്ള രണ്ട് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ലൗല്‍ ചൗക്കിലെ പുസ്തകശാലയിലെത്തി. അവര്‍ കട നിരീക്ഷിച്ചു. ഇവിടെയുള്ള എല്ലാ പുസ്തകങ്ങളും മൗലാനയുടെതാണെന്ന് തോന്നുന്നു എന്നാണ് ഒരു പോലിസുകാരന്‍ പറഞ്ഞതത്രേ. ബുക്ക്‌സ്റ്റോറുകളില്‍ നിന്ന് മൗലാനയുടെ എല്ലാ പുസ്തകങ്ങളും നീക്കം ചെയ്യാന്‍ മുകളില്‍ നിന്ന് ഉത്തരവുകള്‍ ഉണ്ടെന്നും ഒരു ലഘുലേഖ പോലും അവശേഷിക്കാന്‍ പാടില്ലെന്നുമാണ് അയാള്‍ കട ഉടമയോട് പറഞ്ഞത്.
ഭയം മൂലം റാക്കുകളില്‍ നിന്നും കൗണ്ടറുകളില്‍ നിന്നും തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ പുസ്തകങ്ങളും കടയുടമ നീക്കം ചെയ്തു. തന്റെ കടയില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളെല്ലാം കശ്മീരിലെ വിദ്യാര്‍ഥികള്‍, മത പണ്ഡിതര്‍, രാഷ്ട്രീയ ചിന്തകര്‍ തുടങ്ങിയവര്‍ക്ക് പ്രിയങ്കരമായവയാണ് എന്നാണ് ഒരു കടയുടമ പറഞ്ഞത്.
മൗലാനാ മൗദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ പരിഭാഷയായ തഫ്ഹീമുല്‍ ഖുര്‍ആന്‍ പിടിച്ചെടുത്തിട്ടില്ലെന്ന് ഒരു കടയുടമ പറഞ്ഞു. അത് ഭരണകൂടത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കരുതപ്പെടുന്നില്ല.
അനന്തരഫലം
റെയ്ഡ് കഴിഞ്ഞ് അടുത്ത ദിവസം നിരവധി പുസ്തക വില്‍പ്പനക്കാരെ പോലിസ് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിച്ചു. അവിടെ നിന്ന് ശ്രീനഗറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിലെ മജിസ്‌ട്രേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. ചെറിയ കേസാണ് എടുത്തിട്ടുള്ളതെന്നും അത്തരം പുസ്തകങ്ങള്‍ വീണ്ടും വില്‍ക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. ഇനി മുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉപദേശിച്ചു.
''ഞങ്ങളും ആരും കോടതിയെ സമീപിച്ചില്ല. ഞങ്ങളും കുടുംബങ്ങളും ആശങ്കയിലായിരുന്നു. ആ മാസം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിച്ചിരുന്നില്ല.''-ഒരു കടക്കാരന്‍ പറഞ്ഞു. പുസ്തകങ്ങള്‍ പിടിച്ചെടുത്ത ചില കടക്കാരെ പിന്നീട് മജിസ്‌ട്രേറ്റ് വിളിച്ചുവരുത്തുകയും ചെയ്തു. അത്തരം പുസ്തകങ്ങള്‍ വില്‍ക്കില്ലെന്ന് പ്രതിജ്ഞയും എടുപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ പുസ്തകങ്ങള്‍ വില്‍ക്കരുതെന്ന് പോലിസ് തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വടക്കന്‍ കശ്മീരിലെ ഒരു പുസ്തകവില്‍പ്പനക്കാരന്‍ പറഞ്ഞു.
കശ്മീരിലെ എല്ലാ പുസ്തക ശാലകളിലും റെയ്ഡ് നടത്തിയില്ലെങ്കിലും പുസ്തക വില്‍പ്പനക്കാരില്‍ അത് ഭയം ജനിപ്പിച്ചു. '' പോലിസ് എല്ലാ കടകളിലും എത്തിയില്ല. എന്നാലും അവരുടെ സന്ദേശം വ്യക്തവും ഉച്ചത്തിലുമായിരുന്നു. ഭയം പലരെയും സ്വയം സെന്‍സര്‍ ചെയ്യിപ്പിച്ചു. ഇത് ഒരുതരം പരോക്ഷ സെന്‍സര്‍ഷിപ്പാണ്, അക്കാദമിക് സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്നു. മൗലാന മൗദൂദിയുടെ കൃതികള്‍ വ്യാപകമായി അംഗീകരിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും പുസ്തകങ്ങള്‍ സൂക്ഷിക്കാനും വില്‍ക്കാനും ആരും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.''-ഒരു പുസ്തക കടക്കാരന്‍ പറഞ്ഞു.
അതേസമയം, കശ്മീരിലെ പൗരാവകാശങ്ങളെയും അക്കാദമിക് സ്വാതന്ത്ര്യത്തെയും സാഹിത്യത്തെയും തടയാനുള്ള ശ്രമമാണ് ഇതെന്നാണ് ഒരു പുസ്തക കടക്കാരന്‍ പറഞ്ഞത്. പുസ്തകങ്ങള്‍ പിടിച്ചെടുത്തത് ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതായാണ് പലരും റിപോര്‍ട്ട് ചെയ്തത്.
''വിരോധാഭാസമെന്നു പറയട്ടെ, പിടിച്ചെടുക്കലിനുശേഷം, കൂടുതല്‍ ആളുകള്‍ അതേ പുസ്തകങ്ങള്‍ക്കായി ഞങ്ങളുടെ കടയിലേക്ക് വന്നു'' അദ്ദേഹം പറഞ്ഞു. ഇത് മറ്റു പുസ്തക കച്ചവടക്കാരും സ്ഥിരീകരിച്ചു.
''വിരോധാഭാസമെന്നു പറയട്ടെ, റെയ്ഡിന് ശേഷം കശ്മീരിലുടനീളം ഈ പുസ്തകങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചു. ഈ പുസ്തകങ്ങള്‍ പ്രത്യേകമായി തിരഞ്ഞ് നിരവധി ആളുകള്‍ കടയിലേക്ക് വന്നു. കശ്മീരില്‍ പുസ്തകങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു പക്ഷേ അവ ഇപ്പോഴും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനോ ഡല്‍ഹിയില്‍ നിന്ന് വാങ്ങാനോ കഴിയും.''-അദ്ദേഹം വിശദീകരിച്ചു. പോലിസ് പിടിച്ചെടുത്ത പുസ്തകങ്ങളൊന്നും കശ്മീരി ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഡല്‍ഹി ആസ്ഥാനമായുള്ള പ്രസാധകരാണ് അവയെല്ലാം ഇറക്കിയിരിക്കുന്നത്.
കടപ്പാട്: ആര്‍ട്ടിക്കിള്‍ 14
RELATED STORIES
സ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMT