- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീനും വിഭജനവും: ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഉദയവും തകര്‍ച്ചയും (പാര്‍ട്ട്-1)

ജെറിമി സാള്‍ട്ട്
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ 1967ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ച് പ്രവഹിച്ചു കൊണ്ടിരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു സുപ്രധാന കാര്യമുണ്ട്: ഫലസ്തീന്‍ 1967 മുതല്‍ ഉള്ള കാര്യമല്ല എന്നതാണ് അത്. 1948ല്‍ സ്വന്തം മണ്ണില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികളുടെ അവകാശങ്ങള്‍ 1967 മുതല്‍ അധിനിവേശത്തില്‍ ജീവിക്കുന്ന ഫലസ്തീനികളുടെ അവകാശങ്ങള്‍ പോലെ തന്നെ പ്രധാനമാണ്. ഫലസ്തീനികള്‍ ഒരിക്കലും ഈ അവകാശങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. ചരിത്രപരമായ ഫലസ്തീനിന്റെ വിഭജനം പാശ്ചാത്യര്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പരിഹാരം മാത്രമാണ്.

ഇനി ഫലസ്തീനികള്‍ വിഭജനം അംഗീകരിച്ചാല്‍ പോലും 1948-49 കാലയളവില്‍ സയണിസ്റ്റ് സായുധസംഘങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍, 1967ല്‍ സയണിസ്റ്റുകള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ പോലെ തന്നെ നിയമവിരുദ്ധമായ അധിനിവേശത്തിലാണുള്ളത്. ഇസ്രായേല്‍ എന്ന രാജ്യത്തിന് നിലനില്‍ക്കാന്‍ അവകാശമില്ലാത്തതിന്റെ കാരണം 1948ലെ ഫലസ്തീനികളുടെ അവകാശങ്ങളാണ്.
1936 ഏപ്രിലില്‍ തുടങ്ങി ആറുമാസം നീണ്ടു നിന്ന അറബ് പൊതുപണിമുടക്കിനെ തുടര്‍ന്ന് ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ രൂപീകരിച്ച പീല്‍ കമ്മീഷന്‍ 1937ല്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് ആഹ്വാനം ചെയ്തത് മുതല്‍ ഫലസ്തീനികള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് എതിരായിരുന്നു. 1947ലും അവര്‍ അതിനെ എതിര്‍ത്തു. 1980ല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തത്വത്തില്‍ അംഗീകരിക്കേണ്ടി വന്നു. എന്നാലും ഫലസ്തീനികള്‍ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ ഉപേക്ഷിച്ചില്ല. 1948ലെ യുഎന്നിന്റെ 194ാം നമ്പര്‍ പ്രമേയം പ്രകാരം സ്വന്തം ഭൂമിയിലേക്ക് തിരിച്ചുവരാനുള്ള അവകാശത്തിനായി അവര്‍ ആവര്‍ത്തിച്ച് വാദിച്ചു.
ഫലസ്തീന്‍ രാഷ്ട്രത്തെ ഇസ്രായേല്‍ അംഗീകരിക്കാതെ ഇസ്രായേല്‍ രാഷ്ട്രത്തെ പിഎല്‍ഒ നേതാവ് യാസര്‍ അറഫാത്ത് 1993ല്‍ അംഗീകരിച്ചത് ഫലസ്തീനികള്‍ക്ക് വിനാശകരമായിരുന്നു. യാസര്‍ അറഫാത്ത് തന്റെ ട്രംപ് കാര്‍ഡ് വലിച്ചെറിയുകയും 1967ല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ പിടി ഉറപ്പിക്കാന്‍ ഇസ്രായേലിന് കൂടുതല്‍ സമയം നല്‍കുകയും ചെയ്തു.
