Big stories

ഗസയിലെ ഇസ്രായേലി അധിനിവേശം വിജയം കാണില്ല

ഗസയിലെ ഇസ്രായേലി അധിനിവേശം വിജയം കാണില്ല
X

റോബര്‍ട്ട് ഇന്‍ലകേഷ്

എഴുമുന്നണികളില്‍ നടത്തുന്ന ആക്രമണങ്ങളുടെ ഓരോ നിര്‍ണായക ഘട്ടങ്ങളിലും ഹമാസിനെ പരാജയപ്പെടുത്തുമെന്നോ വെടിനിര്‍ത്തല്‍ കരാറിലെത്തുമെന്നോ ഫലസ്തീനിലെ സയണിസ്റ്റ് ഭരണകൂടം പ്രഖ്യാപിച്ചു. സത്യം എന്തെന്നാല്‍, ചര്‍ച്ചയിലൂടെയുള്ള ഒരു ഒത്തുതീര്‍പ്പിലെത്താന്‍ അവര്‍ക്ക് ഉദ്ദേശ്യമില്ല. ഗസയില്‍ 'വിജയം' നേടാനുള്ള പദ്ധതിയും അവര്‍ക്കില്ല.

2023 ഒക്ടോബര്‍ അവസാനത്തില്‍, ഗസ മുനമ്പില്‍ സയണിസ്റ്റ് സംഘടനയുടെ കര അധിനിവേശത്തിന്റെ തുടക്കത്തില്‍, അവരുടെ സൈനിക നടപടികള്‍ വടക്കന്‍ ഗസയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അക്കാലത്ത് അവരുടെ പ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യം ഗസ നഗരത്തിലെ അല്‍ ശിഫാ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നു. അത് 'ഹമാസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍' ആണെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.

അക്കാലത്ത്, ആശുപത്രിക്കു കീഴില്‍ വിപുലമായ ഒരു തുരങ്ക ശൃംഖല ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. അതോടെ, ഹമാസിന്റെ ഒരു 'കമാന്‍ഡ് നോഡ്' അവിടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ധാരണയെ യുഎസ് ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ പിന്തുണയ്ക്കുന്നതായി പാശ്ചാത്യ കോര്‍പറേറ്റ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അല്‍ ശിഫാ മെഡിക്കല്‍ കോംപ്ലക്‌സിലും പരിസരത്തും നിരവധി കൂട്ടക്കൊലകള്‍ നടത്തിയതിനുശേഷം, അവകാശവാദങ്ങളെല്ലാം നുണകളാണെന്നും ആശുപത്രിക്കടിയില്‍ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങളൊന്നും നിലവിലില്ലെന്നും വ്യക്തമായി. എന്നിരുന്നാലും, മുഴുവന്‍ സൈനിക നടപടിയും നുണകളുടെ ഒരു കൂമ്പാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഹമാസിന്റേതായ ഒരു കേന്ദ്രവും അവിടെയില്ലെന്നും ഇസ്രായേലികളും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളും സമ്മതിച്ചില്ല. പകരം, സയണിസ്റ്റ് സൈന്യം വടക്കന്‍ ഗസയിലെ വംശഹത്യ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ അവര്‍ അടുത്ത പ്രധാന നുണകളിലേക്ക് നീങ്ങി.

ഹമാസിനെയോ വടക്കന്‍ ഗസയിലെ ഒരു ഡസനോളം ഫലസ്തീനി സായുധ ഗ്രൂപ്പുകളെയോ പൂര്‍ണമായി പരാജയപ്പെടുത്തുന്നതില്‍ ഇസ്രായേല്‍ വിജയിച്ചില്ല. ഒരു വലിയ പ്രഹരമെങ്കിലും ഏല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനു ശേഷം, ഹമാസിന്റെ 'യഥാര്‍ഥ ആസ്ഥാനം' ഖാന്‍ യൂനിസിലാണെന്ന പ്രചാരണം ഉയര്‍ന്നുവന്നു. 2024 ഡിസംബറില്‍, പാശ്ചാത്യ സഖ്യകക്ഷികളുടെയും അവരുടെ മാധ്യമ യന്ത്രങ്ങളുടെയും പൂര്‍ണ പിന്തുണയോടെ, ഇസ്രായേലികള്‍ ഖാന്‍ യൂനിസിനെതിരേ ആക്രമണം ആരംഭിച്ചു.

