Big stories

ജൂതന്‍മാര്‍ എന്തിന് 'തിരഞ്ഞെടുക്കപ്പെട്ടവരാണ്' ?

ജൂതന്‍മാര്‍ എന്തിന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ?
X

ജെറിമി സാള്‍ട്ട്

വടക്കന്‍ ഗസയിലെ തന്റെ വീടിന് സമീപത്തെ അഞ്ച് നിലയുള്ള കെട്ടിടത്തില്‍ സയണിസ്റ്റ് സൈന്യം ബോംബിട്ടെന്ന് പറയാന്‍ ഒരു സുഹൃത്ത് വിളിച്ചിരുന്നു. നിറയെ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ആ കെട്ടിടത്തിലുണ്ടായിരുന്നു. ഹമാസിനെ നേരിടാന്‍ കൂട്ടക്കൊല നടത്തേണ്ടി വരുകയാണെന്ന് ഇസ്രായേല്‍ ന്യായവാദം ഉന്നയിക്കുകയാണെങ്കില്‍, അവിടെയുണ്ടായിരുന്നവരാരും ഹമാസുമായി ബന്ധമുള്ളവരായിരുന്നില്ല എന്ന കാര്യം നാം അറിയണം. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും 17 മൃതദേഹങ്ങള്‍ ലഭിച്ചു. ബാക്കിയുള്ളവ ലഭിക്കാന്‍ സാധ്യതയില്ല. അവ മൂടപ്പെട്ടു കഴിഞ്ഞു.

ഒരു കാലത്ത് ഇത്തരമൊരു ആക്രമണം ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകള്‍ക്ക് കാരണമാവുമായിരുന്നു. കഴിഞ്ഞ 20 മാസത്തില്‍ ഇസ്രായേല്‍ ഇത്തരത്തിലുള്ള ആയിരക്കണക്കിന് കൂട്ടക്കൊലകള്‍ ചെയ്തതിനാല്‍ അവയ്ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു.

അതിക്രമങ്ങളിലെ ക്രൂരത കൂടുമ്പോള്‍, കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുമ്പോള്‍, ഓരോ അതിക്രമവും ചെറുതായ പോലെ തോന്നും. അവയുടെ ഭീകരത ചുരുക്കപ്പെടുകയും മാധ്യമങ്ങള്‍ അവയെ കുറിച്ച് പരാമര്‍ശിച്ചു മാത്രം പോവുകയും ചെയ്യും.

എന്തുകൊണ്ടാണ് ഇസ്രായേല്‍ ഈ കെട്ടിടത്തില്‍ ബോംബിട്ടത് ? ജില്ലയില്‍ ബാക്കിയുണ്ടായിരുന്ന ഉയരമുള്ള ഒരേയൊരു കെട്ടിടമായിരുന്നു അതെന്നതാവാം കാരണം. അത് മതിയായ കാരണമാണ്. മാത്രമല്ല, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇസ്രായേല്‍ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യരും അതിലുണ്ടായിരുന്നു.

ഗസയിലെ ജനസംഖ്യ ഇപ്പോള്‍ 1.8 ദശലക്ഷമാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2023ല്‍ അത് 2.3 ദശലക്ഷമായിരുന്നു. ഇസ്രായേലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകളേക്കാള്‍ എത്രയോ വലുതാണ് ജനസംഖ്യയിലെ ഈ വിടവെന്നു നോക്കുക.

വൈദ്യസഹായമോ ഭക്ഷണമോ നല്‍കിയാലും ആന്തരിക അവയവങ്ങള്‍ പഴയസ്ഥിതിയിലേക്ക് വരാത്ത അത്രയും പട്ടിണിയിലാണ് മരിക്കാത്തവര്‍ ജീവിക്കുന്നത്. ഇനി അവര്‍ അതിജീവിക്കുകയാണെങ്കില്‍ തന്നെ ജീവിതം തടങ്കല്‍ പാളയത്തിന്റെ വേലിക്ക് പിന്നിലായിരിക്കും. അവര്‍ക്ക് അവിടെ നിന്ന് പുറത്തുകടക്കാനാവില്ല.

