- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീനും വിഭജനവും: ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഉദയവും തകര്‍ച്ചയും (പാര്‍ട്ട്-2)

ജെറിമി സാള്‍ട്ട്
ഫലസ്തീനെ വിഭജിക്കണമെന്ന 1937ലെ പീല്‍ കമ്മീഷന്‍ ശുപാര്‍ശ ഉപേക്ഷിച്ചതിന് ശേഷം 1946 വരെ ദ്വിരാഷ്ട്ര ആശയത്തില്‍ ബ്രിട്ടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക നീക്കങ്ങളൊന്നുമുണ്ടായില്ല. 1939ല്‍ രണ്ടാം ലോകമഹായുദ്ധം ആസന്നമായതോടെ, യുദ്ധത്തില്‍ അറബികളുടെ പിന്തുണ ഉറപ്പിക്കാന്‍, യൂറോപ്പില്‍ നിന്ന് ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തിന് നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ധവളപത്രം ബ്രിട്ടന്‍ പുറപ്പെടുവിച്ചു. അതില്‍ കുപിതരായ സയണിസ്റ്റുകള്‍ ബ്രിട്ടീഷ് സൈനികരെ കൊല്ലാനും റെയില്‍പാളങ്ങള്‍ തകര്‍ക്കാനും തുടങ്ങി.

അതേസമയം തന്നെ സയണിസ്റ്റുകള്‍ ശക്തരായ യുഎസിനോട് ചായ്‌വ് കാണിക്കാനും തുടങ്ങി. ജര്‍മനിയിലും യൂറോപ്പിലും നാസികളും ദേശീയവാദികളും വേട്ടയാടിയ ജൂതന്‍മാരോടുള്ള സഹാനുഭൂതി മുതലെടുക്കാന്‍ ലോകമഹായുദ്ധത്തിന് ശേഷം യുഎസ് പ്രസിഡന്റായ ഹാരി എസ് ട്രൂമാന്‍ ശ്രമിച്ചു. ഫലസ്തീനിലേക്ക് യൂറോപ്യന്‍ ജൂതന്‍മാര്‍ക്ക് കുടിയേറാമെന്ന് അയാള്‍ നിര്‍ദേശിച്ചു. കൊളോണിയല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അതില്‍ രോഷം പൂണ്ടു. പക്ഷെ, ഫലസ്തീനില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ നിന്ന് കൈകഴുകാനും പ്രശ്‌നപരിഹാരത്തിന്റെ ഉത്തരവാദിത്തം ഐക്യരാഷ്ട്രസഭയ്ക്ക് വിട്ടുകൊടുക്കാനും തയ്യാറെടുക്കുകയായിരുന്നു ബ്രിട്ടന്‍.
1947 അവസാനത്തോടെ, ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഫലസ്തീന്‍ കമ്മിറ്റി വിഭജനത്തിന് ശുപാര്‍ശ ചെയ്തു. അറബ് സര്‍ക്കാരുകളും ഫലസ്തീനികളും അത് പൂര്‍ണ്ണമായും നിരസിച്ചു. ഫലസ്തീനിലെ ഫലസ്തീനികളുടെ അവകാശം എടുത്തുകളയാന്‍ ഐക്യരാഷ്ട്രസഭയ്ക്ക അധികാരമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക സമ്പന്നമായ തീരദേശ മേഖല ഉള്‍പ്പെടെ ഫലസ്തീന്റെ ഭൂരിഭാഗവും ജൂത കുടിയേറ്റക്കാര്‍ക്ക് നല്‍കണമെന്ന പ്രത്യേക ഫലസ്തീന്‍ കമ്മിറ്റിയുടെ ശുപാര്‍ശ സയണിസ്റ്റുകള്‍ സ്വാഭാവികമായും അംഗീകരിച്ചു, യൂറോപ്പില്‍ നിന്നെത്തിയ അവര്‍ക്ക് ഫലസ്തീനില്‍ എന്തുകിട്ടിയാലും സന്തോഷമായിരുന്നു. 1947 നവംബറില്‍ ഫലസ്തീന്‍ വിഭജനപദ്ധതി യുഎന്‍ പൊതുസഭയില്‍ എത്തി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് അത് പാസാക്കി.