2024 ജനുവരിയില്‍ ഖാന്‍ യൂനിസിനെ ഉപരോധിച്ചശേഷം, നാസര്‍ ആശുപത്രി ആക്രമിക്കുക എന്നത് തങ്ങളുടെ അവസാന ദൗത്യമായി അവര്‍ കരുതി. ആശുപത്രിയെ ഹമാസ് ഒരു പ്രധാന താവളമായി ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രായേല്‍ വീണ്ടും അവകാശപ്പെട്ടു. ഈ സമയമായപ്പോഴേക്കും, സമീപത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളെയും ആസൂത്രിതമായി ലക്ഷ്യം വയ്ക്കാനും മെഡിക്കല്‍ ജീവനക്കാരെയും പരിക്കേറ്റവരെയും ബന്ദികളാക്കി പിടിക്കാനും കൂട്ടക്കൊലകള്‍ നടത്താനും ആശുപത്രികള്‍ക്കുള്ളില്‍ താവളങ്ങള്‍ സ്ഥാപിക്കാനും ഹമാസ് അവിടെയുണ്ടെന്ന് അവകാശപ്പെടാനും തുടങ്ങിയിരുന്നു.

ഹമാസിന്റെ പൂര്‍ണപരാജയം എന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ഇസ്രായേലിലെ സാധാരണക്കാര്‍ക്ക് പോലും ഉടന്‍ തന്നെ മനസിലായി. അപ്പോള്‍ റഫയെ ആക്രമിക്കുമെന്ന പ്രചാരണം ഇസ്രായേലി സര്‍ക്കാര്‍ അഴിച്ചുവിട്ടു. റഫയെ ആക്രമിക്കാതെ 'യുദ്ധത്തില്‍ ജയിക്കാനാവില്ല' എന്ന് ഇസ്രായേലി രാഷ്ട്രീയ നേതാക്കള്‍ പ്രതിജ്ഞയെടുത്തു. റഫയ്ക്ക് താഴെക്കൂടെ ഈജിപ്തില്‍ നിന്നും ഗസയിലേക്ക് തുരങ്കങ്ങളുണ്ടെന്നായിരുന്നു അവകാശ വാദം. ഒരു ദശാബ്ദം മുമ്പ് ഈജിപ്ത് സര്‍ക്കാര്‍ അവയെല്ലാം അടച്ചിരുന്നു എന്ന് ഇസ്രായേലിന് അറിയാത്തതല്ല.

റഫ അധിനിവേശത്തിനു മുന്നോടിയായി, പാശ്ചാത്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ വഞ്ചനാസ്വഭാവത്തിലുള്ള ഒരു വലിയ പ്രചാരണം ആരംഭിച്ചു. റഫ റെഡ് ലൈനാണെന്ന് ചൂണ്ടിക്കാട്ടിയ യുഎസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്നു വരെ വാര്‍ത്തകള്‍ വന്നു. എന്നിട്ടും തുരങ്കങ്ങളെ കുറിച്ചുള്ള തെളിവ് ഹാജരാക്കാന്‍ നെതന്യാഹുവിന് കഴിഞ്ഞില്ല.

അതിനിടയില്‍ തന്നെ 'ക്രിസ്മസ് വെടിനിര്‍ത്തല്‍', 'റമദാന്‍ വെടിനിര്‍ത്തല്‍' എന്നിവയുടെ പ്രചാരണവും ഉണ്ടായിരുന്നു, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പോലും റമദാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. പക്ഷേ, അത് ഒരിക്കലും യാഥാര്‍ഥ്യമായില്ല. വെടിനിര്‍ത്തല്‍ കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നതായി യുഎസ് സര്‍ക്കാരും പ്രചരിപ്പിച്ചു. ബൈഡന്‍ ഒരിക്കലും ഇസ്രായേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു.