നിരന്തരമായ ഈ ക്രൂരതകള്‍ കണ്ട് മസ്തിഷ്‌കം തകര്‍ന്ന ലോകത്തെ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് അറിയില്ല. അവര്‍ക്ക് ഇനിയും അതൊന്നും കാണാന്‍ കഴിയില്ല. പക്ഷേ, ഉന്‍മൂലനം ചെയ്യപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കാനും മനുഷ്യരായി തുടരാനും കണ്ടേ തീരൂ.

അവര്‍ തങ്ങളെ കൊണ്ട് കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്: തെരുവുകളില്‍ പ്രതിഷേധിക്കുന്നു, പത്രാധിപര്‍ക്ക് കത്തുകള്‍ എഴുതുന്നു, പ്രാദേശിക ജനപ്രതിനിധികള്‍ക്ക് കത്ത് എഴുതുന്നു. ഒരു സൈക്കോപാത്തിന്റെ ഭൂഗര്‍ഭ അറയിലെ തടവുകാരെ പോലെ അവര്‍ നിസഹായരായി എല്ലാം കാണുന്നു. അവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് പകരം അവരുടെ സര്‍ക്കാരുകള്‍ വംശഹത്യാ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ആ സര്‍ക്കാരുകള്‍ സൈക്കോപാത്തിനെ പിന്തുണയ്ക്കുന്നു, അങ്ങനെ സ്വയം സൈക്കോപാത്തായി മാറുന്നു.

ഫലസ്തീനികളെ പ്രതിരോധിക്കാന്‍ പരമാവധി ശ്രമിക്കുന്നവര്‍ക്ക്, പിശാചുക്കളായ കുറ്റവാളികളെ വിളിക്കാനും ശപിക്കാനുമുള്ള വാക്കുകള്‍ തീര്‍ന്നുപോയിരിക്കുന്നു. അതേ, നമ്മള്‍ അവരെ പിശാചുക്കള്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ നാം പിശാചുക്കള്‍ എന്ന് വിളിക്കുന്ന മറ്റെല്ലാ മനുഷ്യരെയും പോലെ, അവരും മനുഷ്യരാണ്, മനുഷ്യത്വമില്ലാത്ത മനുഷ്യരാണ്, ഫലസ്തീനികളെ നശിപ്പിച്ച് മാനവകിതയെ നശിപ്പിക്കാന്‍ തീരുമാനിച്ച മനുഷ്യരാണ് അവര്‍.

വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റക്കാരുടെ ദൈവമാതാവ് എന്നറിയപ്പെടുന്ന ഡാനിയേല വീസുമായി പിയഴ്‌സ് മോര്‍ഗന്‍ അഭിമുഖം നടത്തിയിരുന്നു. ഗസയിലെ 20,000 കുട്ടികളെ ഇസ്രായേലി സൈന്യം കൊന്നതിനെ കുറിച്ച് അവരോട് പിയഴ്‌സ് മോര്‍ഗന്‍ ചോദിക്കുന്നുണ്ട്.

പിയേഴ്‌സ് മോര്‍ഗന്‍ മറുപടിക്ക് ചോദിക്കുമ്പോള്‍ അവര്‍ ചിരിക്കുകയാണ്, പുഞ്ചിരിക്കുകയാണ്, ഇളകി ചിരിക്കുകയാണ്. ആ പ്രദേശത്തെയും അവിടത്തെ ജനതയേയും എന്തും ചെയ്യാന്‍ തങ്ങള്‍ക്ക് ദൈവം അവകാശം നല്‍കിയത് പോലെയാണ് അവര്‍ ഇരിക്കുന്നത്.കുട്ടികളെ കൂട്ടമായി കൊല്ലുന്നതില്‍ അവര്‍ക്ക് ധാര്‍മിക പ്രശ്‌നമൊന്നുമില്ല. ഇസ്രായേലി സൈന്യം 40,000 പേരെ കൊന്നാലും അവര്‍ അത് കാര്യമാക്കില്ല.

വീസിന്റെ ദൈവം അവളെ പോലെ തന്നെ മനുഷ്യത്വ രഹിതമാണ്. അവളുടെ മനുഷ്യത്വരഹിതമായ ലോകത്തിനുള്ളില്‍ ഉള്ളത് ദൈവമല്ല, മറിച്ച് പിശാചാണ്. 'തിരഞ്ഞെടുക്കപ്പെട്ട ജനതയെ' ഓരോ കൊലപാതകത്തിലും കൈയ്യടിക്കാനും കൂടുതല്‍ ക്രൂരതകള്‍ ചെയ്യാനും അത് പ്രോല്‍സാഹിപ്പിക്കുന്നു.