ഇവിടെ ഓര്‍ക്കേണ്ട ഏറ്റവും പ്രധാന കാര്യം അതൊരു യുഎസ് വോട്ടെടുപ്പായിരുന്നു എന്നതാണ്, പേരില്‍ മാത്രമായിരുന്നു അത് യുഎന്‍ വോട്ടെടുപ്പ്. ഫലസ്തീനെ വിഭജിക്കാനുള്ള പദ്ധതി തള്ളുക എന്ന യുഎന്‍ അംഗരാജ്യങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ക്ക് വിപരീതമാണ് നടന്നത്. ഫലസ്തീന്‍ വിഭജന പദ്ധതി തള്ളുമെന്ന് വോട്ടെടുപ്പിന് മുമ്പ് നടന്ന അഡ്‌ഹോക് കമ്മിറ്റിയില്‍ അംഗരാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. വിഭജനത്തിന് വേണ്ടി വാദിച്ച പാശ്ചാത്യരും യുഎസും പിന്നെ വോട്ടിനായി ഓട്ടം തുടങ്ങി. അതുപക്ഷെ, പരാജയപ്പെട്ടു.
എന്നാല്‍, ഹെയ്തി, ലൈബീരിയ, ഫിലിപ്പീന്‍സ് തുടങ്ങിയ ദുര്‍ബല രാജ്യങ്ങളില്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തി. പ്രത്യേക പ്ലീനറി സെഷന്‍ വിളിച്ചുചേര്‍ത്താണ് വിഭജനത്തിന് എതിരായി വോട്ടു ചെയ്യുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്ത 17 രാജ്യങ്ങളില്‍ ഏഴു രാജ്യങ്ങളെ കൊണ്ട് വിഭജനത്തിന് അനുകൂലമായി വോട്ടുചെയ്യിച്ചത്. ഭൂരിപക്ഷം ഉറപ്പിക്കുക മാത്രമായിരുന്നു അതിന്റെ ലക്ഷ്യം.
പാശ്ചാത്യ കൊളോണിയല്‍ നുകത്തില്‍ നിന്നും സ്വതന്ത്രരായ രാജ്യങ്ങളെ കൊണ്ട് സയണിസ്റ്റ് കൊളോണിയല്‍ പദ്ധതിക്ക് അനുകൂലമായി യുഎന്നില്‍ വോട്ട് ചെയ്യിച്ചതും ലോകം കണ്ടു. യുഎസാണ് അവരെ കൊണ്ട് ആ ക്രൂരത ചെയ്യിച്ചത്. ആ രാജ്യങ്ങളുടെ വോട്ട് നിശ്ചയിക്കാനുള്ള ചുമതല തന്റെ അഭിഭാഷകനായ ക്ലാര്‍ക്ക് ക്ലിഫോര്‍ഡിനാണ് പ്രസിഡന്റ് ട്രൂമാന്‍ നല്‍കിയിരുന്നത്.
എന്നാല്‍, യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അതില്‍ പങ്കാളിയായിരുന്നില്ല എന്നത് പ്രധാനമായ കാര്യമാണ്. പ്രസിഡന്റിന് വേണ്ടതല്ല, മറിച്ച് യുഎസ് വിദേശനയത്തിന് നല്ലതായ കാര്യങ്ങള്‍ ചെയ്യലായിരുന്നു യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ കടമ. ഫലസ്തീനില്‍ യൂറോപ്യന്‍ സയണിസ്റ്റ് കുടിയേറ്റ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണക്കുന്നത് അറബ്-മുസ്‌ലിം ലോകത്ത് യുഎസിന് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുതിര്‍ന്ന സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ആശങ്കാകുലരായിരുന്നു.