മെയ് ആറിന് യുഎസിന്റെ പൂര്‍ണ പിന്തുണയോടെ നടക്കാനിരിക്കുന്ന റഫ അധിനിവേശത്തിനു മുന്നോടിയായി, രണ്ട് പ്രധാന വിവരണങ്ങള്‍ ഞങ്ങള്‍ കേട്ടു. റഫയില്‍ നിന്ന് ആളുകളെ മാറ്റുന്നത് മാനുഷിക ദുരന്തമുണ്ടാക്കുമെന്നതായിരുന്നു ആദ്യ വിവരണം. ഇത് ഹമാസിനെ തകര്‍ക്കുമെന്നും ഹമാസിന്റെ സാമ്പത്തിക ശൃംഖല തകര്‍ക്കുമെന്നതുമായിരുന്നു രണ്ടാം വിവരണം.

അധിനിവേശം ആരംഭിച്ച ഇസ്രായേലികള്‍ സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്യുകയും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് തുടര്‍ന്നു. ഹമാസ് ഇപ്പോളും സജീവമായി പ്രവര്‍ത്തിക്കുന്നു. നമുക്ക് 2024 ഒക്ടോബറില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം. അന്ന് കുപ്രസിദ്ധമായ 'ജനറല്‍സ് പ്ലാന്‍' എന്ന ഓപറേഷനെക്കുറിച്ച് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങി. വടക്കന്‍ ഗസയെ പൂര്‍ണമായും ഉപരോധിക്കുകയും ഫലസ്തീനി പോരാളികളെ പട്ടിണിയിലാക്കുകയും ചെയ്തുകൊണ്ട് ഹമാസിനെ അവസാനിപ്പിക്കാനുള്ളതായിരുന്നു ജനറല്‍സ് പ്ലാന്‍. ജനുവരിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുവരെ ഇത് തുടര്‍ന്നു.

മാര്‍ച്ച് 18ന് ഇസ്രായേലികള്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. തുടര്‍ന്ന് സാധാരണക്കാര്‍ക്കെതിരായ വംശഹത്യയുടെ തീവ്രത വര്‍ധിച്ചു. ബോംബാക്രമണത്തില്‍ വീണ്ടും വര്‍ധനയുണ്ടായി. അതോടൊപ്പം പ്രദേശത്തേക്കുള്ള എല്ലാ സഹായങ്ങള്‍ക്കും പൂര്‍ണമായ ഉപരോധം ഏര്‍പ്പെടുത്തി.

വെടിനിര്‍ത്തല്‍ ലംഘനത്തിനുശേഷം കുറച്ചു കാലത്തേക്ക്, ഇസ്രായേലി മാധ്യമങ്ങളും ഭരണകൂട ഉദ്യോഗസ്ഥരും ഹമാസിനെതിരേയുള്ള ഏറ്റവും സ്‌ഫോടനാത്മകവും അവസാനത്തെ പ്രഹരവുമാകാന്‍ പോകുന്നതുമായ ഒരു പുതിയ ഓപറേഷന്റെ ആശയം പ്രചരിപ്പിച്ചു. പുതിയ ആയുധങ്ങളെയും തന്ത്രങ്ങളെയും കുറിച്ച് അവര്‍ സംസാരിച്ചു. ഒരു ഗെയിം ചേഞ്ചര്‍ ആകാനുള്ള സൈനികനടപടിയെ ഉയര്‍ത്തിക്കാട്ടി.