തങ്ങളെ എന്തുകാര്യത്തിന് 'തിരഞ്ഞെടുത്തു' എന്നു 'തിരഞ്ഞെടുക്കപ്പെട്ടവര്‍' കരുതുന്നതാണ് ഇവിടത്തെ കേന്ദ്ര വിഷയം. ലോകത്തിന് വെളിച്ചം നല്‍കാനാണെന്നാണ് എശയ്യാവ് പ്രവാചകന്‍ പറഞ്ഞത്. എന്നാല്‍, ജൂത മേധാവിത്വത്തിനാണെന്നാണ് ഡാനിയേല വീസ് പറയുന്നത്.വാസ്തവത്തില്‍ നാം എല്ലാ ദിവസവും കാണുന്നത് വെളിച്ചമല്ല, മറിച്ച് ബൈബിളിലും ജൂത ഗ്രന്ഥങ്ങളിലും കാണുന്നതിന് സമാനമായ കൂട്ടക്കൊലകളും ഉന്‍മൂലനവുമാണ്.

ഇതിനാണോ ജൂതന്‍മാരെ 'തിരഞ്ഞെടുത്തത്'?. വീസിനെ സംബന്ധിച്ചടത്തോളം അതേ. നെതന്യാഹുവിനും ബെന്‍ ഗ്വിറിനും സ്‌മോട്രിച്ചിനും അങ്ങനെ തന്നെ. വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ കൊന്ന് വീടുകളും മറ്റും തട്ടിയെടുക്കുന്ന ജൂത കുടിയേറ്റക്കാര്‍ക്കും അങ്ങനെ തന്നെ. അവര്‍ ഈ പ്രവൃത്തികളെ നീതിക്കു വേണ്ടിയുള്ള പ്രവൃത്തികളായി കാണുന്നു, അവരുടെ റബിമാര്‍ അതിനെ പിന്തുണയ്ക്കുന്നു.

ഇത്തരം കാര്യങ്ങള്‍ക്ക് തങ്ങളെ 'തിരഞ്ഞെടുക്കാന്‍' യഥാര്‍ത്ഥ ദൈവത്തിന് കഴിയുമോയെന്ന് അവര്‍ ഒരിക്കലും ചോദിച്ചിരുന്നില്ല. അവരുടെ ദൈവം യഥാര്‍ത്ഥത്തില്‍ മുഖംമൂടിയിട്ട പിശാചാണ്. അത് അവരെ മുന്‍നിശ്ചയപ്രകാരമുള്ള കെണിയിലേക്ക് നയിക്കുകയാണ്. അല്ലെങ്കില്‍ അവര്‍ 'തിരഞ്ഞെടുക്കപ്പെട്ടവരല്ല', അവര്‍ ഒരു വ്യാജ ദൈവത്തെ തിരഞ്ഞെടുക്കുകയായിരുന്നു. മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്നതിനെയും വിദ്വേഷത്തെയും അക്രമത്തെയും ന്യായീകരിക്കാന്‍ അവര്‍ക്ക് വ്യാജ ദൈവം വേണമായിരുന്നു.

ചെയ്ത കാര്യങ്ങള്‍ക്ക് മനുഷ്യരുടെ കോടതികളില്‍ സമാധാനം പറയേണ്ടി വരുന്ന ഒരു സമയത്തെ കുറിച്ച് അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അവിടെ അവരെ സംരക്ഷിക്കാന്‍ ഒരു ദൈവവുമുണ്ടാവില്ല, ഒരു ദൈവത്തേയും അവര്‍ക്ക് കുറ്റപ്പെടുത്താനുമാവില്ല. അവര്‍ക്ക് കെണിയൊരുക്കിയ അവന്‍ അപ്രത്യക്ഷനായിട്ടുണ്ടാവും, അവരെ കെണിയില്‍ കുടുക്കിയത് ആലോചിച്ച് അവന്‍ ചിരിക്കുന്നുണ്ടാവും. അവന്‍ അവര്‍ക്ക് അധികാരവും മഹത്വവും വാഗ്ദാനം ചെയ്തു, അവരിലൂടെ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ചു.