യുഎന്നിലെ തങ്ങളുടെ പ്രതിനിധികളെ അറിയിക്കാതെയാണ് 1949ല്‍ ട്രൂമാന്‍ യുഎന്നില്‍ ഇസ്രായേല്‍ രാഷ്ട്രത്തെ അംഗീകരിച്ചത്. തന്റെ തിരഞ്ഞെടുപ്പ് താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി യുഎസ് സംവിധാനത്തെ വഞ്ചിക്കാന്‍ ട്രൂമാന് കഴിഞ്ഞു. യുഎന്‍ അംഗങ്ങളുടെ യഥാര്‍ത്ഥ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായും ഫലസ്തീനികളുടെയും അറബ്, മുസ്‌ലിം സര്‍ക്കാരുകളുടെയും എതിര്‍പ്പിനെയും അവഗണിച്ച് പാസാക്കിയ 1947ലെ തീരുമാനം പിന്നീട് 1948ലെ സയണിസ്റ്റ് യുദ്ധത്തിലേക്ക് വഴിവച്ചു. അതിനുശേഷം, 1950കളില്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഗസയിലും ചുറ്റുമുള്ള അറബ് രാജ്യങ്ങളിലും സയണിസ്റ്റുകള്‍ ആക്രമണം നടത്തി. ആത്മരക്ഷ എന്ന പേരിലായിരുന്നു ആക്രമണങ്ങളെല്ലാം.
ഇസ്രായേലിനെ പൂര്‍ണമായും നിരസിച്ചിരുന്ന ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പിഎല്‍ഒ) 1967ന് ശേഷം മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും തുല്യരായി ജീവിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രം വേണമെന്ന കാഴ്ച്ചപാടിലേക്ക് മാറി. ഇസ്രായേലുമൊപ്പം മുന്നോട്ടുപോവാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. യുഎന്‍ പ്രമേയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാന്‍ ഇസ്രായേലില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ 'പാശ്ചാത്യ' സര്‍ക്കാരുകളും ശ്രമിച്ചില്ല. അങ്ങനെ എല്ലാ കുറ്റകൃത്യങ്ങളിലും ശിക്ഷ ലഭിക്കാതെ ഇസ്രായേല്‍ രക്ഷപ്പെട്ടു. എന്തു കുറ്റകൃത്യം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന് ഇസ്രായേല്‍ പഠിച്ചു. ഇപ്പോള്‍ ഗസയിലും വെസ്റ്റ്ബാങ്കിലും അങ്ങനെയാണ് അത് വംശഹത്യ നടത്തുന്നത്.
യുഎസ്, യൂറോപ്യന്‍ യൂണിയന്‍, വ്യക്തിഗത അറബ് സര്‍ക്കാരുകള്‍, ഇപ്പോള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ എന്നറിയപ്പെടുന്ന അക്കാലത്തെ ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷന്‍, അറബ് ലീഗ് തുടങ്ങി എല്ലായിടത്തുനിന്നും സമാധാന നിര്‍ദ്ദേശങ്ങള്‍ വന്നു. എന്നാല്‍, ആരാണ് നിര്‍ദ്ദേശിച്ചതെന്നോ എന്താണ് നിര്‍ദ്ദേശിച്ചതെന്നോ പരിഗണിക്കാതെ അതെല്ലാം പെട്ടെന്ന് പൊടിയായി മാറി. 1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍, അധിനിവേശ പ്രദേശമായി പാശ്ചാത്യ സര്‍ക്കാരുകള്‍ പോലും അംഗീകരിച്ച പ്രദേശങ്ങളില്‍ നിന്നും ഒരു ഇഞ്ച് പോലും സയണിസ്റ്റുകള്‍ ഫലസ്തീനികള്‍ക്ക് തിരികെ നല്‍കിയില്ല.
1977ല്‍ മെനാഹിം ബെഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇസ്രായേലില്‍ അധികാരത്തില്‍ വന്നു. യുക്രൈയ്‌നില്‍ നിന്നും ഫലസ്തീനിലെത്തി ഹഗാന എന്ന സയണിസ്റ്റ് സായുധ സംഘം രൂപീകരിച്ച വ്ളാദിമിര്‍ ജബോട്ടിന്‍സ്‌കിയെ ആരാധിച്ച മെനാഹിം ബെഗിന്‍ ഫലസ്തീനികളുടെ പരമാവധി ഭൂമി പിടിക്കണമെന്ന നിലപാടുകാരനായിരുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷം അതേ സ്വഭാവമുള്ള ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേല്‍ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. വ്ളാദിമിര്‍ ജബോട്ടിന്‍സ്‌കിയുടെ 'ഇരുമ്പ് മതില്‍' എന്ന പുസ്തകത്തില്‍ പറയുന്ന ആശയങ്ങള്‍ നെതന്യാഹുവിനെ പോലെ തന്നെ നടപ്പാക്കിയ സയണിസ്റ്റായിരുന്നു ബെഗിന്‍. ഇസ്രായേലി സര്‍ക്കാരിലെ മന്ത്രിയായ ഏരിയല്‍ ഷാരോണുമൊത്ത് ചേര്‍ന്ന് ബെഗിന്‍ 1948ന് ശേഷമുള്ള ഏറ്റവും മോശം ക്രൂരതകള്‍ ഫലസ്തീനികള്‍ക്കെതിരേ ആസൂത്രണം ചെയ്തു.