ഇപ്പോള്‍ എല്ലാവരും പറയുന്ന ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയത്തിന് പീല്‍ കമ്മീഷന്‍ വരെ പഴക്കമുണ്ട്. എന്നാലും ചരിത്രപരമായ ഫലസ്തീനില്‍ ഉടനീളം ജൂതമേധാവിത്വ രാഷ്ട്രം സ്ഥാപിക്കുമെന്നാണ് ഇസ്രായേല്‍ പറയുന്നത്.
ഫലസ്തീനില്‍ ഒരു രാഷ്ട്രം സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് 1930കളില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം വിലയിരുത്തിയിരുന്നു. ബദല്‍ പദ്ധതി കണ്ടെത്താനാണ് ലോര്‍ഡ് പീലിനെ ചുമതലപ്പെടുത്തിയത്. യൂറോപ്പില്‍ നിന്നും ഫലസ്തീനിലേക്ക് എത്തിയ ജൂതകുടിയേറ്റക്കാരുടെ എണ്ണം നോക്കുമ്പോള്‍ ജൂത ദേശീയ ഭവനം ഒരു പരീക്ഷണം മാത്രമാവില്ലെന്ന് പറഞ്ഞാണ് കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജൂത-അറബ് സംസ്‌കാരങ്ങള്‍ക്കിടയില്‍ സംയോജനമോ സ്വാംശീകരണമോ ഉണ്ടാകില്ലെന്നും ജൂത ദേശീയ ഭവനം പകുതി ദേശീയമാകാന്‍ കഴിയില്ലെന്നുമാണ് കമ്മീഷന്‍ പറഞ്ഞത്. അതൊരു വഞ്ചനയായിരുന്നു. നൂറ്റാണ്ടുകളായി ജൂതന്മാര്‍ക്കും 'അറബ്', ഇസ്‌ലാമിക സംസ്‌കാരത്തിനും ഇടയില്‍ സംയോജനവും 'സ്വാംശീകരണവും' ഉണ്ടായിരുന്നു.
ദൈനംദിന ജീവിതത്തില്‍, ജൂതന്മാര്‍ അറബ് സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. അവരുടെ മതപരമായ ആചാരങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും ക്രിസ്ത്യാനികള്‍ അറബ് ക്രിസ്ത്യാനികള്‍ ആയിരുന്നതുപോലെ അവര്‍ അറബ് ജൂതന്മാരായിരുന്നു. എന്നാല്‍, യൂറോപ്യന്‍ സയണിസ്റ്റ് കുടിയേറ്റക്കാരുടെ കടന്നുകയറ്റത്തിനും ഫലസ്തീനില്‍ ജൂതന്‍മാരുടെ ദേശീയ ഭവനം സൃഷ്ടിക്കുന്നതിനും ജൂതരാഷ്ട്രമുണ്ടാക്കുന്നതിനും ഫലസ്തീനികള്‍ എതിരായിരുന്നു.
എന്നാല്‍, ജൂത ഏജന്‍സി ആഗ്രഹിച്ചത് പോലെ സയണിസ്റ്റുകള്‍ക്ക് വേണ്ട കാര്യം കമ്മീഷന്‍ പ്രഖ്യാപിച്ചു. '' കുടിയേറ്റത്തിന് യാതൊരു നിയന്ത്രണവും ഉണ്ടാകരുത്, കാലക്രമേണ ഫലസ്തീനില്‍ ജൂത ജനസംഖ്യ ഭൂരിപക്ഷമായി മാറുന്നത് തടയുന്ന ഒന്നും ഉണ്ടാകരുത് ... അത്തരമൊരു നയം ബലപ്രയോഗത്തിലൂടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ.''
വാസ്തവത്തില്‍ ബലപ്രയോഗം നടപ്പാക്കി കൊണ്ടിരിക്കുകയായിരുന്നു. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച ഫലസ്തീനി പ്രക്ഷോഭത്തെ ബ്രിട്ടീഷ് അധിനിവേശ സേന തകര്‍ത്തു. ഫലസ്തീനികളെ നിരായുധീകരിക്കുമ്പോള്‍ ബ്രിട്ടീഷ് സംരക്ഷണയിലുള്ള ജൂതകുടിയേറ്റ കേന്ദ്രങ്ങളിലെ സയണിസ്റ്റുകള്‍ ആയുധങ്ങള്‍ ഉപയോഗിച്ചു.