ന്യൂറംബര്‍ഗ് വിചാരണയില്‍ നാസികള്‍ പറഞ്ഞത് പോലെ, ദൈവകല്‍പ്പനകള്‍ അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് അവര്‍ വാദിച്ചാല്‍ ഗുണമൊന്നുമുണ്ടാവില്ല. അവര്‍ കുറ്റം ചെയ്തവര്‍ ആയതിനാല്‍ കോടതികള്‍ അത് പരിഗണിക്കില്ല, കാരണം കുറ്റം ചെയ്തത് ദൈവമല്ല. അവര്‍ക്ക് ദൈവത്തോട് നോ പറയാമായിരുന്നു, ദൈവത്തെ ചോദ്യം ചെയ്യാമായിരുന്നു. പക്ഷേ, അവര്‍ അത് ചെയ്തില്ല. കാരണം, അവര്‍ക്ക് വേണ്ടതാണ്, അവര്‍ ആഗ്രഹിച്ചതാണ്, അവരുടെ ദൈവം നല്‍കിയിരുന്നത്.

ക്രൂരവും മനസാക്ഷിയുമില്ലാത്ത ദൈവത്തില്‍ വിശ്വസിക്കാന്‍ ഡാനിയേല വീസിനെ പോലുള്ളവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചേക്കാം. അവര്‍ക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ലേ ? എവിടെയായിരുന്നു അവരുടെ മനസാക്ഷി ?, സ്‌നേഹത്തിന്റെയും അനുകമ്പയുടെയും സന്ദേശം നല്‍കാതെ, അക്രമവും വിദ്വേഷവും മാത്രമാണ് ആ ദൈവം നിര്‍ദേശിച്ചതെന്ന് വ്യക്തമായിരുന്നില്ലേ ? വിശപ്പടങ്ങാത്ത ആ പിശാച് നിരന്തരം അക്രമങ്ങളും വിദ്വേഷവും ആവശ്യപ്പെട്ടിരുന്നില്ലേ ?

അത് അവര്‍ ചെയ്തു കൊടുത്തു. ഗസയില്‍ നിറഞ്ഞ മൃതദേഹങ്ങള്‍ ജെനിനിലും ബെയ്‌റൂത്തിലും എല്ലായിടത്തുമെത്തി. എല്ലാം അവന്റെ പേരിലായിരുന്നു. ഈ ചുമതലക്കായി തിരഞ്ഞെടുക്കപ്പെട്ടവര്‍ നശിപ്പിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കൊപ്പം നിന്ന് അഭിമാനപൂര്‍വ്വം സെല്‍ഫികള്‍ എടുത്തു. ഗസയില്‍ കൊല്ലപ്പെട്ട 20,000 കുട്ടികളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഡാനിയേലയെ ചിരിപ്പിച്ചത് ഈ ദൈവമാണ്. തലമുറകളായി ഫലസ്തീനികള്‍ ജീവിച്ചുവരുന്ന ഭൂമി തന്റേതാണെന്ന് പറയാന്‍ പോളണ്ടുകാരിയായ ഡാനിയേലക്ക് കഴിയുന്നതും അതുകൊണ്ടാണ്.

ചോദ്യത്തെ ഗൗരവത്തോടെ കാണാന്‍ ഡാനിയേലയ്ക്ക് കഴിയില്ല, ചോദ്യം അസംബന്ധമാണെന്നാണ് അവള്‍ കരുതുന്നത്. അവളുടെ അഹങ്കാരം, വിദ്വേഷം, ഫലസ്തീനികളോടും കുട്ടികളോടുമുള്ള വെറുപ്പ്, അനുകമ്പയില്ലായ്മ, ചിരി എന്നിവ നാസി തടങ്കല്‍ പാളയങ്ങളില്‍ ജൂതന്‍മാര്‍ക്ക് കാവല്‍ നിന്നിരുന്ന നാസി വനിതാ ഗാര്‍ഡുമാര്‍ക്ക് തുല്യമാണ്.