1973ലെ യുദ്ധത്തിന് ശേഷം ഈജിപ്തുമായി ഇസ്രായേല്‍ നടത്തിയ 'സമാധാന ചര്‍ച്ചകള്‍' 'സമഗ്രമായ ഒത്തുതീര്‍പ്പ്' എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 1967ലെ യുദ്ധത്തിനുശേഷം യുഎന്‍ ജനറല്‍ അസംബ്ലി പുറപ്പെടുവിച്ച 242ാം നമ്പര്‍ പ്രമേയം പ്രകാരം അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറുമെന്നാണ് ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദത്ത് വിശ്വസിച്ചത്. എന്നാല്‍, ഗോലാന്‍ കുന്നുകള്‍ അടക്കമുള്ള എല്ലാ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും പിന്‍മാറിയില്ല. ഈജിപ്തില്‍ നിന്നും പിടിച്ചെടുത്ത പ്രദേശം തിരികെ നല്‍കുന്നതിനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മാത്രമേ ബെഗിന്‍ തയ്യാറായിരുന്നുള്ളൂ. അങ്ങനെ എന്താണോ ബെഗിന് വേണ്ടിയിരുന്നത് അത് ലഭിച്ചു.
ഈജിപ്തിലെ സിനായിയില്‍ നിന്നു പിന്മാറാന്‍ ഇസ്രായേല്‍ സമ്മതിച്ചു. എന്നാല്‍, അതുണ്ടാക്കുന്ന നഷ്ടം വെസ്റ്റ്ബാങ്കില്‍ നിന്നും ഗസയില്‍ നിന്നും ഭാവിയില്‍ സ്വന്തമാക്കാന്‍ 1979ലെ ഉടമ്പടി ഇസ്രായേലിനെ സഹായിച്ചു. വെസ്റ്റ്ബാങ്കിലും ഗസയിലും 'സ്വയംഭരണ അതോറിറ്റി' തിരഞ്ഞെടുക്കുന്നതിനും ഇസ്രായേലി സൈന്യത്തെ പിന്‍വലിക്കുന്നതിനും അഞ്ച് വര്‍ഷത്തെ 'പരിവര്‍ത്തന കാലയളവ്' നിശ്ചയിച്ചിരുന്നത്.
1967ല്‍ വെസ്റ്റ്ബാങ്കില്‍ നിന്നും ഗസയില്‍ നിന്നും കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്തീനികളെ തിരിച്ചുകൊണ്ടുവരുന്നത് തീരുമാനിക്കാന്‍ ഫലസ്തീന്‍ പ്രതിനിധികളും ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവയുടെ പ്രതിനിധികളും യോഗം ചേര്‍ന്നു. അതില്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളുണ്ടായിരുന്നില്ല. പക്ഷേ, കുടിയിറക്കപ്പെട്ടവരെ തിരികെ കൊണ്ടുവന്നില്ല, 1948ല്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ തിരിച്ചുവരവിനെ കുറിച്ച് പരാമര്‍ശമുണ്ടായില്ല. അതേസമയം, കുടിയിറക്കപ്പെട്ട ഫലസ്തീനികളെയും സിറിയക്കാരെയും ഗോലാന്‍ കുന്നുകളിലേക്ക് തിരികെ കൊണ്ടുപോവുന്ന കാര്യം സിറിയക്കും ഇസ്രായേലിനും വിട്ടുകൊടുത്തു. പറയേണ്ടതില്ലല്ലോ, വംശഹത്യക്കിരയായ അവരും ഗോലാനില്‍ എത്തിയില്ല.