1921കള്‍ മുതല്‍ ഫലസ്തീനികള്‍ പ്രക്ഷോഭം നടത്തുന്നതിനാല്‍ വീണ്ടും പ്രക്ഷോഭം ഉണ്ടായാല്‍ പട്ടാളനിയമം നടപ്പാക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഫലസ്തീനികളുടെ നിരായുധീകരണം നടപ്പാക്കണമെന്നും ജൂതകുടിയേറ്റ കേന്ദ്രങ്ങളെ പ്രതിരോധിക്കാന്‍ പോലിസ് ശ്രമിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ശുപാര്‍ശകള്‍ സാന്ത്വന നടപടികള്‍ മാത്രമാണെന്ന് കമ്മീഷന്‍ സമ്മതിച്ചു. തങ്ങള്‍ക്ക് രോഗം ഭേദമാക്കാന്‍ കഴിയില്ലെന്നും ആഴത്തില്‍ വേരൂന്നിയ രോഗം മാറാന്‍ ശസ്ത്രക്രിയ മാത്രമാണ് ഏക മാര്‍ഗമെന്നും കമ്മീഷന്‍ പ്രതീകാത്മകായി പറഞ്ഞു.
വാസ്തവത്തില്‍, തങ്ങളുടെ സുഹൃത്തുക്കളായ അറബികളെ ബ്രിട്ടന്‍ വഞ്ചിക്കുകയായിരുന്നു. അറബ് ലോകത്ത് സ്വയംഭരണം ഉണ്ടാവാന്‍ അവര്‍ ആഗ്രഹിച്ചില്ല, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍ അല്ലെങ്കില്‍ ഗള്‍ഫ് രാജഭരണങ്ങള്‍ എന്നിവിടങ്ങളിലായാലും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലുള്ള ഭരണങ്ങളാണ് അവര്‍ ആഗ്രഹിച്ചത്.
ജൂതന്‍മാരോടുള്ള സൗഹൃദത്തിന്റെ ഭാഗമായല്ല ഫലസ്തീനില്‍ സയണിസ്റ്റ് കുടിയേറ്റ രാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. സയണിസം എന്ന ആശയത്തെ തുടക്കം മുതലെ എതിര്‍ക്കുന്നവരായിരുന്നു പല ബ്രിട്ടീഷ് മേധാവികളും. പക്ഷേ, അവരുടെ തന്ത്രപരമായ സ്വാര്‍ത്ഥതാല്‍പ്പര്യത്തില്‍ നിന്നാണ് ജൂതരാഷ്ട്രം ഉടലെടുത്തത്.
ഫലസ്തീനെ വ്യത്യസ്ഥ ക്യാംപുകളാക്കുന്നത് പ്രായോഗികമല്ലെന്ന് തോന്നിയതിനാല്‍ അവശേഷിക്കുന്ന ഏക ബദല്‍ രണ്ട് രാഷ്ട്രങ്ങളാണെന്ന് കമ്മീഷണര്‍ പ്രഖ്യാപിച്ചു. വിഭജനത്തിന്റെ തത്വം മുന്നോട്ടുവയ്ക്കുകയും അതിന് ഒരു മൂര്‍ത്തമായ രൂപം നല്‍കാതിരിക്കുകയും ചെയ്യുന്നത് നിഷ്ഫലമായിരിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
തുടര്‍ന്ന് രണ്ട് രാഷ്ട്രങ്ങള്‍ സ്ഥാപിക്കുന്നതിന് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ജോര്‍ദാന്‍ സര്‍ക്കാര്‍ എന്ന ട്രാന്‍സ്‌ജോര്‍ദാന്‍, ഫലസ്തീന്‍ അറബികള്‍, സയണിസ്റ്റുകള്‍ എന്നിവര്‍ക്കിടയില്‍ ഉടമ്പടികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഫലസ്തീന്റെ ഭാഗങ്ങള്‍ ട്രാന്‍സ്‌ജോര്‍ദാനുമായി സംയോജിപ്പിക്കും. ബാക്കിയുള്ളവ ജൂതരാഷ്ട്രമാക്കും.