ന്യൂറംബര്‍ഗില്‍ വിചാരണ ചെയ്യപ്പെട്ട ആ ഗാര്‍ഡുമാരെ തൂക്കിക്കൊല്ലുകയാണുണ്ടായത്. മിക്കവാറും ഡാനിയേലയുടെ കാര്യത്തില്‍ അതുണ്ടാവില്ല. ഡാനിയേലയുടെ ജീവിതകാലത്ത് നീതി നടപ്പാവുകയാണെങ്കില്‍ മരണം വരെ ജയിലില്‍ അടയ്ക്കപ്പെടും.

സയണിസത്തെ കുറിച്ച് നഥാന്‍ വീന്‍സ്റ്റോക്ക് 1970ല്‍ പറഞ്ഞതു പോലെ, അവളുടെ വ്യാജ ദൈവം വ്യാജ മിശിഹായിലൂടെ അവളെ നിയന്ത്രിക്കുകയാണ്. താന്‍ ചെയ്തതിനെല്ലാം ഒരു ദിവസം കണക്കുപറയേണ്ടി വരുമെന്ന് തോന്നുകയാണെങ്കില്‍ അവള്‍ക്ക് അത് മനസിലാവും. ലോകത്തെ ശക്തരായ വ്യക്തികളും സാമ്രാജ്യങ്ങളും തങ്ങള്‍ കണക്കു പറയേണ്ട ദിവസത്തെയും തങ്ങള്‍ക്ക് ഒരു അധികാരവുമില്ലാത്ത ദിവസത്തെയും കുറിച്ച് ഓര്‍ത്തിരുന്നില്ല. പക്ഷേ, അവര്‍ കണക്ക് പറയേണ്ടി വന്നിട്ടുണ്ട്.

അതാണ് അവരുടെ ഏറ്റവും വലിയ ബലഹീനത. അത് ഡാനിയേലക്കും നെതന്യാഹുവിനും സ്‌മോട്രിച്ചിനും ബാധകമല്ല. യുഎസ് ഇല്ലെങ്കില്‍ ഇസ്രായേലിന് ഒരു ശക്തിയുമില്ല. അതിന് സ്വന്തമായി നില്‍ക്കാന്‍ ശേഷിയില്ല. യുഎസ് ഇല്ലെങ്കില്‍ അതിനെ ഇറാന്‍ നശിപ്പിക്കുമായിരുന്നു, അല്ലെങ്കില്‍ അടുത്തിടെ യുദ്ധം തുടരുമായിരുന്നു.

പശ്ചിമേഷ്യന്‍ ചരിത്രത്തിലെ നിര്‍ണായകമായ നിമിഷമായിരുന്നു അത്. സംഭവിക്കുന്നതു വരെ ആരും അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്‌ലിം ചിന്തകനായ ജമാല്‍ അല്‍ ദിന്‍ അല്‍ അഫ്ഗാനി പറഞ്ഞതു പോലെയുള്ള, ഒരു കല്ലുകൊണ്ട് തകര്‍ക്കാവുന്ന ചില്ലുകൊട്ടാരമായി ഇസ്രായേല്‍ മാറിയെന്ന് ആ യുദ്ധം തെളിയിച്ചു. മുസ്‌ലിംകള്‍ ഒരുമിക്കുകയാണെങ്കില്‍ അത് സാധ്യമാണ്.

അനൈക്യം മുസ്‌ലിംകളുടെ പ്രധാന ബലഹീനതയും ശത്രുക്കളുടെ കൈവശമുള്ള ഏറ്റവും വലിയ ആയുധവുമാണ്. എന്നിരുന്നാലും, ഗസയിലെ ഭീകരത, ലോകത്തെ മൃഗീയതയിലേക്ക് തള്ളിവിടുന്നത് തടയാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടു രൂപീകരിച്ച ധാര്‍മിക-നിയമ സംവിധാനങ്ങളിലേക്കും വിഭാഗീയ അതിര്‍ത്തികള്‍ തകര്‍ത്ത് ഒഴുകുന്നുണ്ട്. ഗസയില്‍ ഭീകരത നടപ്പാക്കുന്ന സയണിസ്റ്റ് സംവിധാനത്തെ, അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാരുകള്‍ പോലും അംഗീകരിക്കുകയും സ്വന്തം മൃതദേഹത്തില്‍ തുപ്പുകയും ചെയ്യുന്നുണ്ട്.