ഗസ കൈവിടാന്‍ ഇസ്രായേലിന് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് 1967നും 2005നും ഇടയില്‍ അവിടെ സ്ഥാപിച്ച കുടിയേറ്റ കോളനികളില്‍ നിന്ന് വ്യക്തമാണ്. അക്കാലത്തെ ഫലസ്തീനികളുടെ പ്രധാന ഏജന്‍സിയായ പിഎല്‍ഒയെ നശിപ്പിക്കാന്‍ ബെഗിന്‍ ദൃഢനിശ്ചയം ചെയ്തു. 1982ല്‍ ലബ്‌നാനില്‍ ആക്രമണം നടത്തി 20,000 ലബ്‌നാനികളെയും ഫലസ്തീനികളെയും കൂട്ടക്കൊല ചെയ്തു. അങ്ങനെ ലബ്‌നാനില്‍ നിന്നും പുറത്തുപോവാന്‍ പിഎല്‍ഒ തീരുമാനിച്ചു.
ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന അജണ്ട 1967 ഡിസംബറില്‍ ഇസ്രായേല്‍ മുന്നോട്ടുവച്ചു. കുടിവെള്ളം മുട്ടിച്ചാല്‍ ഫലസ്തീനികള്‍ കുടിയൊഴിഞ്ഞു പോയ്‌ക്കൊള്ളുമെന്നാണ് ഇസ്രായേലി പ്രധാനമന്ത്രി ലെവി ഇഷ്‌കോള്‍ പറഞ്ഞത്. കൂടുതല്‍ ക്രൂരമായ കാര്യങ്ങള്‍ ചെയ്യാതെ വെസ്റ്റ്ബാങ്കിലെ പദ്ധതികള്‍ എളുപ്പത്തില്‍ നടപ്പാവില്ലെന്ന് അപ്പോഴേക്കും അവര്‍ക്ക് വ്യക്തമായിരുന്നു. മനസില്ലാ മനസോടെ മാത്രമാണ് ഗസയിലെ ജൂതകുടിയേറ്റ പ്രദേശങ്ങള്‍ ഇസ്രായേല്‍ വേണ്ടെന്നുവച്ചത്, പക്ഷേ ഗസ പൂര്‍ണ്ണ സൈനിക അധിനിവേശത്തില്‍ തുടര്‍ന്നു. അതുപോലെ തന്നെ ഗസയിലേക്ക് വരുന്നതോ പുറത്തേക്ക് പോവുന്നതോ ആയ എല്ലാം ഇസ്രായേല്‍ നിയന്ത്രിച്ചു.
വെസ്റ്റ്ബാങ്കിന്റെ ഭാഗമായിരുന്ന 'അറബ് ജെറുസലേം' അറബ് പരമാധികാരത്തിന് കീഴില്‍ തുടരണമെന്ന് 1978 മാര്‍ച്ച് 17ന് അന്‍വര്‍ സാദത്ത് യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ക്ക് എഴുതി. അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സ്വീകരിച്ച എല്ലാ നടപടികളും നിയപരമായി സാധുതയില്ലാത്തതാണെന്നും സാദത്ത് എഴുതി. വാസ്തവത്തില്‍, സാദത്തിന്റെ പ്രസ്താവനകളാണ് അസാധുവായി മാറിയത്.
യുഎസിന്റെ മധ്യസ്ഥതയിലാണ് 1979ല്‍ ഈജിപ്തും ഇസ്രായേലും 'സമാധാന' ഉടമ്പടി ഒപ്പുവച്ചത്. 1990കളില്‍ തുടര്‍ന്നുണ്ടായ സമാധാന പ്രക്രിയയെ ഇസ്രായേല്‍ തുരങ്കം വച്ചുകൊണ്ടിരുന്നു. 2000ല്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ് ഡേവിഡ് 'സമാധാന ഉച്ചകോടി'യില്‍ ഇസ്രായേലി പ്രധാനമന്ത്രി എഹുദ് ബരാക് വാഗ്ദാനം ചെയ്തതായി പറയപ്പെടുന്ന 97 ശതമാനം പ്രദേശങ്ങളും ഇസ്രായേലികളും അവരുടെ വിദേശ ലോബിയിസ്റ്റുകളും നിരസിച്ചു.