ജറുസലേമിന്റെയും ബെത്ലഹേമിന്റെയും 'വിശുദ്ധി' സംരക്ഷിക്കപ്പെടേണ്ടതിനാല്‍, അവര്‍ക്കായി ഒരു നയം സ്ഥാപിക്കേണ്ടതുണ്ട്. വേര്‍തിരിക്കപ്പെട്ട ഈ പ്രദേശം നസ്‌റത്തിലേക്കും ഗലീലി കടലിലേക്കും വ്യാപിച്ചു. 'വിശുദ്ധ സ്ഥലങ്ങളുടെ' സംരക്ഷണത്തിന്റെ ചുമതല ഒരു സ്ഥിരം ട്രസ്റ്റിനായിരിക്കും. ലീഗ് ഓഫ് നാഷന്‍സ് വേണ്ടെന്നു വയ്ക്കുന്നത് വരെയോ യുഎസ് വേണ്ടെന്നു വയ്ക്കുന്നതു വരെയോ മാത്രമേ ആ ട്രസ്റ്റ് നിലനില്‍ക്കൂ. എന്നാല്‍, ലീഗ് ഓഫ് നേഷന്‍സില്‍ യുഎസ് അംഗമായിരുന്നില്ല, പക്ഷേ, ഫലസ്തീനിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതില്‍ യുഎസിന് എന്താണ് പങ്കെന്ന് വിശദീകരിച്ചില്ല.
ജൂതന്‍മാര്‍ അഥവാ യൂറോപ്യന്‍ സയണിസ്റ്റ് കുടിയേറ്റക്കാരുടെ ഭൂമിയുടെയും അറബികള്‍ 'അധിനിവേശം' ചെയ്ത ഭൂമിയുടെയും അടിസ്ഥാനത്തില്‍ ഫലസ്തീന്‍ വിഭജിക്കപ്പെടുമെന്ന് കമ്മീഷന്‍ പറഞ്ഞു. ജനസംഖ്യാ സന്തുലിതാവസ്ഥ സയണിസ്റ്റുകള്‍ക്ക് അനുകൂലമായി മെച്ചപ്പെടുന്നതുവരെ തിബീരിയാസ്, സഫാദ്, ഹൈഫ, ഏക്കര്‍ എന്നീ 'മിശ്ര പട്ടണങ്ങള്‍' ഒരു നിശ്ചിത സമയത്തേക്ക് നിര്‍ബന്ധിത ഭരണത്തിന് കീഴിലാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. യൂറോപ്പില്‍ നിന്നുള്ള സയണിസ്റ്റ് കുടിയേറ്റക്കാരുടെ കടന്നുവരവ് ഉണ്ടായിരുന്നിട്ടും ഗണ്യമായ മുസ്‌ലിം, ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ജാഫ, അറബ് രാജ്യത്തിന്റെ ഭാഗമാകണമെന്നും കമ്മീഷന്‍ പറഞ്ഞു.
ഫലസ്തീനിന്റെ പ്രതിശീര്‍ഷ വരുമാനത്തില്‍ 'അറബികളെ'ക്കാള്‍ കൂടുതല്‍ 'ജൂതന്മാര്‍' സംഭാവന ചെയ്യുന്നുണ്ടെന്നും ജൂത രാഷ്ട്രം സൃഷ്ടിക്കുന്നത് ജൂതന്‍മാരെ 'ബാധ്യതയില്‍' നിന്ന് മോചിപ്പിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് കീഴിലുള്ള നികുതി ഒരു പ്രത്യേക ഗവേഷണ മേഖലയാണ്. എന്നാല്‍, ഫലസ്തീന്‍ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും ഉല്‍പാദനക്ഷമമായ മേഖലയായ കാര്‍ഷിക മേഖലയില്‍, 1944 വരെ മുസ്‌ലിംകളും ക്രിസ്ത്യാനികളും പ്രബലരായിരുന്നു.