പശ്ചിമേഷ്യയിലെ സ്വേഛാധിപതികളും ഏകാധിപതികളും അറബ്, മുസ്‌ലിം ജനതയുടെ അഭിലാഷങ്ങളെ തള്ളി ഇസ്രായേലിന്റെ വരിയില്‍ നില്‍ക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ സഖ്യങ്ങള്‍ ഇസ്രായേല്‍ സ്വയം പ്രതിരോധിക്കുകയാണെന്ന് ന്യായീകരിക്കുന്നു. ഡാനിയേല വീസിനെ പോലെ തന്നെ അവരും കുറ്റക്കാരാണ്.

ഇസ്രായേലിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന മിഥ്യാധാരണ തകര്‍ന്നിട്ട് കാലങ്ങളായി, യഥാര്‍ത്ഥത്തില്‍ അവര്‍ ഒരിക്കലും അജയ്യരായിരുന്നില്ല. യുഎസില്‍ നിന്നുള്ള ആയുധങ്ങളില്ലാതെ യുദ്ധം ചെയ്യാമെങ്കില്‍ അവര്‍ ഇപ്പോഴും ഇറാനെതിരേ യുദ്ധം ചെയ്യുമായിരുന്നു. അവരുടെ മിഥ്യാധാരണയുടെ കാലം കഴിഞ്ഞു പോയെന്ന് ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ തെളിയിച്ചു. ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍-അതാണ് മനസിലിരുപ്പ്- സഹായത്തിന് യുഎസിന്റെ പൂര്‍ണപങ്കാളിത്തം വേണ്ടി വരും.

എന്നാല്‍, യുഎസ് തങ്ങളോട് തന്നെ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ജനതയ്ക്ക് മറ്റൊരു പശ്ചിമേഷ്യന്‍ യുദ്ധത്തിന് താല്‍പര്യമില്ല. പ്രത്യേകിച്ചും കഴിഞ്ഞ 20 മാസമായി വംശഹത്യ ടെലകാസ്റ്റ് ചെയ്യുന്ന ഒരു രാജ്യത്തിന് വേണ്ടി. ഇസ്രായേല്‍ എന്തൊക്കെ ചെയ്യുന്നു എന്നു കാണാനുള്ള ജാലകമാണ് ഗസ. അമേരിക്കന്‍ ജനത ഇപ്പോള്‍ അത് എന്നത്തേക്കാളും മനസിലാക്കുന്നുണ്ട്.

എപ്സ്റ്റീന്‍ സംഭവത്തിലൂടെയും (ജൂതനായ ജെഫ്‌റി എപ്സ്റ്റീന്‍ എന്ന വ്യവസായിയുടെ സെക്‌സ് ടേപ്പുകള്‍, ട്രംപിന് എതിരെയും ആരോപണമുണ്ട്) യുഎസിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇസ്രായേല്‍ നുഴഞ്ഞുകയറിയത് വെളിപ്പെടുന്നതിലൂടെയും ഇസ്രായേലി ചില്ലുകൊട്ടാരം തകര്‍ന്നേക്കാം.ഇസ്രായേലിന്റെ പ്രവൃത്തികള്‍ യുഎസിനുണ്ടാക്കുന്ന ദോഷത്തിലൂടെ അവരും ഇസ്രായേലും തമ്മിലുള്ള പ്രകൃതിവിരുദ്ധ ബന്ധം അവസാനിക്കാം. ആ സന്ദര്‍ഭം ഇപ്പോള്‍ മുമ്പത്തേക്കാള്‍ അടുത്താണ്. ആ സന്ദര്‍ഭം രൂപപ്പെട്ടാല്‍ ഇസ്രായേല്‍ പശ്ചിമേഷ്യയില്‍ ഒറ്റപ്പെടും. കഴിഞ്ഞ എട്ട് പതിറ്റാണ്ടായി രൂപപ്പെട്ട ക്രോധം അവര്‍ തനിയെ നേരിടേണ്ടി വരും.

കടപ്പാട്: പിസി

Next Story

RELATED STORIES

Share it