ജെറുസലേമിന്റെ കിഴക്കന്‍ മുന്‍സിപ്പല്‍ അതിര്‍ത്തികള്‍ അബു ദിസ് ഗ്രാമത്തിലേക്ക് കൂടി എഹുദ് ബരാക് വികസിപ്പിച്ചു. അവിടെയായിരുന്നു ഫലസ്തീന്റെ തലസ്ഥാനമുണ്ടാവേണ്ടിയിരുന്നത്, കിഴക്കന്‍ ജെറുസലേമല്ല.
വാസ്തവത്തില്‍, എഹുദ് ബരാക് പട്ടം പറത്തുകയായിരുന്നു, ഇസ്രായേലിലെ അയാളുടെ പിന്തുണ ഇടിഞ്ഞു, അയാള്‍ നിര്‍ദ്ദേശിക്കുന്നത് നെസെറ്റ് അംഗീകരിക്കാന്‍ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. 2001ല്‍ അയാള്‍ അധികാരത്തില്‍ നിന്നും പുറത്തായി.
യാസര്‍ അറാഫത്തില്‍ നിന്ന് പരമാവധി പിഴിഞ്ഞെടുത്ത ശേഷം, ഇസ്രായേല്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു. റാമല്ലയില്‍ തടവുകാരനായി തുടര്‍ന്ന അറഫാത്ത് 2004ല്‍ ഫ്രാന്‍സിലെ ഒരു ആശുപത്രിയില്‍ മരിച്ചു. 1982ല്‍ അറാഫത്തിനെ കൊല്ലാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ വളരെക്കാലം ഖേദിച്ചിരുന്ന, ഇസ്രായേലിലെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന, ബെയ്റൂത്തിലെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന ഏരിയല്‍ ഷാരോണിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ വിഷം കൊടുത്ത് കൊന്നുവെന്ന് ഏതാണ്ട് ഉറപ്പാണ്.
അറാഫത്തിന് ശേഷം മഹ്മൂദ് അബ്ബാസ് അധികാരത്തിലെത്തി. ഫലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റായി അദ്ദേഹം മുഴുവന്‍ സമയം ഇസ്രായേലുമായി സഹകരിക്കുകയായിരുന്നു. അത് ഫലസ്തീനികള്‍ക്ക് വലിയ ദോഷങ്ങള്‍ ചെയ്തു.
1967ലെ അധിനിവേശ പ്രദേശങ്ങളിലെ കുടിയേറ്റക്കാരുടെ എണ്ണം ഇസ്രായേലിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങളുടെ തെളിവായിരുന്നു. ഇപ്പോള്‍ ഏകദേശം 800,000 കുടിയേറ്റക്കാര്‍ വെസ്റ്റ്ബാങ്കിലുണ്ട്. ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയത്തെ വിശ്വസിക്കരുതെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ട്, പക്ഷേ, അതിനെ ഗൗരവത്തില്‍ എടുക്കരുതെന്നതിനുള്ള തെളിവുകള്‍ പണ്ടേ വളരെ വ്യക്തമായിരുന്നു.
ഇപ്പോള്‍ ഇസ്രായേല്‍ ലോകരാജ്യങ്ങളുടെ തലയിലിരുന്ന് ചെവികടിക്കുകയാണ്. ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയില്‍ രണ്ട് രാഷ്ട്രങ്ങള്‍ പാടില്ല എന്നതാണ് സമാധാനത്തിനുള്ള അവരുടെ ഫോര്‍മുല. ഗസയിലോ വെസ്റ്റ് ബാങ്കിലോ ഫലസ്തീനികള്‍ ഇല്ലാത്ത ഒരേയൊരു ജൂത രാഷ്ട്രം മാത്രമാണ് അവരുടെ പദ്ധതി. ഈ ഹ്രസ്വകാല പദ്ധതി വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ലോകത്തിന് ഇസ്രായേലിനോട് മടുപ്പാണ്. എല്ലാ രാജ്യങ്ങളും അവരുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ബഹിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. വരും വര്‍ഷങ്ങളില്‍ അത് കൂടുതല്‍ ശക്തമാവും. താമസിയാതെ, ഇസ്രായേലിന് എല്ലാ 'സുഹൃത്തുക്കളും' ഇല്ലാതാകും, അങ്ങനെ പൂര്‍ണ്ണമായും യുഎസിനെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് അത് എത്തും.