1944ല്‍ വരുമാനമായി ലഭിച്ച 28,237,000 ഫലസ്തീന്‍ പൗണ്ടുകളില്‍ 19,500,000വും ഫലസ്തീന്‍ മേഖലയില്‍ നിന്നാണ് ലഭിച്ചത്. കമ്മീഷന്റെ 'പ്രതിശീര്‍ഷ വരുമാനം' എന്ന പ്രയോഗം മൊത്തത്തിലുള്ള ചിത്രം വളച്ചൊടിക്കുന്നതാണ്. കാരണം ഫലസ്തീന്‍ തൊഴില്‍ സേന സയണിസ്റ്റ് തൊഴില്‍ സേനയേക്കാള്‍ സംഖ്യാപരമായി വളരെ വലുതാണെങ്കിലും, അതില്‍ ഭൂരിഭാഗവും താഴ്ന്ന വേതനം ലഭിക്കുന്ന കാര്‍ഷിക തൊഴിലാളികളായിരുന്നു.
സയണിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ ജൂതന്‍മാര്‍ വാങ്ങിയ ഭൂമിയുടെ അടിസ്ഥാനത്തില്‍ വിഭജനം സാധ്യമാവില്ലെന്നാണ് കമ്മീഷന്‍ പറഞ്ഞത്. കാരണം വളരെ കുറച്ച് ഭൂമി മാത്രമാണ് അവരുടെ കൈവശമുണ്ടായിരുന്നത്. പീല്‍ കമ്മീഷന്‍ തയ്യാറാക്കിയ ഭൂപടം പ്രകാരം ജൂതപ്രദേശം ഫലസ്തീന്റെ 30 ശതമാനമായിരുന്നു. കാര്‍ഷികമായി സമ്പന്നമായ തീരദേശ മേഖലയുടെ ഭൂരിഭാഗവും അതില്‍ ഉള്‍പ്പെട്ടു.
ഒടുവില്‍, ഏറ്റവും സെന്‍സിറ്റീവ് ആയ ചോദ്യം കമ്മീഷന്‍ കൈകാര്യം ചെയ്തു. കഴിഞ്ഞ ദശകത്തില്‍ നിരവധി ജൂതന്‍മാര്‍ യൂറോപ്പില്‍ നിന്നും എത്തിയിട്ടും സയണിസ്റ്റ് കുടിയേറ്റക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫലസ്തീനികളുടെ ജനസംഖ്യ വളരെ വലുതാണ്. അതിനാല്‍, വിഭജനം ഫലപ്രദമാകണമെങ്കില്‍ എത്രയും വേഗം ഭൂമി കൈമാറ്റവും ജനസംഖ്യാ കൈമാറ്റവും നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
അക്കാലത്തെ ഫലസ്തീനിലെ ജനസംഖ്യയില്‍ 8,83,446 ഫലസ്തീനി മുസ്‌ലിംകളും 1,10,869 ഫലസ്തീനി ക്രിസ്ത്യാനികളും 3,95,836 ജൂതന്‍മാരുമാണ് ഉണ്ടായിരുന്നത്. ജൂതന്‍മാരില്‍ ഭൂരിഭാഗവും 1880കള്‍ മുതല്‍ യൂറോപില്‍ നിന്ന് എത്തിയവരാണ്. അവരില്‍ ഭൂരിപക്ഷവും എത്തിയത് പത്തുകൊല്ലം മുമ്പുമായിരുന്നു.