മെയ് ആക്രമണത്തെ പിന്നീട് 'ഓപറേഷന്‍ ഗിഡിയന്‍ രഥങ്ങള്‍' എന്ന് വിളിച്ചു. ഗസ യുദ്ധത്തിന്റെ 'രണ്ടാം ഘട്ടം' എന്നാണതിനെ വിശേഷിപ്പിച്ചത്. ആദ്യം, ഇസ്രായേലി മാധ്യമങ്ങള്‍ അത് പ്രചരിപ്പിച്ചു. 20,000 റിസര്‍വ് സൈനികരെ ഡ്യൂട്ടിക്ക് വിളിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടുകള്‍ നല്‍കി. പിന്നീട് 60,000 പേര്‍ എന്ന് കേട്ടു. അടുത്ത ദിവസം 50,000 പേര്‍ എന്നായി. ചിലര്‍ ഗസ ആക്രമിക്കാന്‍ ഒരുലക്ഷം സൈനികരെ ഉപയോഗിക്കുമെന്ന് പോലും അവകാശപ്പെട്ടു.

പ്രധാന നഗരങ്ങളുടെയും ക്യാംപുകളുടെയും പ്രാന്തപ്രദേശങ്ങളിലേക്ക് ചെറിയ ചില കടന്നുകയറ്റങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ, ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനം നടത്തിയ മാരകമായ ആക്രമണങ്ങള്‍ അവിടെ നേരിടേണ്ടി വന്നുള്ളൂ. 'ഗിഡിയന്റെ രഥങ്ങള്‍' ഒരു ഗെയിം ചേഞ്ചറാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ, അതിനുമുമ്പുള്ള എല്ലാ ഇസ്രായേലി ഓപറേഷനുകളുടെയും ഭീരുത്വം നിറഞ്ഞ തന്ത്രം തന്നെയായിരുന്നു അത് ആവര്‍ത്തിച്ചത്.

പിന്നീട് 'ഗസ പിടിച്ചടക്കാനുള്ള' പദ്ധതികളെ കുറിച്ച് പ്രചാരണം ആരംഭിച്ചു. മുഴുവന്‍ ഗസയും കൈവശപ്പെടുത്തുമെന്നായിരുന്നു ഇസ്രായേലി മാധ്യമങ്ങള്‍ ആദ്യം പ്രചരിപ്പിച്ചത്. പിന്നീട് അത് ഗസ നഗരത്തെ കുറിച്ച് മാത്രമായി. ഗസ മുനമ്പില്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഇസ്രായേലി സൈന്യത്തിന് ഈ പദ്ധതി തലവേദനയാണ്. ഗസ നഗരം പിടിച്ചെടുക്കാന്‍ അവര്‍ക്ക് കുറഞ്ഞത് രണ്ടുലക്ഷം സൈനികരെങ്കിലും ആവശ്യമാണ്. ഇസ്രായേലി സൈനിക വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ തന്നെ അതിന് രണ്ടുമുതല്‍ അഞ്ചുവര്‍ഷം വരെ എടുക്കും.

അതിനുപുറമെ, യുദ്ധത്തിലുടനീളം ഇസ്രായേല്‍ സൈന്യം പിന്തുടര്‍ന്ന തത്ത്വങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും വിരുദ്ധമാണ് ഈ തന്ത്രം. പരിമിതമായ ആക്രമണങ്ങള്‍ ഒഴിച്ചാല്‍ ഇസ്രായേലി സൈന്യം ഒരിക്കലും ഹമാസിനെ ലക്ഷ്യം വച്ചിട്ടില്ല. ഗസയെ വാസയോഗ്യമല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചുമാറ്റുകയും വംശഹത്യ നടത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

സത്യം എന്തെന്നാല്‍, ഹമാസിനെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് ഒരു സൈനിക തന്ത്രവുമില്ല. തങ്ങളുടെ സഖ്യകക്ഷികളായ അറബ് ഭരണകൂടങ്ങള്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്ന് ഇസ്രായേലിന് പദ്ധതിയില്ല. അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ദിവസത്തിനുള്ളില്‍ ഒരു വെടിനിര്‍ത്തല്‍ സംഭവിക്കും. പക്ഷേ, അവര്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നില്ല. ഒരു ഇസ്രായേലി രാഷ്ട്രീയ നേതാവിനും ഗസ ഏറ്റെടുക്കാന്‍ ആഗ്രഹിമില്ല. അതു ചെയ്യുന്നത് ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് വഴിവയ്ക്കുമെന്ന് അവര്‍ ഭയക്കുന്നു.