ഇസ്രായേല്‍ കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുമ്പോള്‍, യുഎസ് പോലും അതിനെ ഒഴിവാക്കാവുന്ന ഘട്ടത്തിലെത്താന്‍ സാധ്യതയുണ്ട്. എന്താണ് പ്രശ്‌നം, ആരാണ് അതിന് ഉത്തരവാദി എന്നൊക്കെ മനസിലാക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് പ്രയാസമായിരിക്കും. പക്ഷേ, ഒരു രാജ്യത്തിനും ഇസ്രായേലിന്റെ ഭാരം അനന്തമായി ചുമക്കാന്‍ കഴിയില്ല. അമേരിക്കന്‍ ജനത വേഗത്തില്‍ ഉണരുകയാണ്, പ്രത്യേകിച്ച് എല്ലാ വേദികളിലും ഇസ്രായേലിനെതിരെ വോട്ട് ചെയ്യുന്ന ഒരു യുവതലമുറ അവിടെയുണ്ട്.
എല്ലാ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക സഹായവും ആയുധങ്ങളും നല്‍കി ഇസ്രായേലിനെ സഹായിക്കാന്‍ യുഎസ് അല്ലാതെ മറ്റാരെങ്കിലും ഓടിവരുന്നുണ്ടോ?. ചൈനയോ റഷ്യയോ ബ്രിക്‌സ് രാജ്യങ്ങളോ ഇസ്രായേലിന് വേണ്ടി സ്വന്തം പ്രശസ്തിയും പണവും ജനങ്ങളുടെ താല്‍പര്യങ്ങളും ബലി കഴിക്കുമോ ?.ആരും അതിന് തയ്യാറല്ല. ഗസ ഭരിക്കാന്‍, ഇറാഖില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്ത യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറും ഇസ്രായേലി സഹകാരിയായ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും കൂട്ടുകൂടണമെന്ന യുഎസിന്റെ നിര്‍ദേശം, ഗൂഢാലോചന നടത്താനുള്ള ഇസ്രായേലിന്റെ 'പാശ്ചാത്യ' സഖ്യകക്ഷികളുടെ ശേഷി പോലും നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്.
ട്രംപിന്റെ ഗസ പദ്ധതിയുടെ വക്താക്കള്‍ ഗൗരവമുള്ളവരാണെന്ന് തോന്നുന്നു. മഹ്മൂദ് അബ്ബാസിന് പ്രസിഡന്റിന്റെ കൊട്ടാരം ലഭിക്കും, അതിന്റെ മുന്‍വാതില്‍ തുറക്കുന്നതിന് മുമ്പ് അയാള്‍ മരിച്ചില്ലെങ്കില്‍ മാത്രം. തനിക്ക് ലഭിക്കുന്ന ശമ്പളത്തെ ന്യായീകരിക്കാന്‍ ടോണി ബ്ലെയര്‍ ഇടക്കിടെ ജെറ്റുകളില്‍ വരും. അതേസമയം, കൊള്ളക്കാരായ ഫലസ്തീനി കുട്ടികളെ വെട്ടിക്കൊല്ലാന്‍ ഇസ്രായേലി ഫൈറ്റര്‍ ജെറ്റുകള്‍ പറക്കും. അവര്‍ ഫലസ്തീനികളെ എവിടെയെങ്കിലും പൂട്ടിയിടും, അതൊരു പ്രശ്‌നമല്ല.
ഇത് ഏറ്റവും ഡാര്‍ക്കായ ആക്ഷേപഹാസ്യത്തിന്റെ പോലും മരണമായിരിക്കും ഇത്. മരണാനന്തരം അത് എവിടേക്ക് പോകാനാണ്, മരണാനന്തര ജീവിതത്തിലേക്കല്ലാതെ?. ചാര്‍ളി ചാപ്ലിന്‍, ടോം വോള്‍ഫ്... സമയത്തിനുള്ളില്‍ നിങ്ങള്‍ മരിച്ചതില്‍ സന്തോഷിക്കൂ. നിങ്ങളെയെല്ലാവരെയും അവര്‍ മറികടന്നിരിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