1931 മുതല്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ സെന്‍സസ് നടന്നിട്ടില്ല, എന്നാല്‍ ഒരു 'ഏകദേശ കണക്കനുസരിച്ച്', ജൂത രാഷ്ട്രത്തിനായി നീക്കിവച്ചിരിക്കുന്ന പ്രദേശത്ത് ഏകദേശം 225,000 'അറബികള്‍' താമസിച്ചിരുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ 'അറബ്' രാഷ്ട്രത്തിനായി വിഭജിക്കപ്പെടുന്ന പ്രദേശത്ത് ഏകദേശം 1,250 ജൂതന്മാര്‍ മാത്രമേ താമസിച്ചിരുന്നുള്ളൂ.
സയണിസ്റ്റുകള്‍ക്ക് നല്‍കേണ്ട ഭൂമിയിലെ ഫലസ്തീനികളുടെ സാന്നിധ്യമാണ് വിഭജനത്തിന്റെ വിജയത്തിന് ഏറ്റവും ഗുരുതരമായ 'തടസ്സം' സൃഷ്ടിച്ചത്. ജൂതവാസസ്ഥലങ്ങള്‍ ശുദ്ധവും അന്തിമവുമാകണമെങ്കില്‍ ഈ പ്രശ്‌നം ധൈര്യപൂര്‍വ്വം നേരിടുകയും ദൃഢമായി കൈകാര്യം ചെയ്യുകയും വേണമെന്ന് കമ്മീഷന്‍ പറഞ്ഞു. ജൂത രാഷ്ട്രത്തിനായി നീക്കിവച്ചിരിക്കുന്ന പ്രദേശത്ത് നിന്ന് ഫലസ്തീനികളെ മാറ്റുക എന്നതാണ് കമ്മീഷന്റെ ആവശ്യം. ജെറുസലേം, ഹൈഫ തുടങ്ങിയ നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഭൂമിയുടെ ഭൂരിഭാഗവും ഫലസ്തീനികളുടെ കൈവശമാണെങ്കിലും കൃഷി ചെയ്യാത്ത, ഭൂമിയില്ലാത്ത സയണിസ്റ്റുകള്‍ പ്രദേശത്ത് കൂടുതലായിരുന്നു.
1922ലെ ഗ്രീക്ക്-ടര്‍ക്കിഷ് ജനവിഭാഗങ്ങളുടെ കൈമാറ്റം, ജനങ്ങളെ 'കൈമാറ്റം' നടത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായി കമ്മീഷന്‍ ഉയര്‍ത്തിക്കാട്ടി. തലമുറകളായി താമസിച്ചിരുന്ന ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടതില്‍ ഗ്രീക്കുകാരും തുര്‍ക്കിക്കാരും അനുഭവിച്ച ആഘാതത്തെക്കുറിച്ച് കമ്മീഷന്‍ പരാമര്‍ശിച്ചില്ല. അറബ് രാഷ്ട്രത്തിനായി നീക്കിവച്ച പ്രദേശത്ത് 1,250 ജൂതന്‍മാര്‍ മാത്രമേ ഉള്ളൂ എന്നതിനെ പ്രദേശത്ത് അറബികള്‍ വളരെ കൂടുതലാണെന്നാണ് കമ്മീഷന്‍ വ്യാഖ്യാനിച്ചത്. ജൂതന്‍മാര്‍ ഒഴിഞ്ഞുപോവുന്ന ഭൂമിയില്‍ അറബികളെ പുനരധിവസിപ്പിക്കാമെങ്കിലും എല്ലാവരുടെയും പുനരധിവാസത്തിന് വളരെയധികം ഭൂമി ആവശ്യമായി വരുമെന്നും കമ്മീഷണന്‍ പറഞ്ഞു. അങ്ങനെ ഫലസ്തീന് പുറത്തേക്ക് ജനങ്ങളെ തള്ളുന്നതിനുള്ള ഒരു സ്ഥലമായി തിരഞ്ഞെടുത്തത് ട്രാന്‍സ്‌ജോര്‍ദാനെ ആയിരുന്നു.