അങ്ങനെ വീണ്ടും ഇസ്രായേല്‍ പഴയ ശൈലിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കരാറുകളില്‍ എത്തുക എന്ന ഉദ്ദേശ്യമില്ലാതെ ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയയ്ക്കുകയും പുതിയ സൈനികനടപടികള്‍ ആരംഭിക്കുകയും ചെയ്യുന്നു. ആത്യന്തികമായി സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നത് തുടരുകയല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യം നേടുന്നതില്‍ അവര്‍ പരാജയപ്പെടും.

ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുക, സൈനിക പോസ്റ്റുകളില്‍ നിന്ന് പുറത്തിറങ്ങി ആക്രമണങ്ങള്‍ നടത്തുക എന്നിവ ഒഴിച്ച് എല്ലാ കാര്യങ്ങളും ഇസ്രായേലി സൈന്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തോളം യുദ്ധം ചെയ്തിട്ടും ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങളെ നേരിട്ട് ആക്രമിക്കുന്നതിന്റെ ഒരു ദൃശ്യം പോലും പുറത്തുവിടാന്‍ ഇസ്രായേലി സൈന്യത്തിന് കഴിയാത്തതിന്റെ കാരണവും അതാണ്. ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ തുടങ്ങിവയ്ക്കുന്ന ആക്രമണങ്ങളില്‍ മാത്രമാണ് അവര്‍ പങ്കാളികളാവുന്നത്. ഇസ്രായേലിന് ഒരു യഥാര്‍ത്ഥ സൈന്യമില്ല. കൗമാരക്കാരെ ഭീഷണിപ്പെടുത്താന്‍ രൂപീകരിച്ച, എന്നാല്‍ കൊട്ടിഘോഷിക്കപ്പെട്ട ഒരു പോലിസ് സേന മാത്രമാണത്. അതിന് പുറകില്‍ അത്യാധുനിക ഇന്റലിജന്‍സ് സംവിധാനവും വ്യോമസേനയും ഉണ്ട് എന്നത് മാത്രമാണ് വ്യത്യാസം.

ഗസയിലെ കൂടാരങ്ങള്‍ക്കിടയില്‍ പോലും അവര്‍ വെസ്റ്റ്ബാങ്കിലെ പോലെ ചെക്ക്‌പോസ്റ്റുകള്‍ നടത്തുന്നില്ല. ലളിതമായമായി പറഞ്ഞാല്‍ അവര്‍ സൈനികജോലിക്ക് പോലും ശേഷിയുളളവരല്ല. ഗസയില്‍ സാധാരണക്കാരുടെ ഇടയില്‍ നില്‍ക്കുന്നത് പോലും ഇസ്രായേലി സൈനികരുടെ മരണങ്ങള്‍ വന്‍തോതില്‍ കൂടാന്‍ കാരണമാവും. മറ്റേതോ മുന്നണിയില്‍ വ്യോമാക്രമണം നടത്താന്‍ അവര്‍ തയ്യാറെടുക്കുന്നതിനാല്‍ ഗസ സിറ്റിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ മനശ്ശാസ്ത്ര യുദ്ധമായിരുന്നുവെന്ന് തോന്നുന്നു. വടക്കന്‍ ഗസയില്‍ അവര്‍ ആക്രമണങ്ങള്‍ നടത്തിയാല്‍ അത് സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നത് ത്വരിതപ്പെടുത്തുക മാത്രമേ ചെയ്യൂ. ഹമാസിനെ പരാജയപ്പെടുത്തുക എന്ന ആത്യന്തിക ലക്ഷ്യം ഫലം കാണാതെ തുടരും.

Next Story

RELATED STORIES

Share it