കമ്മീഷന്‍ ഇങ്ങനെ പറഞ്ഞു. ''ഈ നിര്‍ദ്ദേശം വിജയിക്കണമെങ്കില്‍, അറബികള്‍ വളരെക്കാലമായി കൈവശപ്പെടുത്തിയിരുന്നതും ഒരിക്കല്‍ ഭരിച്ചിരുന്നതുമായ പ്രദേശത്തിന്റെ പരമാധികാരത്തില്‍ നിന്ന് ഒഴിവാവാന്‍ സമ്മതിക്കണം. അതേസമയം ജൂതന്മാര്‍ അവര്‍ 'ഒരിക്കല്‍ ഭരിച്ചിരുന്ന' ഭൂമിയേക്കാള്‍ കുറഞ്ഞ അളവില്‍ തൃപ്തിപ്പെടണം, ഈ കുടിയേറ്റക്കാരോ അവരുടെ പൂര്‍വ്വികരോ ഭരിച്ചിരുന്ന കാലത്തെ കുറിച്ചല്ല ഒരിക്കല്‍ ഭരിച്ചിരുന്ന ഭൂമി എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.''
ഫലസ്തീനികള്‍ 'കൈവശപ്പെടുത്തി', 'ഒരിക്കല്‍ ഭരിച്ചു' എന്നീ പരാമര്‍ശങ്ങള്‍ പ്രദേശത്തെ ഫലസ്തീനികളുടെ പൗരാണിക സാന്നിധ്യത്തെ തുടച്ചുനീക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങള്‍ പ്രതിഫലിപ്പിച്ചു. എന്നാല്‍, ജൂതന്‍മാര്‍ക്ക് പൗരാണികമായ അവകാശങ്ങള്‍ സ്ഥാപിക്കാനും കമ്മീഷന്‍ ശ്രമിച്ചു.
യൂറോപ്യന്‍ ജൂതന്മാരുടെ ദുരിതം ലഘൂകരിക്കുന്നതിന്റെ ഗുണം കണക്കിലെടുക്കുമ്പോള്‍, വിഭജനത്തിന്റെ ചെലവ് അറബ് ഔദാര്യത്തിന് വഹിക്കാന്‍ കഴിയുന്നതിലും കൂടുതലായിരിക്കുമോ എന്ന് കമ്മീഷന്‍ ചോദിച്ചു. ആ ചോദ്യം കേള്‍ക്കുമ്പോള്‍ 1905 ലെ ഏലിയന്‍സ് ആക്റ്റ് ഓര്‍മ്മ വരുന്നു. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ജൂത അഭയാര്‍ത്ഥികളുടെ ബ്രിട്ടനിലേക്കുള്ള പ്രവേശനം തടയാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബാല്‍ഫര്‍ നടത്തിയ ശ്രമവും ഓര്‍മ്മ വരുന്നു.
പിന്നീട് 1938ല്‍ ഇവിയന്‍ സമ്മേളനം നടക്കുന്നു. അതില്‍ ബ്രിട്ടന്‍ കൂടുതല്‍ ജൂത അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. യുഎസിന്റെ മനോഭാവവും അതുതന്നെയായിരുന്നു. ഡൊമിനിക്കന്‍ റിപ്പബ്ലിക് 100,000 ജൂത അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സമ്മതിച്ചതൊഴിച്ചാല്‍ ഇവിയന്‍ സമ്മേളനത്തില്‍ ആരും ഔദാര്യം കാണിച്ചില്ല. 1938ല്‍, വിഭജനത്തിനായുള്ള പീല്‍ കമ്മീഷന്‍ ശുപാര്‍ശ ഉപേക്ഷിക്കപ്പെട്ടു. 1947 വിഭജന പദ്ധതിയില്‍ 'ദ്വിരാഷ്ട്ര പരിഹാരം' വീണ്ടും ഉയര്‍ന്നുവന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















